Advertisement

പ്രവര്‍ത്തന സമയത്തില്‍ ചരിത്രം കുറിച്ച് സി.ഇ.ടി; വൈജ്ഞാനിക സമൂഹത്തിന്റെ ദിശാസൂചികയെന്ന് മന്ത്രി ആര്‍ ബിന്ദു

February 16, 2023
Google News 1 minute Read

തിരുവനന്തപുരം ഗവണ്‍മെന്റ് എഞ്ചിനീയിറിംഗ് കോളജിലെ പ്രവര്‍ത്തന സമയം വര്‍ധിപ്പിച്ചത് നവവൈജ്ഞാനിക സമൂഹമെന്ന നിലയിലുള്ള കേരളത്തിന്റെ പ്രയാണത്തിന്റെ ദിശാസൂചകമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. പ്രവര്‍ത്തന സമയം ആറ് മണിക്കൂറില്‍ നിന്ന് പന്ത്രണ്ട് മണിക്കൂറായി വര്‍ധിപ്പിച്ച യാനം ദീപതം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രവര്‍ത്തനസമയം നീളുമ്പോള്‍ വിദ്യാര്‍ഥികളുടെ സര്‍ഗ്ഗാത്മകമായ ആവിഷ്‌കാരങ്ങള്‍ക്ക് ധാരാളം സമയം ലഭിക്കും. ലോകമെങ്ങുമുള്ള സര്‍വകലാശാലകളില്‍ ഈ രീതിയിലാണ് അധ്യയനം നടക്കുന്നത്. സിഇടിയുടെ മാതൃക പിന്തുടര്‍ന്നാകും അടുത്ത അധ്യയന വര്‍ഷം മുതല്‍ എല്ലാ കലാലയങ്ങളിലും പ്രവര്‍ത്തന സമയം പന്ത്രണ്ട് മണിക്കൂറാക്കുകയെന്നും മന്ത്രി പറഞ്ഞു.

പ്രവർത്തന സമയം രാത്രിവരെ നീട്ടുന്ന സംസ്ഥാനത്തെ ആദ്യ ഗവ.കോളജാണ് തിരുവനന്തപുരം എൻജിനിയറിംഗ് കോളജ് (സി.ഇ.ടി). രാവിലെ 9 മുതൽ വൈകിട്ട് 4 വരെയെന്ന പ്രവർത്തനസമയം പുതിയ പരിഷ്‌കാരത്തോടെ രാത്രി 9 വരെയാകും. എൻ.ഐ.ടി, ഐ.ഐ.ടി പോലുള്ള സ്ഥാപനങ്ങളിൽ മാത്രം പ്രവർത്തികമാക്കിയിരുന്ന മാറ്റമാണ് സി.ഇ.ടിയിലും നടപ്പാക്കുന്നത്. പെൺകുട്ടികളുടെ ഹോസ്റ്റൽ സമയം ആൺകുട്ടികളുടേതിന് തുല്യമായി രാത്രി 9.30 വരെയാക്കിയ ആദ്യത്തെ കോളജും സി.ഇ.ടിയായിരുന്നു.

ലൈബ്രറികൾ, ലാബുകൾ, ഫിസിക്കൽ എഡ്യുക്കേഷൻ സൗകര്യങ്ങൾ എന്നിവയുടെ സമയമാണ് തുടക്കത്തിൽ നീട്ടുന്നത്. പഠനസമയം വൈകിട്ട് 4വരെ തന്നെയാകും. ലൈബ്രറികൾ വൈകിട്ട് 4 വരെയും ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം 6 വരെയുമാണിപ്പോൾ പ്രവർത്തിക്കുന്നത്. സമയം നീട്ടുന്നതോടെ 5000ത്തിലേറെ വിദ്യാർത്ഥികൾക്ക് പ്രോജക്ട്, അസൈൻമെന്റ്, ഗവേഷണം തുടങ്ങിയവയ്ക്ക് സഹായകമാകും.

Story Highlights: R Bindu about CET

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here