നടൻ രാജ് കപൂറിന്റെ ബംഗ്ലാവ് വിറ്റു, ഇനി ഗോദ്‌റെജ് പ്രോപ്പർട്ടീസിന് സ്വന്തം

ഇതിഹാസ നടൻ രാജ് കപൂറിന്റെ മറ്റൊരു ചരിത്ര സ്വത്ത് കൂടി സ്വന്തമാക്കി ഗോദ്‌റെജ് പ്രോപ്പർട്ടീസ് ലിമിറ്റഡ്. രാജ് കപൂറിന്റെ മുംബൈയിലെ ബംഗ്ലാവ് വാങ്ങിയതായി കമ്പനി അറിയിച്ചു. ഈ ബംഗ്ലാവിന്റെ സ്ഥാനത്ത് ഒരു ലക്ഷ്വറി റെസിഡൻഷ്യൽ പ്രോജക്റ്റ് വികസിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഈ ഇടപാടിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല.
നിയമപരമായ അവകാശികളായ കപൂർ കുടുംബത്തിൽ നിന്നാണ് ഭൂമി വാങ്ങിയതെന്ന് കമ്പനി അറിയിച്ചു. മുംബൈയിലെ ചെമ്പൂരിലെ ഡിയോനാർ ഫാം റോഡിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിനോട് ചേർന്നാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. 2019-ൽ രാജ് കപൂറിന്റെ മറ്റൊരു വസ്തുവായ ആർകെ സ്റ്റുഡിയോ ഗോദ്‌റെജ് പ്രോപ്പർട്ടീസ് വാങ്ങി എന്നത് ശ്രദ്ധേയമാണ്.
“ഈ ഐതിഹാസികമായ പ്രോജക്റ്റ് ഞങ്ങളുടെ പോർട്ട്‌ഫോളിയോയിലേക്ക് ചേർക്കുന്നതിൽ സന്തോഷമുണ്ട്. ഈ അവസരത്തിൽ ഞങ്ങളെ വിശ്വസിച്ചതിന് കപൂർ കുടുംബത്തിന് നന്ദി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രീമിയം ഡെവലപ്‌മെന്റുകളുടെ ആവശ്യം വളരെയധികം വർദ്ധിച്ചു. ഈ പദ്ധതിയിലൂടെ ചെമ്പൂരിൽ ഞങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ കഴിയും. താമസക്കാർക്ക് ദീർഘകാല മൂല്യം സൃഷ്ടിക്കാൻ കഴിയുന്ന ഒരു മികച്ച റെസിഡൻഷ്യൽ കമ്മ്യൂണിറ്റി നിർമ്മിക്കുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും” -ഗോദ്‌റെജ് പ്രോപ്പർട്ടീസ് എംഡിയും സിഇഒയുമായ ഗൗരവ് പാണ്ഡെ പറഞ്ഞു.
“ചെമ്പൂരിലെ ഈ റെസിഡൻഷ്യൽ പ്രോപ്പർട്ടി ഞങ്ങളുടെ കുടുംബത്തിന് ചരിത്രപരമായ പ്രാധാന്യമുള്ളതും നിരവധി ഓർമ്മകൾ നിറഞ്ഞതുമാണ്. ഈ സ്ഥലത്തിന്റെ വികസനവും സമ്പന്നമായ പൈതൃകവും മുന്നോട്ട് കൊണ്ടുപോകുന്നതിന് ഗോദ്‌റെജ് പ്രോപ്പർട്ടീസുമായി ഒരിക്കൽ കൂടി സഹവസിക്കുന്നതിൽ സന്തോഷമുണ്ട്”- ചെമ്പൂർ ബംഗ്ലാവിന്റെ വിൽപ്പനയെക്കുറിച്ച് രൺധീർ കപൂർ പറഞ്ഞു.
2019-ൽ ഗോദ്‌റെജ് പ്രോപ്പർട്ടീസ് രാജ് കപൂറിന്റെ 70 വർഷം പഴക്കമുള്ള ആർകെ സ്റ്റുഡിയോ വാങ്ങിയിരുന്നു. രൺധീർ കപൂർ, ഋഷി കപൂർ, രാജീവ് കപൂർ എന്നിവരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു 2.2 ഏക്കർ ആർ.കെ സ്റ്റുഡിയോ. 1948-ൽ രാജ് കപൂർ ആർകെ സ്റ്റുഡിയോ രൂപീകരിച്ചു. ഇവിടെ നടന്ന ഗണേഷ് ഉത്സവ്, ഹോളി പാർട്ടി തുടങ്ങിയ പരിപാടികൾ ബോളിവുഡിൽ ഏറെ പ്രശസ്തമായിരുന്നു. എന്നാൽ 2017ൽ സ്റ്റുഡിയോയിലുണ്ടായ തീപിടിത്തത്തിൽ ഇതിന്റെ വലിയൊരു ഭാഗം കത്തിനശിച്ചു.
Story Highlights: Legendary Actor Raj Kapoor’s Mumbai Bungalow Acquired By Godrej Properties
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here