ത്രിപുരയിലെ കനത്ത പോളിംഗ്; 50 സീറ്റുകൾ നേടുമെന്ന അവകാശവാദത്തിൽ ഉറച്ച് ബിജെപി

ത്രിപുരയിലെ കനത്ത പോളിംഗ് നിരക്ക് തങ്ങൾക്ക് അനുകൂലമാകും എന്ന പ്രതീക്ഷയിൽ ആണ് ബിജെപിയും ഇടത് – കോണ്ഗ്രസ് നേതാക്കളും. 50 സീറ്റുകൾ നേടുമെന്ന അവകാശവാദത്തിൽ ഉറച്ചു നിൽക്കുകയാണ് ബിജെപി. എന്നാൽ ബിജെപി സർക്കാരിനെതിരായ ജനങ്ങളുടെ പ്രതികരണമാണ് പോളിംഗ് നിരക്കിൽ പ്രതിഫലിച്ചത് എന്നാണ് കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തൽ. സിപിഐഎം അവലോകന യോഗം ഇന്ന് വൈകീട്ട് അഗർത്തലയിൽ ചേരും. ( will win 50 seats in tripura says bjp )
രാത്രി ഏറെ വൈകിയാണ് ത്രിപുരയിലെ പല പോളിംഗ് കേന്ദ്രങ്ങളിലും വോട്ടെടുപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞത്. 87.63 ശതമാനമാണ് ഏറ്റവും ഒടുവിൽ കണക്കാക്കിയ പോളിംഗ് നിരക്ക്. പോസ്റ്റൽ വോട്ടുകൾ കൂടി പരിഗണിക്കുമ്പോൾ, പോളിംഗ് നിരക്ക് 90% പിന്നിടും എന്നാണ് കണക്കാക്കുന്നത്.
പോളിംഗ് വൈകിയതിനാൽ രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക അവലോകനം ഇത് വരെ പൂർത്തിയായിട്ടില്ല. പ്രധാന മന്ത്രിയടക്കം നേതൃത്വം നൽകിയ പ്രചാരണമാണ് പോളിംഗ് നിരക്ക് ഉയരൻ കാരണം ആയതെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഗോത്ര മേഖലകളിൽ തിപ്ര മോത പരിക്കേൽപിച്ചാലും, മറ്റു മേഖലകളിൽ നിന്നും കൂടുതൽ സീറ്റുകൾ നേടാൻ ആകുമെന്നാണ് ബിജെപി കണക്കാക്കുന്നത്. അടുത്തട്ടിലുള്ള സംഘടന സംവിധനം പലയിടത്തും ഇപ്പോഴില്ല എന്നത് കൊണ്ട് സിപിഐഎമ്മിന് കൃത്യമായ വിലയിരുത്തൽ ഇത്തവണ സാധ്യമല്ല.
ഇന്ന് വൈകീട്ട് അഗർത്തല ദശരത് ദേബ് ഭവനിൽ പാർട്ടി നേതൃത്വ പ്രാഥമിക അവലോകന യോഗം ചേരും. കഴിഞ്ഞ ലോക് സഭാ – തദ്ദേശ തെരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമായി തങ്ങളുടെ വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളിൽ എത്താൻ കഴിഞ്ഞതിനാൽ ജന വിധി ബിജെപിക്ക് എതിരാകും എന്നാണ് ഇടത് -കോണ്ഗ്രസ് ക്യാമ്പ് വിശ്വാസിക്കുന്നത്.
അക്രമസംഭവങ്ങൾ ഉണ്ടായെങ്കിലും പലയിടത്തും പ്രതിരോധിക്കാൻ കഴിഞ്ഞു എന്നാണ് ഇരുപാർട്ടികളുടെയും നേതൃത്വങ്ങൾ വിലയിരുത്തുന്നത്.
Story Highlights: will win 50 seats in tripura says bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here