ഇന്ത്യ – ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ്; അശ്വിൻ – അക്സർ രക്ഷാ പ്രവർത്തനത്തിൽ കരകയറി ടീ ഇന്ത്യ

ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ വീഴ്ച്ചയിൽ നിന്നും തിരികെയെത്തി ടീ ഇന്ത്യ. 150 റൺസ് കടക്കുമോ എന്ന് തോന്നിച്ച ഇന്ത്യൻ ഇന്നിംഗ്സ് എട്ടാം വിക്കറ്റിലെ അശ്വിന്റെയും അക്സർ പട്ടേലിന്റെയും മികവാർന്ന ബാറ്റിങ് പ്രകടനത്തിൽ രക്ഷപ്പെടുകയായിരുന്നു. ഒരൊറ്റ റൺസിന്റെ ലീഡ് മാത്രമേ ഓസ്ട്രേലിയയ്ക്ക് ആദ്യ ഇന്നിംഗ്സിൽ നേടാൻ കഴിഞ്ഞുള്ളൂ. ഒരു ഘട്ടത്തിൽ 139ന് എഴ് എന്ന നിലയിൽ ഇന്ത്യ തകർന്നിരുന്നു. അവിടെ നിന്നായിരുന്നു അശ്വിൻ – അക്സർ രക്ഷാ പ്രവർത്തനം. ( India v Australia 2nd Test updates ).
Read Also: ഇന്ത്യ – ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് ധരംശാലയിൽ നിന്ന് ഇൻഡോറിലേക്ക് മാറ്റി
അഞ്ച് വിക്കറ്റ് നേടി നതാൽ ലിയോണാണ് ഇന്ത്യൻ മുൻ നിരയുടെ നടുവൊടിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോഹ്ലി 44 റൺസ് നേടിയെങ്കിലും നീണ്ട ഇന്നിംഗ്സ് കളിക്കാനായില്ല. സൂര്യ കുമാർ യാദവിന് പകരം രണ്ടാം ടെസ്റ്റിൽ ഇടം നേടിയ ശ്രേയസ് അയ്യറിനും നൂറാം ടെസ്റ്റ് കളിക്കുന്ന പൂജാരയ്ക്കും കാര്യമായി തിളങ്ങാനായില്ല. ഒരു റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ രണ്ടാം ദിനത്തിലെ കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 61 റൺസ് നേടിയിട്ടുണ്ട്.
ആറ് റൺസ് നേടിയ ഉസ്മാൻ ഖവാജയുടെ വിക്കറ്റ് മാത്രമാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടപ്പെട്ടത്. മൂന്നാം ദിനം വലിയ സ്കോർ നേടി ഇന്ത്യയെ സമ്മർദത്തിലാക്കാനാകും ഓസ്ട്രേലിയയുടെ ശ്രമം. ആദ്യ ടെസ്റ്റിൽ ഇന്ത്യ ആധികാരിക ജയമാണ് ഓസ്ട്രേലിയക്കെതിരെ സ്വന്തമാക്കിയത്. നാല് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
Story Highlights: India v Australia 2nd Test updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here