പശുക്കടത്ത് ആരോപിച്ചുള്ള ഇരട്ടക്കൊലപാതക കേസ് പ്രതിയുടെ ഭാര്യയുടെ പരാതി: രാജസ്ഥാന്‍ പൊലീസിനെതിരെ കേസെടുത്തു

രാജസ്ഥാന്‍ പൊലീസിനെതിരെ കേസെടുത്ത് ഹരിയാന പൊലീസ്. പശുക്കടത്ത് ആരോപിച്ച് രണ്ട് യുവാക്കളെ കൊന്ന കേസിലെ പ്രതിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രതിയുടെ വീട്ടില്‍ രാത്രി രാജസ്ഥാന്‍ പൊലീസെത്തി അതിക്രമം നടത്തിയെന്നാണ് പരാതി.
പൊലീസ് അതിക്രമത്തില്‍ ഗര്‍ഭസ്ഥ ശിശുമരിച്ചുവെന്ന് പ്രതിയുടെ ഭാര്യ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. (Haryana Police register FIR against Rajasthan Police in bhiwani case )
പൊലീസ് വീട്ടില്‍ കയറി ആക്രമിച്ചെന്നും ഗര്‍ഭിണിയായ തന്നെ മര്‍ദിച്ചെന്നും പ്രതിയുടെ ഭാര്യ പരാതിപ്പെട്ടിരുന്നു. മര്‍ദനത്തില്‍ കുഞ്ഞ് മരിച്ചെന്നാണ് യുവതി ആരോപിക്കുന്നത്. എന്നാല്‍ ഗര്‍ഭിണിയെ മര്‍ദിച്ചെന്ന ആരോപണം രാജസ്ഥാന്‍ പൊലീസ് പൂര്‍ണമായും നിഷേധിച്ചു.
വീടിന്റെ വാതില്‍ ബലമായി തള്ളിത്തുറന്ന് അകത്തുകടന്ന പൊലീസ് ഗര്‍ഭിണിയായ യുവതിയുടെ അടിവയറ്റില്‍ മര്‍ദിച്ചെന്നാണ് പരാതി. രാത്രി വൈകിയാണ് പൊലീസെത്തിയതെന്നും വീട്ടിലെ ഉപകരണങ്ങളും തടിസാമഗ്രികളും നശിപ്പിച്ചെന്നും പ്രതിയുടെ ഭാര്യ കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച രാവിലെയാണ് ഹരിയാനയിലെ ഭിവാനി ജില്ലയില്‍ ഒരു വാഹനത്തിനുള്ളില്‍ നിന്നും കത്തിക്കരിഞ്ഞ രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വാഹനവും കത്തി നശിച്ച നിലയിലായിരുന്നു. നാട്ടുകാരില്‍ നിന്നും വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് നസീര്‍, ജുനൈദ് എന്നിവരാണെന്ന് കണ്ടെത്തി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട്.
Story Highlights: Haryana Police register FIR against Rajasthan Police in bhiwani case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here