തുർക്കി-സിറിയ ഭൂകമ്പത്തിൽ രക്ഷപ്പെടുത്തിയ കുഞ്ഞിനെ അമ്മാവൻ ദത്തെടുത്തു

തുർക്കി-സിറിയ ഭൂകമ്പത്തിൽ രക്ഷപ്പെടുത്തിയ കുഞ്ഞിന് ഓർക്കുന്നില്ലേ? ‘അയ’ എന്നാണ് കുഞ്ഞിന് അന്ന് പേര് നൽകിയത്. അറബിയിൽ ‘അത്ഭുതം’ എന്നാണ് ഈ പേരിന് അർത്ഥം. സിറിയൻ പട്ടണമായ ജെൻഡറിസിൽ മരിച്ച അമ്മയോട് പൊക്കിൾക്കൊടി ഘടിപ്പിച്ച നിലയിലാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
ഭൂകമ്പത്തിൽ കുഞ്ഞിൻ്റെ അച്ഛനും അമ്മയും സഹോദരങ്ങളും മരിച്ചു.
കുടുംബത്തെ നഷ്ടപ്പെട്ട കുഞ്ഞിന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം കുഞ്ഞിനെ പിതാവിൻ്റെ അമ്മാവൻ തന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. കൊച്ചു അയയുടെ രക്ഷാപ്രവർത്തനത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഭൂകമ്പത്തിന് ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷം കുഞ്ഞിനെ അവളുടെ അമ്മാവൻ ഖലീൽ അൽ സവാദിയും ഭാര്യയും ഇക്കഴിഞ്ഞ ശനിയാഴ്ച ദത്തെടുത്തു. മരിച്ചുപോയ അമ്മയുടെ പേരിൽ അവർ കുഞ്ഞിന് അഫ്ര എന്ന് പേരും നൽകി എന്നും സ്കൈ ന്യൂസ് റിപ്പോർട് ചെയ്യുന്നു.
“അവൾ ഇപ്പോൾ എന്റെ മക്കളിൽ ഒരാളാണ്. ഞാൻ അവളെയും എന്റെ മക്കളെയും വേർതിരിക്കില്ല. അവൾ എന്റെ മക്കളേക്കാൾ പ്രിയപ്പെട്ടവളായിരിക്കും, കാരണം അവൾ അവളുടെ അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും ഓർമ്മ നിലനിർത്തും,” ഖലീൽ അൽ സവാദി പറഞ്ഞു. ഉപജീവനത്തിനായി കാറുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സവാദിക്ക് ഇതിനകം നാല് പെൺമക്കളും രണ്ട് ആൺമക്കളും ഉണ്ട്.
Story Highlights: ‘Miracle baby’ born in rubble of Turkey-Syria earthquake gets adopted by uncle
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here