അദാനിക്കനുകൂലമായി വിക്കിപീഡിയ ലേഖനങ്ങൾ തിരുത്തി പെയ്ഡ് അക്കൗണ്ടുകൾ; തിരുത്തിയവരിൽ ‘ഭഗീരഥൻ പിള്ളയും’

ഹിൻഡൻബർഗ് റിപ്പോർട്ട് ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് രക്ഷപ്പെടാൻ കിണഞ്ഞുശ്രമിക്കെ അദാനിക്ക് വീണ്ടും തിരിച്ചടിയായി ഓൺലൈൻ എൻസൈക്ലോപീഡിയയായ വിക്കിപീഡിയയുടെ റിപ്പോർട്ട്. ചിലർ പണം വാങ്ങി വിക്കിപീഡിയ ലേഖനങ്ങളിൽ അദാനിക്കനുകൂലമായ തിരുത്തലുകൾ വരുത്തിയെന്നാണ് വിക്കിപീഡിയയുടെ റിപ്പോർട്ട്. 40ലധികം ലേഖകർ ഇത്തരത്തിൽ അദാനിക്കായി പിആർ വർക്ക് നടത്തിയെന്നും വിക്കിപീഡിയയുടെ കീഴിലുള്ള ഓൺലൈൻ പത്രമായ ദി സൈൻപോസ്റ്റും വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയും റിപ്പോർട്ട് ചെയ്യുന്നു. (wikipedia adani edit fake)
Of all things—now the Signpost, Wikipedia’s independent newspaper, is out w/ an article showing how Adani systematically manipulated its Wikipedia entries using sock puppet accounts, undisclosed paid editors & removing evidence of conflicts of interest.https://t.co/s7Yzw8rXys pic.twitter.com/UVG6dVWtfu
— Nate Anderson (@ClarityToast) February 20, 2023
‘ദി ലാർജസ്റ്റ് കോൺ ഇൻ കോർപ്പറേറ്റ് ഹിസ്റ്ററി?’ (കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകാരൻ?) എന്ന തലക്കെട്ടിലെ ലേഖനത്തിലാണ് അദാനിയ്ക്കെതിരായ വിവരങ്ങൾ ഉള്ളത്. ’40ലധികം എഡിറ്റർമാർ പണം വാങ്ങി അദാനി കുടുംബത്തിനും കുടുംബ വ്യവസായങ്ങൾക്കും അനുകൂലമായി 9 ആർട്ടിക്കിളുകൾ ഉണ്ടാക്കുകയോ തിരുത്തുകയോ ചെയ്തിട്ടുണ്ട്. അവരിൽ പലരും പല ആർട്ടിക്കിളുകളും തിരുത്തി നുണയും പക്ഷപാതപരമായ കാര്യങ്ങളും ചേർക്കുകയും ചെയ്തു. ഒരാൾ ഒരു കമ്പനിയുടെ ഐപി അഡ്രസ് ഉപയോഗിച്ച് അദാനി ഗ്രൂപ്പ് ആർട്ടിക്കിൾ സമ്പൂർണമായി തിരുത്തിയെഴുതി. ഇങ്ങനെ തിരുത്തിയവരിൽ ഒരാൾ താൻ അദാനി ഗ്രൂപ്പിലെ ജോലിക്കാരനാണെന്ന് സമ്മതിച്ചു’- സൈൻപോസ്റ്റ് പറയുന്നു.

Read Also: പ്രതിസന്ധി നേരിടാന്‍ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നത് വലിയ തന്ത്രങ്ങള്‍; തേടുന്നത് പ്രശസ്ത ക്രൈസിസ് കമ്മ്യൂണിക്കേഷന്‍ ടീമുകളുടെ സഹായം
അദാനിയുടെ പേരിലുള്ള വിക്കിപീഡിയ ആർട്ടിക്കിൾ 25 വ്യാജ അക്കൗണ്ടുകൾ വഴി തിരുത്തി. അദാനി ഗ്രൂപ്പ് ആർട്ടിക്കിൾ തിരുത്തിയത് 22 വ്യാജ അക്കൗണ്ടുകളാണ് എന്നും ആർട്ടിക്കിൾ പറയുന്നു. അദാനി ഗ്രൂപ്പ്, ഗൗതം അദാനി, ഭാര്യയും അദാനി ഫൗണ്ടേഷൻ ചെയർപേഴ്സണുമായ പ്രീതി അദാനി, മകൻ കരൺ അദാനി, കരണിൻ്റെ സഹോദരീപുത്രൻ പ്രണവ് അദാനി, അദാനി എൻ്റർപ്രൈസസ്, അദാനി ട്രാൻസ്‌മിഷൻ, അദാനി ഗ്രീൻ എനർജി, അദാനി പോർട്ട്സ് എന്നീ ആർട്ടിക്കിളുകളൊക്കെ പലതവണ പല വ്യാജ അക്കൗണ്ടുകളും തിരുത്തി. അദാനി ഗ്രൂപ്പ് ആർട്ടിക്കിൾ തിരുത്തിയ വ്യാജ അക്കൗണ്ടുകളിൽ ഒന്നിൻ്റെ പേര് ‘കൃഷ്ണവിലാസം ഭഗീരഥൻ പിള്ള’ എന്നാണ്.

എന്നാൽ താൻ അദാനിയുടെ അക്കൗണ്ട് തിരുത്തിയിട്ടില്ലെന്ന് ഭഗീരഥൻ പിള്ളയെന്ന അക്കൗണ്ടിന്റെ ഉടമ ട്വന്റിഫോറിനോട് പറഞ്ഞു.
‘ഞാനൊരു ബ്ലാസ്റ്റേഴ്‌സ് ഫാനാണ്. മഞ്ഞപ്പടയുടെ പേരിൽ വിക്കിപീഡിയ വേണമെന്ന് ഉണ്ടായിരുന്നു. അങ്ങനെ വിക്കിപീഡിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്തു. മെല്ലെ മെല്ലെ വിക്കിപീഡിയയുടെ കാര്യങ്ങൾ പഠിച്ച് വന്നു. ഒരാൾ രണ്ട് അക്കൗണ്ട് ആഡ് ചെയ്യാൻ പാടില്ലെന്ന് വിക്കിപീഡിയയുടെ നിയമം ഉണ്ടായിരുന്നു. ഇതെനിക്കറിയില്ലായിരുന്നു. ഞാൻ അക്കൗണ്ടുകൾ ഉപയോഗിച്ച് നിരവധി സിനിമാ താരങ്ങളുടെ ഉൾപ്പെടെ ആർട്ടിക്കിളുകൾ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. ഒന്നിലധികം അക്കൗണ്ടുകൾ ഉള്ളതുകൊണ്ട് എനിക്ക് ഒരു തവണ ബ്ലോക്ക് കിട്ടി. രണ്ട് വർഷം മുൻപ് ഒരിക്കൽ ഒരാൾ എന്നെ കോണ്ടാക്ട് ചെയ്തിട്ട് അദാനിയുടെ ആർട്ടിക്കിൾ ക്രിയേറ്റ് ചെയ്യാമോ എന്ന് ചോദിച്ചു. അതിന് പണവും നൽകി. അതല്ലാതെ എനിക്ക് അദാനിയുമായി ഒരു ബന്ധമില്ല. പക്ഷേ മുൻപ് അക്കൗണ്ടിന് ബ്ലോക്ക് കിട്ടിയതുകൊണ്ട് അദാനിയുടെ ആർട്ടിക്കിൾ തിരുത്തിയ അക്കൗണ്ടുകൾക്ക് ബ്ലോക്ക് കിട്ടിയപ്പോൾ എനിക്കും ബ്ലോക്ക് കിട്ടി. നിലവിലെ വിവാദവുമായി ഒരു ബന്ധമില്ല’- ഭഗീരഥൻ പിള്ള അക്കൗണ്ടിന്റെ ഉടമ വ്യക്തമാക്കി.
ഇവരെയൊക്കെ വിക്കിപീഡിയ വിലക്കിയിരിക്കുകയാണ്. തിരുത്തിയ വ്യാജ അക്കൗണ്ടുകൾ തുറക്കുമ്പോൾ ‘സോക്ക്പപ്പറ്റ്’ ആണെന്ന വിവരത്തോടൊപ്പം ഒറിജിനൽ അക്കൗണ്ട് ലിങ്കും നൽകിയിട്ടുണ്ട്. ഒറിജിനൽ അക്കൗണ്ടിൽ ക്ലിക്ക് ചെയ്യുമ്പോൾ ഇത് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന അറിയിപ്പാണ് ലഭിക്കുന്നത്.

Story Highlights: wikipedia page adani group edit fake
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here