കാറ്റിനൊപ്പം, പുതിയ നാടുതേടി മലേറിയ പരത്തുന്ന കൊതുകുകളുടെ യാത്ര

കാലാവസ്ഥാ വ്യതിയാനമുള്‍പ്പെടെ പല കാരണങ്ങളാല്‍ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ നിന്ന് ജീവജാലങ്ങള്‍ മാറിസഞ്ചരിക്കാറും ജീവിക്കാറുമുണ്ട്. പലപ്പോഴും മാസങ്ങളും വര്‍ഷങ്ങളുമെടുത്താണ് ഈ ജീവികള്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൂട്ടമായി പോകുന്നത്. ഇപ്പോള്‍ കൊതുകുകളും ഇത്തരത്തില്‍ പുതിയ സ്ഥലങ്ങള്‍ തേടി പോകുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രോഗവാഹകരായ കൊതുകുകളാണ് ഈ സഞ്ചാരികളെന്നതാണ് ആശങ്കയുണ്ടാക്കുന്നത്. പുതിയ റിപ്പോര്‍ട്ടനുസരിച്ച്, മലേറിയ പരത്തുന്ന അനോഫിലസ് കൊതുകുകള്‍ ആഫ്രിക്കയില്‍ നിന്ന് ഒരു നൂറ്റാണ്ടിലേറെയായി ചൂടുപിടിച്ച പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്നതായാണ് ഗവേഷകരുടെ കണ്ടെത്തല്‍.( malaria carrying mosquitoes expanding their territory )
ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി ബയോളജിസ്റ്റ് കോളിന്‍ കാള്‍സണും സഹപ്രവര്‍ത്തകരുമാണ് കൊതുകുകളുടെ ഈ സഞ്ചാരപാതയുടെ കണ്ടെത്തലിന് പിന്നില്‍. 1898നും 2016നും ഇടയില്‍ 22 ഇനം അനോഫിലസ് കൊതുകുകളെയാണ് ഗവേഷകര്‍ പഠനത്തിന് തെരഞ്ഞെടുത്തത്. ഈ കാലയളവില്‍ പ്രദേശത്തുണ്ടായ താപനിലയിലെ മാറ്റമാണ് പുതിയ സ്ഥലങ്ങള്‍ തേടി കൊതുകുകള്‍ സഞ്ചരിക്കുന്നതിന്റെ കാരണം.
ഈ കൊതുകുകള്‍ എല്ലാ വര്‍ഷവും 4.7 കിലോമീറ്ററോളം തെക്കോട്ട് സഞ്ചരിക്കുകയാണ് ചെയ്യുന്നത്. ആഫ്രിക്കന്‍ അനോഫിലിസ് കൊതുകുകള്‍ 20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ശരാശരി 500 കിലോമീറ്റര്‍ അധികം ഇതിനോടകം നീങ്ങിക്കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനമാണ് ഇങ്ങനെ കൊതുകുകള്‍ വാസസ്ഥലം വിട്ടുപോകാന്‍ കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.
ആയുസിന്റെ കാര്യത്തില്‍ ഏറ്റവും നിര്‍ഭാഗ്യവാന്മാരായ ജീവികളിലൊന്നായതുകൊണ്ടുതന്നെ കൊതുകുകളുടെ ഈ സഞ്ചാരത്തിലുമുണ്ട് കൗതുകം. കൊതുകുകള്‍ക്ക് ഒറ്റരാത്രികൊണ്ട് നൂറുകണക്കിനു കിലോമീറ്ററുകള്‍ സഞ്ചരിക്കും. എന്നാല്‍ ഇവ സ്വയം പറന്നുപോകുന്നതല്ല. കാറ്റിന്റെ ഗതിക്കൊപ്പം നീങ്ങുകയാണ് ചെയ്യുന്നത്. താപനിലയിലെ വ്യതിയാനങ്ങള്‍, ഈര്‍പ്പം, മഴ എന്നിവയെ പ്രതിരോധിക്കാനാകാതെയാണ് കൊതുകുകളുടെ ഈ യാത്ര.
Read Also: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ബോബി
അതേസമയം ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക്ക വൈറസുകള്‍ എന്നിവയുടെ വാഹകരായ ഈഡിസ് കൊതുകുകളും ഇങ്ങനെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അനോഫിലിസ് ജനുസ്സിലെ കൊതുകുകളെ മാത്രം കേന്ദ്രീകരിച്ചാണ് പുതിയ പഠനമെങ്കിലും മറ്റ് കൊതുകുകളും സമാനമായ രീതിയില്‍ നീങ്ങുന്നുണ്ടെന്നും കൂടുതല്‍ പഠനം ഇതിനായി ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.
Story Highlights: malaria carrying mosquitoes expanding their territory
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here