Advertisement

പ്രണയത്തിൻ്റെ വാംത്, ടോക്സിസിറ്റിയുടെ പൊള്ളൽ; ‘ൻ്റിക്കാക്കൊരു പ്രേമണ്ടാർന്ന്’ പിഴവുകളില്ലാത്ത ഒരു മനോഹര ചിത്രം

February 24, 2023
Google News 2 minutes Read
ntikkakkkoru premandarnn movie review

പ്രണയമെന്നത് മനുഷ്യനുള്ള കാലം മുതൽ പറയപ്പെടുന്നതും എഴുതപ്പെടുന്നതുമാണ്. ആ വികാരത്തിൽ പുറത്തിറങ്ങിയ സിനിമകൾ അസംഖ്യം. പറഞ്ഞുപറഞ്ഞ് പഴകിയെങ്കിലും പ്രണയം എന്നും ഫ്രഷാണ്. അത്തരത്തിൽ വളരെ വാംത് ആയ പ്രണയവും അതിനൊപ്പം ചേർന്ന് സ്വകാര്യതയുടെ രാഷ്ട്രീയവും മറ്റും ചർച്ച ചെയ്യുന്ന ഒരു മനോഹരസിനിമയാണ് ‘ൻ്റിക്കാക്കൊരു പ്രേമണ്ടാർന്ന്’. (ntikkakkkoru premandarnn movie review)

ഉപരിവർഗ മുസ്ലിം കുടുംബത്തിൻ്റെ ടിപ്പിക്കൽ കല്യാണ മഹാമഹത്തിലാണ് സിനിമ ആരംഭിക്കുന്നത്. അതിനു മുൻപ് ടൈറ്റിൽ സോങ്ങിൽ സിനിമയുടെ ആകെ മൂഡ് സെറ്റ് ചെയ്യപ്പെടുന്നുണ്ട്. കല്യാണ മഹാമഹത്തിൽ കണ്ട് പഴകിയ ചുരുക്കം ചില കല്യാണങ്ങൾ തെളിഞ്ഞുനിന്നു. മലയാള സിനിമയിലെ നിക്കാഹ് രംഗങ്ങൾ റിയലസ്റ്റിക്കല്ലാതെ ഏറെക്കാലം നിന്നിരുന്നു. എന്നാൽ, ‘ൻ്റിക്കാക്കൊരു പ്രേമണ്ടാർന്ന്’ അത് കൃത്യമായി അഭ്രപാളിയിൽ പകർത്തി.

കുടുംബത്തിലെ രണ്ടാമത്തെ കല്യാണവുമായി ബന്ധപ്പെട്ട ചർച്ചകളിലേക്കാണ് സിനിമ പിന്നീട് കടക്കുന്നത്. പരമ്പരാഗത മുസ്ലിം കുടുംബത്തിൽ ജിമ്മി എന്നും മിൽക്ക എന്നുമൊക്കെ മക്കൾക്ക് പേരുവെക്കപ്പെട്ടതിനെപ്പറ്റിയുടെ വിശദീകരണം ആ സമയത്ത് ലഭിക്കുന്നു. ജിമ്മിയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് കഥ വികസിക്കുന്നത്. വിൻ്റേജ് കാറിനോടിഷ്ടമുള്ള, അത്തരം ഒരു ഷോറൂം ആരംഭിക്കാൻ പദ്ധതിയുള്ള ജിമ്മി അഡ്വക്കറ്റായ ഫിദയെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. അതിനിടെ അവിചാരിതമായി തൻ്റെ ആദ്യകാല പ്രണയിനി നിത്യയെ ജിമ്മി കാണുന്നു. ഇതാണ് സിനിമയിലെ മൊമൻ്റം ഷിഫ്റ്റ്.

പ്രണയത്തിൻ്റെ ഫീൽ അങ്ങനെ തന്നെ ലഭിച്ചിട്ടുള്ള ചുരുക്കം ചില സിനിമകളേയുള്ളൂ. അത്തരത്തിലൊന്നാണ് ‘ൻ്റിക്കാക്കൊരു പ്രേമമുണ്ടാർന്നു’. പ്രണയത്തിലാവുമ്പോൾ മാത്രമുണ്ടാവുന്ന ഒരു ഫീലുണ്ട്. അടിവയറ്റിൽ ചിത്രശലഭങ്ങൾ പറന്നുകഴിഞ്ഞ് പരസ്പരം ഇഷ്ടമാണെന്ന് തുറന്നുപറയുന്ന, അറിയുന്ന ആ ഒരു മൊമൻ്റിൽ മാത്രമുണ്ടാവുന്നൊരു വികാരം. സ്നേഹം കൊണ്ട് ഹൃദയം തുളുമ്പി അത് മുഖത്തിൽ പ്രതിഫലിച്ച് സന്തോഷത്തിൻ്റെ പരകോടിയിൽ നിൽക്കുന്നൊരു മൊമൻ്റ്. ലോകത്ത് നടക്കുന്ന മറ്റൊന്നിനെയും മറ്റാരെയും അറിയാതെ പരസ്പരം പ്രണയത്തിൽ മുങ്ങിനിൽക്കുന്നൊരു മൊമൻ്റ്. ഒരു മലമുകളിൽ മനോഹരമായ ദൃശ്യം കണ്ട് നിൽക്കുമ്പോൾ മുഖത്ത് മെല്ലെ തലോടിപ്പോകുന്ന കാറ്റ് പോലെ ഒരു ഇമോഷൻ. ആ ഇമോഷൻ സിനിമ വളരെ കൃത്യമായി പ്രേക്ഷകരിലേക്ക് പകരുന്നു.

പ്രണയയാത്രയ്ക്കൊപ്പം ജീവിതത്തിലെ ചില പാഠങ്ങളും സിനിമ പറയുന്നുണ്ട്. അശോകൻ അവതരിപ്പിച്ച അബ്ദുൽ ഖാദർ എന്ന കഥാപാത്രം തൻ്റെ മകൻ ജിമ്മിയോട്, താൻ അവന് എല്ലാ സൗകര്യങ്ങളും നൽകിയിട്ടും അവനെന്താണ് നന്നാവാത്തതെന്ന മട്ടിൽ ചോദിക്കുന്നുണ്ട്. അതിന് ജിമ്മി പറയുന്ന മറുപടി ഒരുപക്ഷേ, ഒരുപാട് പേർക്ക് റിലേറ്റ് ചെയ്യാൻ കഴിയും. അത് റിലേറ്റ് ചെയ്യാൻ പറ്റാത്തവർ ഭാഗ്യവാന്മാർ. കാരണം, നിങ്ങൾക്ക് ടോക്സിക് അല്ലാത്ത അച്ഛനാണുള്ളത്. സ്വന്തം ഇഷ്ടങ്ങൾ മക്കൾക്ക് മേലിട്ട് അതാണ് മക്കൾക്ക് വേണ്ടതെന്ന് തെറ്റിദ്ധരിച്ച് മക്കളുടെ ജീവിതം നശിപ്പിക്കുന്ന മാതാപിതാക്കളെപ്പറ്റി ജിമ്മി പറയുന്ന ഡയലോഗുകൾ കേട്ടാൽ മേല്പറഞ്ഞ റിലേറ്റ് ചെയ്യാൻ കഴിയുന്നവരുടെ കണ്ണ് നിറയും.

ഒരു പ്രണയ, തമാശപ്പടമാണെങ്കിലും പേഴ്സണൽ സ്പേസ്, ഡിവോഴ്സ് തുടങ്ങി സമൂഹത്തിലെ ടാബൂ ആയിനിൽക്കുന്ന പ്രശ്നങ്ങളെ കൃത്യമായി അഡ്രസ് ചെയ്താണ് സിനിമയുടെ യാത്ര. ഡിവോഴ്സ് ആയവരുടെ ജീവിതം അവസാനിച്ചു എന്നും പേഴ്സണൽ സ്പേസ് എന്നത് ഇല്ലെന്നും കല്യാണമെന്നാൽ മരണം വരെ സഹിച്ചുകഴിയേണ്ട ഒന്നാണെന്നുമുള്ള സമൂഹത്തിൻ്റെ ചിന്തകളെ സിനിമ മുറിയ്ക്കുന്നുണ്ട്.

ഒരു നടൻ എന്ന നിലയിൽ ഷറഫുദ്ദീൻ്റെ കരിയറിലെ ഏറ്റവും നല്ല സിനിമകളിലൊന്നാവും ഇത്. ഇമോഷനുകൾ കൈകാര്യം ചെയ്യുന്നതിൽ ഷറഫ് കാണിച്ച പക്വത മനോഹരമാണ്. വളരെ ഈസിയായി അദ്ദേഹം ജിമ്മിയെന്ന കഥാപാത്രത്തിൽ നിറഞ്ഞു. ഭാവനയുടെ നിത്യയും ഷറഫിനൊപ്പം സ്കോർ ചെയ്ത കഥാപാത്രമാണ്. പ്രത്യേകിച്ച് സിനിമ അവസാനത്തിലേക്കടുക്കുമ്പോൾ നിത്യയുടെ ഇമോഷനുകളൊക്കെ പ്രേക്ഷകരുമായി കണക്ടാവുന്നുണ്ട്. അശോകൻ അവതരിച്ച അബ്ദുൽ ഖാദർ എന്ന കഥാപാത്രവും സാനിയ റാഫിയുടെ കഥാപാത്രവും അതിഗംഭീരം. വരുൺ എന്ന കഥാപാത്രത്തിൻ്റെ സ്ക്രീൻ പ്രസൻസ് മികച്ചുനിന്നു. ചുറ്റുമുണ്ടായിരുന്ന മറ്റുള്ളവരും നന്നായി.

ഒരു എഡിറ്റർ കൂടിയായ സംവിധായകൻ ആദിൽ എം അഷ്റഫ് തൻ്റെ കന്നി സംരംഭം വളരെ മനോഹരമായി പൂർത്തിയാക്കി. സിനിമയുടെ കട്ടുകൾ എടുത്തുപറയണം. പ്രത്യേകിച്ചും രണ്ടാമത്തെ പാട്ടിലെ കട്ടുകൾ. വളരെ ഫ്രഷ് ആയ കട്ടുകളായിരുന്നു അത്. സിനിമാട്ടോഗ്രാഫി, കളറിങ്ങ്, ബാക്ക്ഗ്രൗണ്ട് സ്കോർ, കോസ്റ്റ്യൂംസ്, ആർട്ട് എന്നിങ്ങനെ ടെക്നിക്കൽ വശങ്ങളും സിനിമയുടെ ആകെ മൂല്യമുയർത്തുന്നതിൽ വലിയ പങ്കുവഹിച്ചു.

ഉറപ്പായും തീയറ്ററിൽ നിന്ന് തന്നെ കണ്ടിരിക്കേണ്ട മനോഹരമായ ഒരു സിനിമയാണ് ‘ൻ്റിക്കാക്കൊരു പ്രേമണ്ടാർന്ന്’.

Story Highlights: ntikkakkkoru premandarnn movie review

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here