Advertisement

ഓ മൈ ഡാർലിങ്ങ്; പ്രണയത്തിനപ്പുറം സമൂഹത്തിനു നേർക്ക് ചോദ്യങ്ങളുയർത്തുന്ന കാഴ്ചാനുഭവം

February 24, 2023
Google News 2 minutes Read
oh my darling review

നവാഗതനായ ആൽഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്ത് അനിഖ സുരേന്ദ്രനും മെൽവിൻ ജി ബാബുവും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ഓ, മൈ ഡാർലിങ്ങ്. മുകേഷ്, ജോണി ആൻ്റണി, ലെന, മഞ്ജു പിള്ള, വിജയരാഘവൻ, ഡെയിൻ ഡേവിസ് തുടങ്ങി ഒരു നീണ്ട താരനിരയും ചിത്രത്തിലുണ്ട്. ഒരു റൊമാൻ്റിക് കോമഡി എന്ന മട്ടിൽ പ്രസൻ്റ് ചെയ്യപ്പെട്ട ചിത്രം പക്ഷേ, അതിനപ്പുറം ചർച്ച ചെയ്യുന്നത് വളരെ ഗൗരവതരമായ ഒരു വിഷയമാണ്. (oh my darling review)

ചിത്രത്തിൻ്റെ ആദ്യ പകുതിയിലാണ് റൊമാൻസ് കടന്നുവരുന്നത്. കമിതാക്കളായ ജോയലും ജെനിയും തമ്മിലുള്ള ബന്ധവും അവർക്ക് ചുറ്റുമുള്ള കഥാപാത്രങ്ങളും രജിസ്റ്റർ ചെയ്യപ്പെടുന്ന ആദ്യ പകുതിയുടെ അവസാനത്തിൽ സിനിമയുടെ ആദ്യ റൂട്ട് ചേഞ്ച് വരുന്നു. കോർ തീമിലേക്കുള്ള ആദ്യ ഷിഫ്റ്റ്. അവിടം മുതൽ ഒരു ട്രാക്കിൽ പോയിക്കൊണ്ടിരുന്ന പടം സിനിമ അവസാനിക്കാൻ അര മണിക്കൂറോളം ശേഷിക്കെ പെട്ടെന്ന് തീരെ പ്രതീക്ഷിക്കാത്ത മറ്റൊരു ട്രാക്കിലേക്ക് ഷിഫ്റ്റാവുന്നു. ഇതാണ് സിനിമയുടെ കാതൽ. വൈദ്യശാസ്ത്രത്തിൽ അപൂവമായി കാണപ്പെടുന്ന ഒരു രോഗാവസ്ഥയെയും മാനസിക നിലയെയും അഡ്രസ് ചെയ്യുന്ന സിനിമ ക്ലൈമാക്സിൽ ഹൃദയഹാരിയായ ഒരു നോട്ടിലെത്തി അവസാനിക്കുന്നു.

തുടക്കത്തിൽ ഒരു ക്ലീഷേ ടീനേജ് റോം കോം എന്ന തെറ്റിദ്ധാരണ നൽകുന്ന സിനിമ ഏറെ താമസിയാതെ ട്രാക്കിലാവുന്നുണ്ട്. ഒരു ശാരീരിക രോഗാവസ്ഥയും അതിനോട് ചേർന്ന് ‘ഡിനയൽ’ എന്ന മാനസികാവസ്ഥയും സിനിമ ചർച്ച ചെയ്യുന്നുണ്ട്. നമ്മുടെ ജീവിതത്തിലുണ്ടാവുന്ന ചില അവസ്ഥകളെ അംഗീകരിക്കാൻ കഴിയാത്ത അവസ്ഥയാണ് ഡിനയൽ. അവസാനത്തിലെ ഈ കാതലിലേക്കെത്താൻ വളരെ ബുദ്ധിപരമായി തിരക്കഥാകൃത്ത് മറച്ചുവച്ച സീനുകളാണ് നമ്മൾ ആദ്യം കാണുന്നത്. അവിടെയും നുറുങ്ങുതമാശകളും മനോഹരമായ പാട്ടുകളും കൊണ്ട് വാച്ചബിൾ തന്നെയാണ് ചിത്രം. അവസാനത്തിൽ ട്വിസ്റ്റുകൾക്ക് മേൽ ട്വിസ്റ്റുകളാണ് സിനിമ നൽകുന്നത്.

അഭിനേതാക്കളെല്ലാവരും മികച്ചുനിന്നപ്പോൾ സോഷ്യൽ മീഡിയ കണ്ടൻ്റ് ക്രിയേറ്ററായ ഫുക്രു തനിക്ക് അഭിനയവും വഴങ്ങുമെന്ന് തെളിയിച്ചു. ഫുക്രുവിൻ്റെ തമാശകളൊക്കെ രസമുണ്ടായിരുന്നു. മലയാളത്തിലെ തൻ്റെ ആദ്യ നായികാ കഥാപാത്രം അനിഖയും ആദ്യമായി നായകവേഷം ചെയ്ത മെൽവിൻ ജി ബാബുവും തങ്ങളുടെ റോളുകൾ കൃത്യമായി അവതരിപ്പിച്ചു.

ടെക്നിക്കൽ വിഭാഗത്തിലേക്ക് വന്നാൽ ഷാൻ റഹ്‌മാൻ ഒരുക്കിയ പാട്ടുകൾ മികച്ചുനിന്നു. 4 പാട്ടുകളും മനോഹരമായിരുന്നു. ബിജിഎം ചിലയിടങ്ങളിൽ സിങ്കൗട്ടായി തോന്നിയെങ്കിലും മൊത്തത്തിൽ രസമുണ്ടായിരുന്നു. 2 മണിക്കൂർ 20 മിനിട്ട് ദൈർഘ്യമുള്ള സിനിമ അല്പം കൂടി വെട്ടിച്ചുരുക്കാമായിരുന്നു എന്ന് തോന്നി. കോർ തീമിലേക്കെത്താൻ ഒരുപാട് സമയമെടുക്കുന്നു എന്ന തോന്നൽ. എങ്കിലും തീയറ്ററിൽ തന്നെ കണ്ടിരിക്കേണ്ട മികച്ച ഒരു ശ്രമം തന്നെയാണ് ഓ, മൈ ഡാർലിങ്ങ്.

Story Highlights: oh my darling movie review

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here