Advertisement

800 വധുവരന്മാർ നാളെ പുതുജീവിതത്തിലേക്ക്; സാമ്പത്തിക പരാധീനത മൂലം മാറ്റിവച്ച വിവാഹത്തിന് വഴിയൊരുക്കി പാടന്തറ മർകസ്

February 25, 2023
Google News 2 minutes Read

കടുത്ത സാമ്പത്തിക പരാധീനതകൾ മൂലം വിവാഹമെന്ന സ്വപ്‍നം മാറ്റിവച്ച 800 പേരുടെ ജീവിതവഴിയിൽ വെളിച്ചമാകുകയാണ് പാടന്തറ മർകസെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. പാടന്തറ മർകസ് വർഷത്തിൽ നടത്തുന്ന സമൂഹ വിവാഹ പരിപാടി നാളെ നടക്കും. കടുത്ത സാമ്പത്തിക പരാധീനതകൾ മൂലം വിവാഹിതരാവാൻ കഴിയാതിരുന്ന 800 പേർ ഇത്തവണ വിവാഹിതരവാവുമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഫേസ്ബുക്കിൽ കുറിച്ചു.(neelagiri padanthara markaz prepares for community marriage)

ഗുരുതര സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന തമിഴ്‌നാട് നീലഗിരി ജില്ലയിലെ പാടന്തറ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ നിന്നുള്ള അർഹരായ എണ്ണൂറ് പേരാണ് വിവാഹത്തിനൊരുങ്ങുന്നത്. ചടങ്ങിനോടനുബന്ധിച്ച് മുസ്‌ലിം ഇതര മതസ്ഥരായ 50ഓളം പേരും വിവാഹിതരാവും. ഇവർ ആചാരപ്രകാരം പാടന്തറയിലെ ക്ഷേത്രങ്ങളിലും അനുബന്ധ ദേവാലയങ്ങളിലും വിവാഹ കർമങ്ങൾ നിർവഹിച്ച ശേഷം വേദിയിലേക്കെത്തും.

Read Also: 157 നഴ്‌സിങ് കോളജുകള്‍; അധ്യാപക പരിശീലനത്തിന് പുതിയ കരിക്കുലം; വിദ്യാഭ്യാസ മേഖലയിലെ ബജറ്റ്

പുതിയ ജീവിതാരംഭത്തിന് താങ്ങാകാനുള്ള സമ്മാനമായി മുൻ വർഷങ്ങളിൽ അഞ്ച് പവൻ സ്വർണ്ണാഭരണവും 25,000 രൂപയുമാണ് ദമ്പതികൾക്ക് നൽകിയിരുന്നത്. ഈ വർഷവും മോശമല്ലാത്ത സമ്മാനങ്ങൾ നൽകണമെന്നാണ് സംഘാടകർ ആഗ്രഹിക്കുന്നത്. വിവാഹത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് വിശാലമായ പന്തൽ സൗകര്യവും ഭക്ഷണവും സംഘാടകർ ഒരുക്കാറുണ്ട്. 2014ലാണ് പാടന്തറ മർകസ് സമൂഹ വിവാഹം എന്ന ദൗത്യത്തിലേക്ക് കടന്നത്.

കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഫേസ്ബുക്ക് പോസ്റ്റ്:

സമാനതകളില്ലാത്ത വലിയ സാമൂഹ്യ സേവനമാണ് നീലഗിരി ജില്ലയിലെ പാടന്തറ മർകസിലെ സമൂഹ വിവാഹം. പലവിധ പരാധീനതകളാൽ വിവാഹജീവിതമെന്ന സ്വപ്നം സാക്ഷാത്കരിക്കാനാവാത്ത അനേകമാളുകൾക്കാണ് ഈ ഉദ്യമം തുണയാവുന്നത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മലയോര ഗ്രാമങ്ങളിലെ കുടുംബങ്ങൾക്ക് പല സന്തോഷങ്ങളും ഇന്നും വെറും സ്വപ്‌നങ്ങൾ മാത്രമാണ്. ആ ജീവിത യാഥാർത്ഥ്യം നേരിട്ട് കണ്ടും അറിഞ്ഞുമുള്ള അനുഭവങ്ങളിൽ നിന്നാണ് നീലഗിരി ജില്ലാ സുന്നി യുവജന സംഘത്തിന്റെയും പാടന്തറ മർകസിന്റെയും ആഭിമുഖ്യത്തിൽ യുവതീയുവാക്കളുടെ വിവാഹ സ്വപ്ന സാക്ഷത്കാരങ്ങൾക്ക് ശ്രമങ്ങളുണ്ടാവുന്നത്. ദേവർശോല അബ്ദുസ്സലാം മുസ്‌ലിയാരുടെ നേതൃത്വത്തിൽ 2014 മുതൽ ആരംഭിച്ച സമൂഹവിവാഹത്തിലൂടെ ഇതുവരെ 1120 വധൂവരന്മാരാണ് ഒരുമിച്ചിരുന്ന് സ്വപ്‌നങ്ങൾ നെയ്തുതുടങ്ങിയത്.
വിവാഹമെന്നത് അനേകം മാറ്റങ്ങൾക്ക് നിദാനമാവുന്ന നല്ലൊരു മുഹൂർത്തമാണ്. ഒരുപാട് ആധികൾക്കും നോവുകൾക്കുമുള്ള മറുമരുന്നും. കുടുംബമെന്ന സാമൂഹിക സ്ഥാപനത്തിന്റെ തുടക്കവുമാണത്. വ്യക്തിപരമായും സാമൂഹികപരമായും ഏറെ സന്തോഷവും പ്രസക്തിയുമുള്ള ഈ മംഗളകർമത്തിന് തുണയാവുക എന്നത് എന്തുകൊണ്ടും പ്രാധാന്യമർഹിക്കുന്നതാണ്. അങ്ങേയറ്റം പ്രതിഫലാർഹവും.
ഇരുൾനിറഞ്ഞ ജീവിതസാഹചര്യമുള്ള, നിത്യചിലവുകൾക്ക് പോലും കഷ്ടപ്പെടുന്ന കുടുംബങ്ങളിലെ 800 വധൂവരന്മാരാണ് ഫെബ്രുവരി 26 ഞായറാഴ്ച പാടന്തറ മർകസിലെ വിവാഹപ്പന്തലിൽ ഒന്നിക്കുന്നത്. അവരുടെ പുതിയ ജീവിതത്തിലേക്ക് വഴിയും വെളിച്ചവുമാവാൻ നമ്മുടെ കരുതലും കാരുണ്യവും അനിവാര്യമാണ്. ഒരു നാടാകെ ഒന്നിക്കുന്ന ഈ മഹാ സംഗമത്തിലേക്ക് നാം നമ്മുടെ പങ്ക് നൽകേണ്ടതുണ്ട്. അനേകം മനുഷ്യരുടെ സന്തോഷത്തിന്റെ, സാഫല്യത്തിന്റെ നിമിഷങ്ങളിൽ എല്ലാ അർത്ഥത്തിലും നമുക്കും ഭാഗമാകാം.

Story Highlights: neelagiri padanthara markaz prepares for community marriage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here