വോട്ടിംഗിന് മണിക്കൂറുകൾ മാത്രം, മേഘാലയയിൽ 33.24 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

തിങ്കളാഴ്ച നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മേഘാലയയിൽ വൻ മയക്കുമരുന്ന് വേട്ട. 33.24 കോടി രൂപയുടെ മയക്കുമരുന്നും 8.63 കോടി രൂപയും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. 91 ലക്ഷം രൂപ വിലമതിക്കുന്ന വിലപിടിപ്പുള്ള ലോഹങ്ങൾ, 2.54 കോടിയുടെ മദ്യം, 27.37 കോടി രൂപ വിലമതിക്കുന്ന മറ്റ് വസ്തുക്കൾ എന്നിവയാണ് ഇന്ന് പിടികൂടിയത്. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന ജനുവരി 18 മുതൽ ഇതുവരെ ആകെ 72.70 കോടി രൂപയുടെ വസ്തുക്കൾ സംസ്ഥാനത്ത് നിന്നും പിടിച്ചെടുത്തതായി ചീഫ് ഇലക്ടറൽ ഓഫീസർ എഫ്ആർ ഖാർകോൻഗോർ അറിയിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയയിലും നാഗാലാൻഡിലും തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. ശനിയാഴ്ച വൈകുന്നേരത്തോടെ പരസ്യപ്രചാരണം അവസാനിച്ചു. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്. ഇരു സംസ്ഥാനങ്ങളിലും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മേഘാലയയിൽ 12 ജില്ലകളിലെ 60 നിയമസഭാ സീറ്റുകളിൽ 59 എണ്ണത്തിലേക്കാണ് വോട്ടെടുപ്പ്. യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി എച്ച് ഡോങ്കുപാർ റോയ് ലിംഗ്ദോയുടെ മരണത്തെ തുടർന്ന് ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ സോഹിയോങ് നിയമസഭാ മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കില്ല. 36 വനിതകൾ ഉൾപ്പെടെ 369 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.
മറുവശത്ത് നാഗാലാൻഡിലും ആകെ 60 സീറ്റുകളാണുള്ളത്, എന്നാൽ ഇത്തവണ 59 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. കാരണം ഒരു ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാല് വനിതാ സ്ഥാനാർത്ഥികൾ ഉൾപ്പെടെ 183 സ്ഥാനാർത്ഥികളാണ് നാഗാലാൻഡിൽ മത്സരരംഗത്തുള്ളത്. രണ്ട് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം മാർച്ച് രണ്ടിന് പ്രഖ്യാപിക്കും.
Story Highlights: Drugs worth Rs 33 crore among items seized ahead of polling in Meghalaya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here