‘അറസ്റ്റ് വൃത്തികെട്ട രാഷ്ട്രീയം, സിസോദിയ നിരപരാധി’; അരവിന്ദ് കെജ്രിവാൾ

മനീഷ് സിസോദിയയുടെ അറസ്റ്റ് വൃത്തികെട്ട രാഷ്ട്രീയമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സിസോദിയ നിരപരാധിയാണെന്നും കെജ്രിവാൾ പറഞ്ഞു. ഡൽഹി മദ്യനയക്കേസിൽ ഉപമുഖ്യമന്ത്രിയെ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പ്രതികരണം.
‘മനീഷ് നിരപരാധിയാണ്, അദ്ദേഹത്തിന്റെ അറസ്റ്റ് വൃത്തികെട്ട രാഷ്ട്രീയമാണ്. അറസ്റ്റ് ജനങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. ജനം എല്ലാം വീക്ഷിക്കുന്നു, ആളുകൾക്ക് എല്ലാം മനസ്സിലായി, ഉറപ്പായും അവർ മറുപടി നൽകും. വരും ദിവസങ്ങളിൽ പോരാട്ടം കൂടുതൽ ശക്തമാവും’- കെജ്രിവാൾ പ്രതികരിച്ചു.
അറസ്റ്റിനെ ജനാധിപത്യത്തിലെ കറുത്ത ദിനം എന്നാണ് എഎപി വിശേഷിപ്പിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയെയാണ് ബിജെപിയുടെ സിബിഐ കള്ളക്കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും വിമർശനം. ബിജെപിയുടെ രാഷ്ട്രീയ വൈരാഗ്യമാണ് അറസ്റ്റിന് പിന്നിൽ. സിസോദിയയുടെ അറസ്റ്റ് ഏകാധിപത്യത്തിന്റെ കൊടുമുടിയാണ്. ഒരു ദിവസം മോദിയുടെ സ്വേച്ഛാധിപത്യം അവസാനിക്കുമെന്നും എംപി സഞ്ജയ് സിംഗ് നേരത്തെ പ്രതികരിച്ചിരുന്നു.
2021-22ലെ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി നടത്തിയെന്നാരോപിച്ച് ഡൽഹി ഉപമുഖ്യമന്ത്രി സിസോദിയയെ ഞായറാഴ്ച വൈകുന്നേരമാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തത്. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ സിസോദിയയുടെ മറുപടി തൃപ്തികരമല്ലാത്തതിനാൽ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
Story Highlights: Manish Sisodia is innocent, his arrest is dirty politics: Arvind Kejriwal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here