മദ്യപാന വിലക്ക് നീക്കിയത് ദൗര്‍ഭാഗ്യകരം; ഖാര്‍ഗെയ്ക്ക് കത്തയച്ച് വി.എം സുധീരന്

കോണ്‍ഗ്രസ് അംഗങ്ങള്‍ക്കുള്ള മദ്യപാനവിലക്ക് നീക്കിയതിനെതിരെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ച് വി.എം സുധീരന്. പാർട്ടിയിൽ പ്രാഥമിക അംഗത്വം ലഭിക്കുന്നതിനു മദ്യം വർജിക്കണമെന്നും, ഖാദി ധരിക്കണമെന്നുമുള്ള പാർട്ടി ഭരണഘടനയിലെ നിബന്ധനകളിൽ ഭേദഗതി വരുത്തിയ പ്ലീനറി സമ്മേളനത്തിന്റെ നടപടികൾ നിർഭാഗ്യകരമാണെന്നും വി.എം സുധീരന് കത്തില്‍ പറയുന്നു.
മദ്യവർജനവും ഖാദി ധരിക്കലും സ്വാതന്ത്യ സമരത്തിന്റെ ഭാഗവും വളരെക്കാലമായി പാർട്ടിയുടെ മുദ്രാവാക്യവുമായിരുന്നു. ഈ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുമ്പോള്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തെയും ഗാന്ധിയന്‍ മൂല്യങ്ങളെയും തള്ളിപ്പറയുകയാണ്. മദ്യപാനം നടക്കുന്നതുകൊണ്ട് ഭരണഘടനയിൽ ഭേദഗതി വരുത്താം എന്നു പറയുന്നത് കുറ്റകൃത്യങ്ങൾ നടക്കുന്നതുകൊണ്ട് നിയമങ്ങൾ പിൻവലിക്കാം എന്നു പറയുന്നതുപോലെയാണെന്നും സുധീരന് പറഞ്ഞു.
മദ്യ, ലഹരി ഉപയോഗം രാജ്യത്ത് ആരോഗ്യ–സാമൂഹിക പ്രശ്നമായി വളരുന്ന കാലഘട്ടത്തിലാണ് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത് എന്ന കാര്യം ഓർക്കേണ്ടതുണ്ടെന്ന് സുധീരൻ കത്തിൽ ചൂണ്ടിക്കാട്ടി. പ്ലീനറി സമ്മേളനത്തില്‍ ഉണ്ടായിരിക്കുന്ന ഈ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും രാജ്യത്തെ മദ്യവില്പനയെ പ്രോത്സാഹിപ്പിക്കുമെന്നുമുള്ള കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറയുന്നു.
Story Highlights: VM Sudhiran letter to Kharge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here