ഈ ആണുങ്ങള്‍ക്കിത് എന്ത് പറ്റി? ന്യൂയോര്‍ക്കര്‍ ലേഖനം ചര്‍ച്ചയാകുന്നു

ജയ ജയ ജയ ഹേ എന്ന സിനിമയില്‍ തല്ല് കൊണ്ട് അവശനായിരിക്കുന്ന രാജേഷിന് അനി അണ്ണന്‍ കൊടുക്കുന്ന ഉപദേശം എന്ത് വന്നാലും ജയയുമായുള്ള വിവാഹബന്ധം വേര്‍പിരിയരുതെന്നാണ്. ഡിവോഴ്‌സിന് ശേഷം സ്ത്രീകള്‍ സുന്ദരികളാകുമെന്നും ജീവിതത്തില്‍ കൂടുതല്‍ വിജയിക്കുമെന്നും പറഞ്ഞുപോകുന്നുമുണ്ട്. ഈ ധാരണകള്‍ക്ക് ചില കണക്കുകളുടെ സ്ഥിരീകരണവുമുണ്ട്. ഡിവോഴ്‌സിന് ശേഷമെന്ന് മാത്രമല്ല സ്‌കൂളുകളില്‍, കോളജുകളില്‍, ജോലി സ്ഥലങ്ങളില്‍, മനസമാധാനത്തിന്റെ കാര്യത്തില്‍, സൈ്വര്യത്തിന്റെ, മാനസികാരോഗ്യത്തിന്റെ സ്ഥിരോത്സാഹത്തിന്റെ കാര്യത്തില്‍ ഒക്കെ പുരുഷന്മാര്‍ വളരെ പിന്നിലേക്ക് പോകുകയാണെന്നതിന് കൂടി കണക്കുകളുടെ പിന്‍ബലമുണ്ടെങ്കിലോ? ഇത്തരം കണക്കുകളുമായി റിച്ചാര്‍ഡ് വി റീവീസിന്റെ ഓഫ് ബോയ്‌സ് ആന്‍ഡ് മെന്‍: വൈ ദി മോഡേണ്‍ മെയില്‍ ഈസ് സ്ട്രഗിലിങ്, വൈ ഇറ്റ് മാറ്റേഴ്‌സ്, ആന്‍ഡ് വാട്ട് ടു ഡൂ എബൗട്ട് ഇട്ട് എന്ന പുസ്തകം പുറത്തിറങ്ങിയിരിക്കുകയാണ്. പുസ്തകത്തെ വിമര്‍ശനാത്മകമായി സമീപിച്ചുകൊണ്ട് ന്യൂയോര്‍ക്കര്‍ മാസികയില്‍ വന്ന ലേഖനം ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. ( whats with men article )
മനുഷ്യന്റെ സൃഷ്ടിയെ സംബന്ധിച്ച മിത്തുകള്‍ മുതല്‍ക്കിങ്ങോട്ട് ഒരിക്കലും തുല്യതയുടേതായ ഇടം പങ്കുവച്ചിട്ടില്ലാത്ത രണ്ട് ലിംഗപദവികളെ പരസ്പരം താരതമ്യം ചെയ്യുന്ന തരത്തിലാണ് പുസ്തകം. പുരുഷന്മാര്‍ ഇപ്പോള്‍ വല്ലാതെ പിന്നിലേക്ക് പോകുന്നതിന്റെ കാരണമെന്തായിരിക്കും എന്നാണ് റീവിസിന്റെ പുസ്തകം ചിന്തിക്കുന്നത്. റീവ്‌സ് നിരത്തുന്ന ചില കാരണങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പുരുഷന്മാരുടെ ഈ പിന്നോട്ട് പോക്കിന് ഡാറ്റയുടെ ശക്തമായ പിന്‍ബലമുണ്ടെന്ന് ന്യൂയോര്‍ക്കര്‍ ലേഖനവും സമ്മതിക്കുന്നു. ഈ ആണുങ്ങള്‍ക്കിത് എന്തുപറ്റി എന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ലേഖനം.
സ്ത്രീ-പുരുഷ സമത്വത്തേയും പുരുഷാധിപത്യത്തേയും കുറിച്ചുള്ള ചര്‍ച്ചകളുടെ പരിഗണന അര്‍ഹിക്കുന്ന ഒരു തലത്തെക്കുറിച്ചാണ് ലേഖനം ചര്‍ച്ച ചെയ്യുന്നത്. വാട്ട്‌സ് ദി മാറ്റര്‍ വിത്ത് മെന്‍ എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നതില്‍, ജോലിയില്‍ ഉയര്‍ച്ച നേടുന്നതില്‍, ആത്മഹത്യ ചെയ്യുന്നവരുടെ കാര്യത്തില്‍, പഠന മികവില്‍ ഒക്കെ സ്ത്രീയും പുരുഷനും തമ്മില്‍ ഇത്ര വ്യത്യാസം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ലേഖനത്തില്‍ മുഴച്ച് നില്‍ക്കുന്നത്. സ്ത്രീകളുടെ മികവിന്റെ കാരണത്തേക്കാള്‍ ഉപരി പുരുഷന്മാര്‍ എന്ത് കൊണ്ട് പിന്നിലേക്ക് പോകുന്നുവെന്ന ചര്‍ച്ചയാണ് ലേഖനത്തിലുള്ളത്. ഇതിനെല്ലാം കാരണം പുതിയ കാലത്തെ ആണത്ത പ്രതിസന്ധിയാണെന്ന് ചില യാഥാസ്ഥിതികര്‍ പറയുമെങ്കിലും യഥാര്‍ത്ഥ കാരണങ്ങള്‍ അല്‍പം കൂടി സങ്കീര്‍ണമാണെന്ന് ലേഖനം പറഞ്ഞുവയ്ക്കുന്നു.
റീവീസിന്റെ പുസ്തകത്തിലെ ചില കണക്കുകളും ഡാറ്റയും ആദ്യം പരിശോധിക്കാം. സാമൂഹ്യമായി ഒറ്റപ്പെടാനുള്ള സാധ്യത സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്ക് വളരെ കൂടുതലാണെന്ന് തിങ്ക്ടാങ്ക് റിസേര്‍ച്ച് ഫെല്ലോ കൂടിയായ റിവീസ് പറയുന്നു. വികസിത രാജ്യങ്ങളില്‍ പുരുഷന്മാരുടെ ആത്മഹത്യാനിരക്ക് സ്ത്രീകളുടേതിന്റെ മൂന്നിരട്ടിയോട് അടുക്കുകയാണ്. അമേരിക്കയില്‍ ഇപ്പോള്‍ ബിരുദം കരസ്ഥമാക്കുന്നതില്‍ 57 ശതമാനത്തോളം സ്ത്രീകളാണ്. സ്‌കൂളുകളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ വളരെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. വികസിത രാജ്യങ്ങളില്‍ പല കമ്പനികളുടേയും താക്കോല്‍ സ്ഥാനങ്ങളിലേക്ക് കൂടുതല്‍ സ്ത്രീകളെത്തുന്നു. സ്‌കൂളുകളില്‍ നിന്നും കോളജുകളില്‍ നിന്നും പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച് പോരുന്ന ആണ്‍കുട്ടികളുടെ എണ്ണം ഉയരുന്നു. പഠന മികവിന്റെ കാര്യത്തിലും മറ്റും കൂടുതല്‍ പ്രതിസന്ധികള്‍ നേരിടുന്നത് കറുത്ത വര്‍ഗക്കാരായ പുരുഷനമാരും ആണ്‍കുട്ടികളുമാണെന്ന് കൂടി റീവ്‌സ് പറഞ്ഞുവയ്ക്കുന്നുണ്ട്.
കരുത്തിനെ ചുറ്റിപറ്റിയുള്ള സങ്കല്‍പ്പങ്ങളില്‍ നിന്ന് തലച്ചോറിന്റെ മേന്മയെക്കുറിച്ചുള്ള ഡിമാന്റുകളെക്കുറിച്ച് തൊഴിലിന്റെ ശ്രദ്ധാ കേന്ദ്രം മാറിയതാണ് ഇതിന് ഒരു കാരണമായി റിവീസിന്റെ പുസ്തകം ചൂണ്ടിക്കാട്ടുന്നത്. ആണുങ്ങളുടെ ജോലികള്‍ എന്ന് മുന്‍പ് പറഞ്ഞിരുന്ന കൈക്കരുത്ത് വേണ്ട പണികള്‍ക്ക് പ്രസക്തി നഷ്ടപ്പെടുകയും ബുദ്ധി പ്രവര്‍ത്തിപ്പിക്കേണ്ട ജോലികള്‍ക്ക് ഡിമാന്റ് കൂടുകയും ചെയ്തു. സ്ത്രീകളുടെ വളരെ വേഗത്തിലുള്ള വിമോചനവും സ്വാതന്ത്ര്യബോധവും ആണുങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കുള്ള മറ്റൊരു കാരണമായി പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു.
ലിംഗ പദവിയെക്കുറിച്ചുള്ള സിമോണ്‍ ദി ബുവെയുടെ സെക്കന്‍ഡ് സെക്‌സ് എന്ന പുസ്തകത്തെക്കുറിച്ച് ന്യൂയോര്‍ക്കര്‍ ലേഖനം പരാമര്‍ശിക്കുന്നുണ്ട്. ശരാശരി പുരുഷന്‍ അവനവനെത്തന്നെ ഒരു ദേവനായി കാണുന്നുവെന്നും അതിനാല്‍ തന്റെ ലിംഗപദവിയെ സംബന്ധിച്ച ഏതെങ്കിലും പ്രത്യേക സാഹചര്യത്തെക്കുറിച്ച് പുരുഷന് പുസ്തകമെഴുതാന്‍ സാധിക്കില്ലെന്നും ബുവെ പറഞ്ഞതായി ലേഖനം ഉദ്ധരിക്കുന്നുണ്ട്. എന്നാല്‍ കാര്യങ്ങള്‍ പൂര്‍ണമായി ബുവെ പറഞ്ഞത് പോലല്ല. ധാരാളം പുസ്തകങ്ങള്‍ ഇപ്പോള്‍ ഈ വിധത്തില്‍ എഴുതിത്തുടങ്ങിയിട്ടുണ്ട്. പുരുഷന്മാര്‍ക്ക് സ്വയം സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു. ഇത്തരം രചനകളില്‍ ഏറ്റവും ഉജ്ജ്വലമായ ഒന്നാണ് റീവിന്റെ പുസ്തകമെന്ന് ന്യൂയോര്‍ക്കര്‍ ലേഖനം ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകള്‍ പുരുഷന്മാരെ ഇത്രവേഗം പിന്നിലാക്കുമെന്ന് ആരും കരുതിയിരുന്നില്ല. ഇത്ര ആധികാരികമായി, ഇത്ര സ്ഥിരതയോടെ സ്ത്രീകള്‍ തങ്ങളുടെ മികവ് തെളിയിക്കുമെന്ന് ആരും പ്രവചിച്ചിരുന്നില്ല. റീവ്‌സ് പറയുന്നു. സ്ത്രീ പുരുഷ സമത്വം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളിലും പുരുഷാധിപത്യം കൊടികുത്തി വാഴുന്ന രാജ്യങ്ങളിലും സ്ത്രീകള്‍ മികവ് തെളിയിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ വസ്തുതയെന്നും വസ്തുനിഷ്ഠമായ കണക്കുകള്‍ നിരത്തി റീവ്‌സ് പറയുന്നു.
ഫോര്‍ച്യൂണ്‍ 500ലെ സിഇഒമാരുടെ പട്ടികയില്‍ സ്ത്രീ പങ്കാളിത്തം 2000-ല്‍ ഉള്ളതിനേക്കാള്‍ 26 ഇരട്ടി വര്‍ധിച്ചിട്ടുണ്ട്. സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമത്തിന് കുറവുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും തൊഴിലിടങ്ങളില്‍ വളരെ വേഗത്തില്‍ ലിംഗനിരപേക്ഷമായ അന്തരീക്ഷം വളര്‍ന്ന് വരികയാണെന്നും പുസ്തകം പറയുന്നു.
പുരുഷന്മാരുടെ പ്രശ്‌നങ്ങള്‍ പലപ്പോഴും വ്യക്തികളുടെ പ്രശ്‌നങ്ങളായി കാണപ്പെടുന്നു എന്നാണ് റീവ്‌സ് ചൂണ്ടിക്കാട്ടുന്നത്. ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ എല്ലാവരും വ്യക്തിയെ (ഒരു ആണ്‍കുട്ടിയെ, ഒരു പുരുഷനെ) തിരുത്താനാണ് ശ്രമിക്കുക. പുരുഷന്മാര്‍ക്ക് കൂടുതല്‍ സ്വസ്ഥതയും ജീവിതവിജയവും വേണമെങ്കില്‍ അവന്‍ നേരിട്ടുവരുന്ന ഘടനാപരമായ പ്രശ്‌നങ്ങളും സാമൂഹ്യപ്രശ്‌നങ്ങളും അഭിമുഖീകരിക്കപ്പെടണമെന്നും അദ്ദേഹം പറയുന്നു.
ലിംഗപദവിയും ജീവശാസ്ത്രപരമായ ലൈംഗികതയും സാമൂഹ്യമായി നിര്‍മിക്കപ്പെടുന്നതാണെന്ന തരത്തിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ഇതിനോട് അദ്ദേഹം വിയോജിക്കുന്നുണ്ട്. ആക്രമണങ്ങളോടും കരുത്തിനോടും സാഹസികതയോടും മറ്റും ആണുങ്ങള്‍ കാണിക്കുന്ന താത്പര്യം സാമൂഹ്യമായി നിര്‍മിക്കപ്പെട്ടതല്ല എന്നാണ് ചരിത്രം പറയുന്നതെന്ന് അദ്ദേഹം വാദിക്കുന്നു.
പുരുഷന്മാരെ ഈ അവസ്ഥയില്‍ നിന്ന് കൈപിടിച്ചുയര്‍ത്താന്‍ ചില നിര്‍ദേശങ്ങളും റീവ്‌സ് മുന്നോട്ടുവയ്ക്കുന്നുണ്ട്. നഴ്‌സിംഗ്, അധ്യാപകവൃത്തി മുതലായ രംഗങ്ങളില്‍ പുരുഷന്മാര്‍ കൂടുതലായി കടന്നുചെല്ലണമെന്ന് റീവ്‌സ് നിര്‍ദേശിക്കുന്നു. പരസ്പരം വേര്‍പിരിയുന്ന അച്ഛനമ്മമാരുടെ മക്കളില്‍ മൂന്നില്‍ ഒരാളും ഡിവോഴ്‌സിന് ശേഷം സ്വന്തം അച്ഛനെ കാണാറേയില്ല എന്ന കണക്കും ഇദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. പിതൃത്വത്തിന് നല്‍കപ്പെടുന്ന സാമൂഹിക മൂല്യം ഉയര്‍ത്തുന്നത് പുരുഷന്മാരുടെ അവസ്ഥ കുറച്ചുകൂടി മെച്ചപ്പെടുത്തുമെന്നും ഇദ്ദേഹം സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നു. ‘സ്ത്രീത്വം’ എന്നതിന് കുറച്ചുകൂടി പോസിറ്റീവ് ആയ അര്‍ത്ഥമുണ്ടെന്നിരിക്കെ പുരുഷത്വം എന്നത് ടോക്‌സികായി മനസിലാക്കാതെ പുരുഷത്വത്തെക്കുറിച്ചും കൂടുതല്‍ പോസിറ്റീവായ ആശയം രൂപപ്പെട്ടുവരണം എന്നും പുസ്തകത്തില്‍ നിര്‍ദേശമുണ്ട്.
Story Highlights: whats with men article
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here