ഗോൾ അനുവദിച്ച റഫറിയുടെ തീരുമാനം തെറ്റെന്ന് വിദഗ്ധാഭിപ്രായം

കേരള ബ്ലാസ്റ്റേഴ്സിനെതിരായ നോക്കൗട്ട് മത്സരത്തിൽ ഫ്രീകിക്കിലൂടെ സുനിൽ ഛേത്രി നേടിയ ഗോൾ അനുവദിച്ച റഫറി ക്രിസ്റ്റൽ ജോണിൻ്റെ തീരുമാനം തെറ്റെന്ന് വിദഗ്ധാഭിപ്രായം. മുൻ റഫറി ഉൾപ്പെടെയുള്ളവർ ഈ നിലപാടിലുള്ളവരാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. (chhetri goal controversy blasters)
“അത് കൃത്യമായി റഫറിയുടെ പിഴവാണ്. ഫ്രീ കിക്ക് എതിർ ടീമിന് അപകടകരമായ സ്ഥലത്താണ് നൽകിയത്. അതുകൊണ്ട് തന്നെ ഗോൾ കീപ്പർ തയ്യാറായി, വാൾ സെറ്റ് ചെയ്തതിനു ശേഷം മാത്രം കിക്കെടുക്കാൻ റഫറി ശ്രദ്ധിക്കേണ്ടതായിരുന്നു. റഫറി ചെയ്തത് തെറ്റാണ്. വാർ ഉണ്ടായിരുന്നെങ്കിൽ ആ തീരുമാനം മാറിയേനെ.”- റഫറിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
വീണ്ടും കിക്കെടുക്കുകയാണ് വേണ്ടതെന്ന് മുതിർന്ന അധികൃതരിലൊരാൾ അറിയിച്ചു എന്നും റിപ്പോർട്ടിലുണ്ട്. “റഫറി കളി നിർത്തി. വാളിനായി 9.15 മീറ്റർ മാർക്ക് ചെയ്തു. താരങ്ങളോട് മാറിനിൽക്കാനും വിസിലിനു ശേഷം കിക്കെടുക്കാനും അദ്ദേഹം ആവശ്യപ്പെടണമായിരുന്നു. ഛേത്രി ആദ്യം കിക്കെടുക്കുന്നതുപോലെ കാണിച്ചപ്പോൾ വിസിലിനു വേണ്ടി വെയിറ്റ് ചെയ്യാൻ റഫറി പറയണമായിരുന്നു. തനിക്ക് വിസിലോ വാളോ വേണ്ടെന്ന് പറയാൻ ഛേത്രിക്ക് അവകാശമില്ല. അത് അദ്ദേഹത്തിൻ്റെ അധികാര പരിധിയിലല്ല.”- അധികൃതരിൽ ഒരാൾ പറഞ്ഞതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
റഫറിയോട് ചോദിച്ചിട്ടാണ് താൻ ക്രിക്കെടുത്തതെന്നും ലൂണ അത് കേട്ടു എന്നാണ് തനിക്ക് തോന്നുന്നത് എന്നും ഛേത്രി മത്സരത്തിനു ശേഷം പ്രതികരിച്ചിരുന്നു. “റഫറി പറഞ്ഞു, മുഴക്കാൻ അദ്ദേഹത്തിനു വിസിലിൻ്റെയോ പ്ലയർ വാളിൻ്റെയോ ആവശ്യമില്ലെന്ന്. ഞാൻ ചോദിച്ചു, ഉറപ്പാണോ എന്ന്. അദ്ദേഹം ‘അതെ’ എന്ന് പറഞ്ഞു. ലൂണ അത് കേട്ടെന്ന് തോന്നുന്നു. അതുകൊണ്ടാണ് അദ്ദേഹം എന്നെ ഒരു തവണ ബ്ലോക്ക് ചെയ്യാൻ ശ്രമിച്ചത്. ബ്ലാസ്റ്റേഴ്സ് താരങ്ങൾ കളി ബഹിഷ്കരിച്ചത് ശരിയായില്ല.”- ഛേത്രി പറഞ്ഞു.
നിശ്ചിത സമയവും കഴിഞ്ഞ് അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ സുനിൽ ഛേത്രി എടുത്ത ഫ്രീ കിക്കിൽ ബെംഗളൂരു ജയം കുറിക്കുകയായിരുന്നു. 97ആം മിനിട്ടിൽ നേടിയ ഗോളിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് ടീം കളം വിട്ടെങ്കിലും ബെംഗളൂരു ടീം തുടർന്നു. അധികസമയം അവസാനിക്കും വരെ ബെംഗളൂരു താരങ്ങൾ കളത്തിലുണ്ടായിരുന്നു. സമയം അവസാനിച്ചപ്പോൾ റഫറി ഫൈനൽ വിസിൽ മുഴക്കി ബെംഗളൂരുവിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
നിശ്ചിത സമയത്ത് ഒരു ടീമുകളും ഗോൾ രഹിത സമനില വഴങ്ങിയ മത്സരത്തിൻ്റെ അധികസമയത്താണ് വിവാദമുണ്ടായത്. 97ആം മിനിട്ടിൽ ലഭിച്ച ഫ്രീ കിക്ക് പകരക്കാരനായെത്തിയ സുനിൽ ഛേത്രി പെട്ടെന്ന് വലയിലാക്കിയത് കേരള ബ്ലാസ്റ്റേഴ്സ് അംഗീകരിച്ചില്ല. തങ്ങൾ തയാറാവുന്നതിനു മുൻപാണ് ഛേത്രി കിക്കെടുത്തതെന്ന് താരങ്ങൾ വാദിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചു. തുടർന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകുമാനോവിച് താരങ്ങളെ തിരികെവിളിക്കുകയായിരുന്നു.
Story Highlights: chhetri goal controversy blasters referee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here