കിഴക്കൻ പ്രവിശ്യ കെഎംസിസി ഇഹ്തിഫാൽ മാർച്ച് പത്തിന് ഉമ്മു സാഹിക്ക് ശമറൂഖ് ഇസ്തിറാഹിൽ
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി കിഴക്കൻ പ്രവിശ്യ കെഎംസിസി ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലിയാഘോഷ പരിപാടികൾക്കു തുടക്കം കുറിച്ച് നടത്തുന്ന ഇഹ്തിഫാൽ 2023 ഭാഗമായി മുസ്ലീം ലീഗ് സ്ഥാപക ദിനവും പ്ലാറ്റിനം ജൂബിലി ദിനാവുമായ മാർച്ച് പത്തിന് കിഴക്കൻ പ്രവിശ്യാ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ നേതൃത്വ ശില്പശാലയും രാജാജി ഹാൾ പുനരാവിഷ്കാര പ്ലാറ്റിനം ജൂബിലി സമ്മേളനവും സംഘടിപ്പിക്കുമെന്ന് കിഴക്കൻ പ്രവിശ്യാ കെഎംസി സി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. (kmcc iftihal march 10)
ചടങ്ങിൽ മുസ്ലീം ലീഗ് ദേശീയ സമിതിയംഗം അഡ്വ കെഎൻഎ ഖാദർ മുഖ്യാതിഥിയായി പങ്കെടുക്കും. കിഴക്കൻ പ്രവിശ്യയിലെ ഒൻപതോളം സെൻട്രൽ കമ്മിറ്റിക്ക് കീഴില് വരുന്ന അൻപത്തിലേറെ ഏരിയാ കമ്മിറ്റികളിൽ നിന്നും പതിനൊന്നിലേറെ ജില്ലാ കമ്മിറ്റികളിൽ നിന്നും വിവിധ നിയോജക മണ്ഡലം കെഎംസിസി കമ്മിറ്റികളിൽ നിന്നുമുള്ള മുന്നൂറിലേറെ തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ രാവിലെ പതിനൊന്നു മണി മുതല് വൈകീട്ട് ആറ് മണി വരെ നേതൃക്യാമ്പിലും ശില്പശാലയിലും സംബന്ധിക്കും. 1948 മാർച്ച് പത്തിന് മുസ്ലീം ലീഗ് ആദ്യ ദേശീയ കൗൺസിൽ നടന്ന മദിരാശി രാജാജി ഹാളിൽ ഈ വരുന്ന മാർച്ച് പത്തിന് ശാക്തീകരണത്തിത്തിന്റെ ഏഴര പതിറ്റാണ്ട് എന്ന പ്രമേയത്തിൽ നടക്കുന്ന ദേശീയ സമ്മേളനത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ഉമ്മു സാഹിക്ക് ശമറൂഖ് ഇസ്തിറാഹിൽ വൈകീട്ട് ഏഴുമണിക്ക് രാജാജി ഹാൾ പുനരാവിഷ്കാര പ്ലാറ്റിനം ജൂബിലി സമ്മേളനം സംഘടിപ്പിക്കുന്നത്.
Read Also: സൗദിയിൽ വൻ ലഹരിവേട്ട; വിപണിമൂല്യം 400 കോടി ഇന്ത്യൻ രൂപക്ക് മുകളിൽ
ഡിസംബർ മുപ്പതിന് പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്ത ഇഹ്തിഫാൽ 2023 വാർഷിക പ്രവിശ്യാതല കാമ്പയിന്റെ രണ്ടാം ഘട്ടം ജനുവരി 20 ന് പ്രവിശ്യയിലെ മുഴുവൻ എരിയയിലും ഒരേ സമയം പ്രമേയ വിശദീകരണ ഏരിയാ സമ്മേളനങ്ങൾ സംഘടിപ്പിച്ചുവെന്നും നേതാക്കൾ അറിയിച്ചു. ഇഹ്തിഫാൽ 2023 ഭാഗമായി ഏപ്രിൽ അവസാനത്തോടെ സൗദി കെഎംസിസി മുൻ ട്രഷറർ മർഹും ഹാഷിം സാഹിബിന്റെ സ്മരണിക പ്രകാശനം, ഇഹ്തിഫാൽ 2023 ന്റെ മുഖ്യ ആകർഷണമായി ശാക്തീകരണത്തിന്റെ എഴുപത്തഞ്ചാണ്ടുകളുടെ പ്രതീകമായി നാട്ടിൽ നിന്നും ഏറ്റവും അർഹരായ നിർധനരായ 75 ആളുകൾക്കു ഉംറ നിർവഹിക്കാനുള്ള പദ്ധതി, പ്രവിശ്യയിൽ നിന്നും പ്രസംഗം, സാഹിത്യം, കല, കായികം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച 75 വീതം പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകി ആദരിക്കുക, ഒക്ടോബർ നവംബർ മാസങ്ങളിൽ വിവിധ സെൻട്രൽ കമ്മിറ്റികളിൽ നടക്കുന്ന വിവിധ കായിക മത്സര വിജയികളെ ഉൾപ്പെടുത്തി പ്രവിശ്യാ തല മെഗാ പ്രോഗ്രാം , ഡിസംബറില് നാട്ടിൽ നിന്നുള്ള ദേശീയ സംസ്ഥാന നേതാക്കൾ പങ്കെടുപ്പിച്ചു കാമ്പയിൻ സമാപന മഹാ സമ്മേളനം തുടങ്ങി വിവിധ പരിപാടികൾ വാർഷിക കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് കിഴക്കന് പ്രവിശ്യാ ഭാരവാഹികൾ വ്യക്തമാക്കി.
Story Highlights: kmcc iftihal march 10
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here