നാലാം ടെസ്റ്റിലും കമ്മിൻസ് കളിക്കില്ല; സ്‌മിത്ത് തന്നെ ക്യാപ്റ്റൻ

ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റിലും ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് കളിക്കില്ല. മത്സരത്തിൽ വൈസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് തന്നെ ഓസീസിനെ നയിക്കും. അമ്മയ്ക്ക് അസുഖമായതിനാൽ ഓസ്ട്രേലിയയിലേക്ക് തിരികെ പോയ കമ്മിൻസിൻ്റെ അഭാവത്തിൽ സ്‌മിത്താണ് മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയെ നയിച്ചത്. മത്സരത്തിൽ ഓസ്ട്രേലിയ വിജയിച്ചിരുന്നു. സ്‌മിത്തിൻ്റെ ക്യാപ്റ്റൻസി ഏറെ അഭിനന്ദനങ്ങളും ഏറ്റുവാങ്ങി. മാർച്ച് 9നാണ് നാലാം ടെസ്റ്റ് ആരംഭിക്കുക. (cummins test smith captain)
പരമ്പരയിലെ മൂന്ന് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യ 2-1നു മുന്നിലാണ്. ആദ്യ രണ്ട് മത്സരം ഇന്ത്യയും മൂന്നാം മത്സരം ഓസ്ട്രേലിയയും വിജയിച്ചു.
Read Also: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടി ഓസ്‌ട്രേലിയ; മൂന്നാം ടെസ്റ്റിൽ ഇന്ത്യയെ തോൽപ്പിച്ചു
മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയ ആധികാരിക ജയമാണ് സ്വന്തമാക്കിയത്. 76 റൺസ് പിന്തുടർന്ന ഓസീസ് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ഇൻഡോറിലെ മികച്ച വിജയത്തോടെ ഈ വർഷം ജൂണിൽ ഇംഗ്ലണ്ടിലെ ഓവലിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഓസ്‌ട്രേലിയ യോഗ്യത നേടി.
76 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ മറികടന്ന് മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് മുമ്പ് ഓസ്‌ട്രേലിയ മത്സരം അവസാനിപ്പിച്ചു. ട്രാവിസ് ഹെഡും മാർനസ് ലാബുഷാഗ്നെയുമാണ് ജയം ഒരുക്കിയത്. ട്രാവിസ് പുറത്താകാതെ 53 പന്തിൽ 49 റൺസ് നേടിയപ്പോൾ ലാബുഷാഗ്നെ പുറത്താകാതെ 28 റൺസെടുത്തു. ഉസ്മാൻ ഖവാജയെ ആർ അശ്വിൻ പുറത്താക്കി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ 109 റൺസിന് പുറത്തായി.
മറുപടിയായി കംഗാരുക്കൾ ഒന്നാം ഇന്നിംഗ്‌സിൽ 197 റൺസ് നേടി 88 റൺസിന്റെ ലീഡ് നേടി. ചേതേശ്വർ പൂജാര ഒഴികെ, രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ നിരാശപ്പെടുത്തിയതോടെ ടീം മുഴുവനും 163 റൺസിന് പുറത്താവുകയായിരുന്നു. രണ്ട് വർഷത്തിന് ശേഷം സ്വന്തം തട്ടകത്തിൽ ഇന്ത്യയുടെ ആദ്യ തോൽവിയാണിത്. നേരത്തെ 2021ൽ സ്വന്തം മണ്ണിൽ ഇംഗ്ലണ്ടിനോട് ടീം ഇന്ത്യക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
Story Highlights: pat cummins miss final test steve smith australia captain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here