ടെലിഫോണിൽ ടെലിവിഷൻ കൂടിയുണ്ടായിരുന്നെങ്കിൽ; സിൽക്ക് സ്മിത അന്ന് പറഞ്ഞത് ഇന്ന് വൈറൽ, വിഡിയോ

സാങ്കേതിക വിദ്യയുടെ സാധ്യതകൾ ദിനംപ്രതി വികസിച്ചുകൊണ്ടിരിക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് നമുക്ക് വേണ്ടപ്പെട്ടയാൾ വിദേശത്തേയ്ക്കോ മറ്റോ ജോലിക്ക് പോയാൽ അവരുമായൊന്ന് സംസാരിക്കാൻ തന്നെ എത്രയോ ദിവസങ്ങൾ കാത്തിരിക്കണമായിരുന്നു. ആശയവിനിമയത്തിന് കത്തിനെ മാത്രം ആശ്രയിച്ചുകൊണ്ടിരുന്നവരുടെ മുന്നിലേക്ക് ടെലിഫോൺ സൗകര്യം എത്തിയത് വലിയ മാറ്റം തന്നെയായിരുന്നു. ആശയവിനിമയത്തിന് പരിമിതമായ മാർഗങ്ങൾ മാത്രമുണ്ടായിരുന്ന അക്കാലത്ത് നമുക്ക് ഏറ്റവും പ്രിയപ്പെട്ടയാളുടെ ശബ്ദം ഫോണിലൂടെ അങ്ങേത്തലയ്ക്കൽ നിന്ന് കേൾക്കുമ്പോഴുണ്ടാകുന്ന സന്തോഷവും ആശ്വാസവും പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. ( Silk Smitha’s viral dialogue Rajaneegandhi film phone call ).
എന്നാൽ ഇപ്പോഴത്തെ അവസ്ഥ നമ്മൾ വിചാരിക്കുന്നതിലും അപ്പുറത്താണ്. വാട്ട്സാപ്പും മെസൻജറും ഇൻസ്റ്റഗ്രാമും ടെലഗ്രാമുമൊക്കെ അരങ്ങു വാഴുന്ന ഇക്കാലത്തെ പുതിയ തലമുറയ്ക്ക് പഴയ കാലത്തെപ്പറ്റി ചിന്തിക്കാൻ പോലും കഴിയില്ല. എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് എൻ.ജി. ജോൺ നിർമ്മിച്ച് 1980-ൽ പുറത്തിറങ്ങിയ രജനീഗന്ധിയെന്ന മലയാള സിനിമയിലെ സിൽക്ക് സ്മിതയുടെ ഒരു ബാത്ത് ടബ് സീനിലെ ടയലോഗാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
മധുവുമായുള്ള ഫോൺ സംഭാഷണത്തിനിടെ ഫോണിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും കാണാൻ കഴിഞ്ഞിരുന്നെങ്കിൽ, ടെലിഫോണിൽ ടെലിവിഷൻ കൂടിയുണ്ടായിരുന്നെങ്കിൽ… എന്നാണ് സിൽക്ക് സ്മിത പറയുന്നത്. ഈ ഡയലോഗാണ് ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. 1980-ലെ സാഹചര്യത്തിൽ നിന്ന് മാറി ലോകത്തിന്റെ ഏത് കോണിലുള്ള ആളുമായും വിഡിയോ കോൾ ചെയ്യാനും ഗ്രൂപ്പ് കോളുകൾ ചെയ്യാനും നിഷ്പ്രയാസം സാധിക്കുന്ന അവസ്ഥയിലേക്ക് ഇന്ന് കാര്യങ്ങളെത്തി.
കൊച്ചു കുഞ്ഞുങ്ങൾ പോലും ഇത്തരം സൗകര്യങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്ന ഇക്കാലത്താണ് ഈ പഴയ സിനിമാ ഡയലോഗ് ഏറെ ചർച്ചയാകുന്നത്. ഇതിൽ മധു ഡോ. ഗോപിനാഥ് എന്ന കഥാപാത്രത്തെയും സിൽക്ക് സ്മിത ഷീല എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിച്ചിരിക്കുന്നത്. ലക്ഷ്മി, അടൂർ ഭാസി, ജോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജി. ദേവരാജൻ മാസ്റ്ററാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.
Story Highlights: Silk Smitha’s viral dialogue Rajaneegandhi film phone call
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here