Advertisement

ലൈം​ഗികതയുടെ കണ്ണോടെ മാത്രം സ്ത്രീകളെ നോക്കുന്ന പുരുഷന്മാരിൽ ചിലർ; ഇത് വനിതാ ദിനത്തിലെ വേറിട്ട കൻസെപ്പ്റ്റ് ഫോട്ടോഗ്രാഫി

March 8, 2023
Google News 2 minutes Read
viral photoshoot on International Women's Day arun raj r nair

വനിതാ ദിനത്തിൽ തീർത്തും വ്യത്യസ്തമായ കൻസെപ്പ്റ്റ് ഫോട്ടോഗ്രാഫി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് ഫോട്ടോഗ്രാഫർ അരുൺ രാജ് ആർ. നായർ. സ്ത്രീകളിൽ പലരും തുറന്നുപറയാൻ മടിക്കുന്ന വിഷയമാണ് തന്റെ ചിത്രങ്ങളിലൂടെ ഇത്തവണ അദ്ദേഹം പങ്കുവയ്ക്കുന്നത്. സ്ത്രീയെ ലൈം​ഗികതയുടെ കണ്ണുകളോടെ മാത്രം നോക്കുന്ന പുരുഷന്മാരെ വേറിട്ട ചിത്രങ്ങളിലൂടെ വരച്ചിടുകയാണ് അരുൺ രാജ്. പ്രോഡക്ട് ഫോട്ടോഗ്രാഫി, ഫാഷൻ ഫോട്ടോഗ്രാഫി എന്നിവയെ അപേക്ഷിച്ച് ഏറെ വെല്ലുവിളി നിറഞ്ഞതാണ് കൻസെപ്പ്റ്റ് ഫോട്ടോഗ്രാഫിയെന്ന് അരുൺ പറയുന്നു.

Read Also: ‘പെണ്‍മക്കള്‍ക്കായി’; വനിതാ ദിനത്തിൽ മക്കളെ സാക്ഷിയാക്കി ഷുക്കൂര്‍ വക്കീലും ഭാര്യയും വിവാഹിതരായി

അരുൺ രാജ് പങ്കുവച്ച വ്യത്യസ്തമായ കൺസെപ്റ്റ് ഷൂട്ട് സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ വൈറലാണ്. മദ്യപാനിയായ ഭർത്താവിൽ നിന്ന് യാതൊരു സംരക്ഷണവും ലഭിക്കാതെ സമൂഹത്തിൽ നിന്ന് മോശം അനുഭവങ്ങൾ നേരിടേണ്ടി വരുന്ന യുവതി എല്ലാത്തിനെയും അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതാണ് ഫോട്ടോ​ഗ്രാഫിയുടെ പ്രമേയം. മോശം ജീവിതാനുഭവങ്ങളിൽ തളരാതെ പ്രതിസന്ധികൾ തരണം ചെയ്ത് ഒടുവിൽ അഭിഭാഷകയായി എത്തുന്ന യുവതിയുടെ കഥയാണ് അരുൺ അവതരിപ്പിച്ചിരിക്കുന്നത്. രേവതി, രമേഷ്, അഭി, കിരൺ, പൂജ, ജിത്തു എന്നിവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്.

അരുൺ രാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

അവൾ… അവളെ ജ്വലിപ്പിച്ചതും നീ ആയിരുന്നു. എന്നിട്ടും സ്നേഹത്തിന്റെ, സഹനത്തിന്റെ, ആത്മനിയന്ത്രണങ്ങളുടെ കെട്ടുപാടുകൾ കഴുത്തിലേറി അവൾ നിന്നെ നോക്കി ചിരിച്ചിരുന്നു. ഒരായിരം കൈകൾ കാമദാഹവുമായി അവൾക്കു നേരെ നീണ്ടപ്പോളും ഉള്ളിൽ എരിയുന്ന കോപാഗ്നിയെ അവൾ നിയന്ത്രിച്ചതും, നീ എന്നോ പൊന്നിൽ കുടുക്കിയ നൂൽ അതിൽ ഉരുകിപ്പോകാതിരിക്കാനായിരുന്നു. എന്നിട്ടും നീ അവളെ ജ്വലിപ്പിച്ചു. ഉള്ളിലെരിയുന്ന അഗ്നിക്കു മുകളിൽ മറ്റൊരു അഗ്നിപരീക്ഷയേകി എരിയുന്ന ഹോമകുണ്ഡങ്ങൾക്കു മുകളിൽ അവളെയെത്തിച്ചു. പുറത്തെ അഗ്‌നിതാപത്തെക്കാൾ അവളുടെ കണ്ണുകളെ ഉരുകിയൊലിപ്പിച്ചതും ത്രേതായുഗം മുതൽ ഉത്തമപുരുഷനായ നിന്റെ മുഖത്തെ നിസ്സംഗതയായിരുന്നു. ഒരുപക്ഷെ നിനക്ക് തെറ്റിയതും അവിടം മുതലായിരിന്നു. ഭൂമിപിളർന്നു സ്വയം മറയാൻ ഇവൾ ജനകപുത്രിയല്ലന്നറിയുക. ആയിരം സമുദ്രങ്ങളാലും തണുക്കാത്ത സൂര്യാഗ്നിയെന്നറിയുക. നിന്റെ തലമുറകളെ കാക്കും ജീവാഗ്നിയെന്നറിയുക. എന്നിട്ടും നിന്റെ ചെയ്തിയുടെ കൈപ്പത്തികൾ അവളുടെ വർഗ്ഗത്തിനു നേരെയും നീണ്ടു. കൊലച്ചിരികളായും അട്ടഹാസങ്ങളായും സ്ത്രീത്വത്തിന്റെ വില പറഞ്ഞു. അതുകൊണ്ടു തന്നെയാണ് അവൾ നീതി നിഷേധിക്കപ്പെട്ട മറ്റൊരുവൾക്കു നേരെ കൈകൾ നീട്ടിയതും, നിയമം കൈവെള്ളയിലിട്ടു അമ്മാനമാടുന്ന കറുത്ത കോട്ടിട്ട കടവാവലുകൾ അവളുടെ സിംഹഗർജനം ഭയന്ന് വിരണ്ടു തിരിഞ്ഞോടിയതും…

Story Highlights: viral photoshoot on International Women’s Day arun raj r nair

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here