‘ചേച്ചിയുടെ അവസാന ആഗ്രഹമായിരുന്നു അത്, ആശുപത്രി കിടക്കയിൽ ഇതെല്ലാം പറഞ്ഞേൽപ്പിച്ചിരുന്നു’; സഹോദരൻ പി സുരേഷ്

അന്തരിച്ച നടിയും അവതാരകയുമായ സുബി സുരേഷിന്റെ അവസാനത്തെ ആഗ്രഹം പ്രേക്ഷകരുമായി പങ്കുവച്ച് സഹോദരൻ പി സുരേഷ്. സുബി അവസാനമായി ചിത്രീകരിച്ച പല വ്‌ളോഗുകളും അപ്ലോഡ് ചെയ്തിട്ടില്ലെന്നും, അവ അപ്ലോഡ് ചെയ്യണമെന്ന് സുബി പറഞ്ഞേൽപ്പിച്ചിരുന്നതായും സഹോദരൻ ഫേസ്ബുക്ക് വിഡിയോയിൽ വ്യക്തമാക്കി. ( subi suresh last wish )
‘നമസ്‌കാരം, ഞാൻ പി സുരേഷ്. സുബി സുരേഷിന്റെ സഹോദരനാണ്. ഞാനിപ്പോൾ ഈ വിഡിയോയുമായി വരാൻ കാരണം, എല്ലാവരോടും നന്ദി പറയാനാണ്. എന്റെ ചേച്ചിയെ നിങ്ങൾ കുടുംബത്തിലെ ഒരംഗമായി കണ്ടതിന്, ചേച്ചിക്ക് വേണ്ടി പ്രാർത്ഥിച്ചതിന് നന്ദി. ചേച്ചിയെ ചികിത്സിച്ച ഡോക്ടർമാരോടും, ഭൂമിയിലെ മാലഖമാർ എന്ന് പറയുന്ന നഴ്‌സുമാരോടും നന്ദി. ചേച്ചിയെ വളരെ നല്ല രീതിയിൽ തന്നെ അവർ പരിചരിച്ചു. കരൾ മാറ്റ ശസ്ത്രക്രിയയുടെ പേപ്പർ വർക്കിന് വേണ്ടി കഷ്‌പ്പെട്ടപ്പോൾ വളരെ പെട്ടെന്ന് തന്നെ അതിന് സഹായിച്ച സുരേഷ് ഗോപി സാറിനും, ഹൈബി ഈടൻ സാറിനും, എൽദോസ് കുന്നപ്പിള്ളി സാറിനും, ടിനി ടോം ചേട്ടനും, ധർമജൻ ചേട്ടനും, പിഷാരടി ചേട്ടനും, രാഹുൽ ചേട്ടനും ഈ വിഡിയോയിലൂടെ നന്ദി പറയുകയാണ്. വളരെ അധികം എല്ലാവരും കഷ്ടപ്പെട്ടു. ചേച്ചി വളരെ അധികം ആഗ്രഹിച്ച് തുടങ്ങിയതാണ് ഈ ഫേസ്ബുക്ക് പേജും യൂട്യൂബ് പേജും. ഹോസ്പിറ്റലിൽ കിടന്നപ്പോഴും എന്നോട് പറയുമായിരുന്നു, ഞാൻ കുറച്ച് വിഡിയോ എടുത്ത് വച്ചിട്ടുണ്ടെന്നും അത് അപ്ലോഡ് ചെയ്യണമെന്നും. ഹോസ്പിറ്റലിലാണെങ്കിലും ആളുടെ മനസ് ഇവിടെയായിരുന്നു. അതുകൊണ്ട് തന്നെ ചേച്ചിയുടെ യൂട്യൂബും ഫേസ്ബുക്കുമൊന്നും കളയുന്നില്ല. ചേച്ചി എടുത്ത വച്ച വിഡിയോസ് ഈ ചാനലിലൂടെ ഇടുകയാണ്. ചേച്ചിയുടെ അവസാനത്തെ വിഡിയോസാണ് എല്ലാം. നല്ല നല്ല കാര്യങ്ങൾക്ക് വേണ്ടി ഈ ചാനൽ ഉപയോഗിക്കും. കൂടെ നിന്നതിനും എല്ലാത്തിനും നന്ദി.
കരൾ-ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഫെബ്രുവരി 22ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു സുബി സുരേഷിന്റെ അന്ത്യം. ടെലിവിഷൻ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി സ്‌കിറ്റുകൾ അവതരിപ്പിച്ച് കോമഡി റോളുകളിൽ തിളങ്ങിയ താരമാണ് സുബി സുരേഷ്. കോമഡി പരമ്പരയിലൂടെയും സിനിമാലയിലൂടെയും സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളുടെ പരിപാടിയുടെ അവതാരകയായിരുന്നു സുബി. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്.
Story Highlights: subi suresh last wish
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here