‘ചൈനയിലെ ജനങ്ങൾക്ക് പരമശിവന്റെ അനുഗ്രഹമുണ്ടാകട്ടെ’; ഷീ ജിൻ പിംഗിന് ആശംസ നേർന്ന് കൈലാസ രാജ്യവും

ചൈനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷീ ജിൻ പിംഗിന് ആശംസ നേർന്ന് നിരവധി ലോകനേതാക്കൾ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ അക്കൂട്ടത്തിൽ കൈലാസ എന്ന സാങ്കൽപിക രാജ്യവും വന്നിരിക്കുകയാണ്. കൈലാസയുടെ വേരിഫൈഡ് പേജിൽ നിന്നാണ് ഷീ ജിൻ പിംഗിന് ആശംസ ലഭിച്ചിരിക്കുന്നത്. ( united states of kailasa wish xi jinping )
‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുടേയും, ഹിന്ദുവിസത്തിന്റെ മഹാചാര്യൻ ഹിസ് ഡിവൈൻ ഹോളിനസ്സ് ഭഗവാൻ നിത്യാനന്ദ പരമശിവയുടേയും പേരിൽ ഷീ ജിൻ പിംഗിന് ആശംസ നേരുന്നു. നിങ്ങളുടെ മഹത്തായ രാജ്യവും കൈലാസവും തമ്മിലുള്ള സൗഹൃദപരമായ ബന്ധത്തിനായി ഉറ്റുനോക്കുന്നു. ചൈനയിലെ ജനങ്ങൾക്ക് പരമശിവന്റെ അനുഗ്രഹമുണ്ടാകട്ടെ’- ട്വീറ്റ് ഇങ്ങനെ.
സ്വയം പ്രഖ്യാപിത ആൾദൈവവും പീഡനക്കേസ് പ്രതിയുമായ നിത്യാനന്ദയാണ് ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുടെ സ്ഥാപകനും പരമാധികാരിയും. നിത്യാനന്ദയുടെ ആശ്രമത്തിൽ നിന്ന് ഒരു കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഗുജറാത്തിൽ നിന്ന് നിത്യാനന്ദ കടന്നുകളയുന്നത്. പിന്നീട് പുറത്ത് വരുന്ന വിവരം ആർക്കുമറിയാത്ത ഒരു സ്ഥലത്ത് നിത്യാനന്ദ ‘കൈലസ’ എന്ന രാജ്യമുണ്ടാക്കിയെന്നാണ്. യുഎന്നിൽ നിത്യാനന്ദയുടെ സാങ്കൽപിക രാജ്യത്തിന് അംഗത്വം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
Read Also: എവിടെയാണ് റിപ്പബ്ലിക് ഓഫ് കൈലാസ? ഒരാൾക്ക് എങ്ങനെ സ്വന്തം രാജ്യം നിർമ്മിക്കാനാകും?
ഈ കൈലാസ രാജ്യം യഥാർത്ഥത്തിൽ കണ്ടവരില്ല. ഇക്വഡോറിലെ തീരത്തായി 0.0165 ചതുരശ്ര കിമി വാങ്ങി ഈ പ്രദേശത്തെ ഒരു രാജ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിത്യാനന്ദ. ഒരു റിസോർട്ട് പണിയാനാണെന്ന വ്യജേനയാണ് നിത്യാനന്ദ ഇക്വഡോറിൽ നിന്ന് ഭൂമി വാങ്ങിയത്. തുടർന്ന് ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യ്ക്ക് രൂപം നൽകി ലോകമെമ്പാടും പീഡനം അനുഭവിക്കുന്ന ഹൈന്ദവ വിശ്വാസികൾക്ക് അഭയകേന്ദ്രമായി പ്രഖ്യാപിച്ചു. ഇംഗ്ലീഷ്, സംസ്‌കൃതം, തമിഴ് എന്നിവയാണ് കൈലാസയിലെ ഔദ്യോഗിക ഭാഷ. ഇവിടുത്തെ ജനസംഖ്യ പൂജ്യമാണെങ്കിലും ലോകമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികൾ തന്റെ രാജ്യത്തെ പൗരന്മാരാണെന്നാണ് നിത്യാനന്ദയുടെ അവകാശവാദം. ഈ വിജനമായ രാജ്യത്ത് നിത്യാനന്ദ പോലും താമസിക്കുന്നില്ല എന്നതാണ് വിചിത്രം. നിത്യാനന്ദയും നിത്യാനന്ദ രൂപീകരിച്ച സർക്കാരിലെ ഭരണകർത്താക്കളും മറ്റെവിടെയോ ഇരുന്നാണ് പ്രവർത്തിക്കുന്നത്.
On behalf of the United States of KAILASA and the Supreme Pontiff of Hinduism, His Divine Holiness Bhagavan Nithyananda Paramashivam, we convey our heartfelt congratulations H.E. Xi Jinping as President of the People's Republic of China.
— KAILASA's SPH Nithyananda (@SriNithyananda) March 11, 2023
We would like to offer to you our most… https://t.co/8Q3cCZdR34 pic.twitter.com/vOyCH8Xev1
പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ള നിത്യാനന്ദയ്‌ക്കെതിരെ കർണാടക കോടതി 2010 ൽ ജാമ്യരഹിത വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നിത്യാനന്ദയുടെ ഡ്രൈവർ ലെനിന്റെ പരാതിപ്രകാരം നിത്യാനന്ദയെ അറസ്റ്റ് ചെയ്ത് പിന്നാലെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. എന്നാൽ 2020 ൽ നിത്യാനന്ദ രാജ്യം വിട്ടുവെന്ന് ലെനിൻ കോടതിയിൽ അറിയിച്ചതിനെ തുടർന്ന് നിത്യാനന്ദയുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു.
Story Highlights: united states of kailasa wish xi jinping
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here