ബ്രഹ്മപുരം തീ, ആശങ്ക ജനിപ്പിക്കുന്ന വാർത്തകൾ കണ്ട് ഭയപ്പെടരുത്; മന്ത്രി വീണ ജോർജ്

ബ്രഹ്മപുരം വിഷയവുമായി ബന്ധപ്പെട്ട് ആശങ്ക ജനിപ്പിക്കുന്ന വാർത്തകൾ കണ്ട് ഭയപ്പെടരുതെന്ന് മന്ത്രി വീണ ജോർജ്. കുട്ടികൾ, പ്രായമുള്ളവർ, ഗർഭിണികൾ തുടങ്ങിയവർ പ്രേത്യേകം ശ്രദ്ധിക്കണം. പുറത്ത് ഇറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണം. 799 പേരാണ് ഇതുവരെ ചികിത്സ തേടിയതെന്നും 17 പേരെ കിടത്തി ചികിത്സിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. ( Veena George reacts to Brahmapuram fire ).
സർക്കാർ മൻകൈയെടുത്ത് കൂടുതൽ ക്യാമ്പുകൾ സംഘടിപ്പിക്കും. പ്രൈവറ്റ് ആശുപത്രി മുതലായവയുടെ സഹകരണം ഉറപ്പാക്കും. അർബൺ ശ്വാസ് ക്ലിനിക്ക് ആരംഭിക്കും. ആരോഗ്യ സർവ്വേ ചൊവ്വാഴ്ച മുതൽ ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. മൊബൈൽ യൂണിറ്റുകളും ഉണ്ടായിരിക്കും. എറണാകുളം ജില്ലയിൽ പകർച്ച വ്യാധികൾക്ക് എതിരെയുള്ള നടപടികൾ ആരംഭിക്കും. അഗ്നിശമന സേനയിൽ ഉൾപ്പെട്ടവർക്ക് ആരോഗ്യ പരിശോധനകൾ നൽകും.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കൽ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് എറണാകുളം ജില്ലാ കളക്ടർ എൻഎസ്‌കെ ഉമേഷ് അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉമേഷ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ 90 ശതമാനത്തിന് മുകളിൽ വരുന്ന പ്രദേശത്തെ പുക പൂർണമായും നിയന്ത്രിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന പ്രദേശത്തുള്ള പുക കൂടി അണയ്ക്കാനുള്ള തീവ്ര ദൗത്യം ത്വരിതഗതിയിൽ പുരോഗമിക്കുകയാണെന്ന് കളക്ടർ അറിയിച്ചു.
മാലിന്യ കൂനയുടെ അടിഭാഗത്തേക്ക് തീ വ്യാപിച്ചതാണ് ഏറെ വെല്ലുവിളിയായത്. ഇതിന് പരിഹാരമായി എസ്‌കവേറ്റർ/ മണ്ണുമാന്തികൾ ഉപയോഗിച്ച് മാലിന്യം നീക്കി കുഴികൾ രൂപപ്പെടുത്തി അതിലേക്ക് വെള്ളം പമ്പു ചെയ്താണ് പുക പൂർണമായും നിയന്ത്രണ വിധേയമാക്കുന്നത്. ഏറെ ശ്രമകരമായ ഈ ഉദ്യമവും ഇപ്പോൾ അവസാന ഘട്ടത്തിലാണ്.
രാപ്പകൽ വ്യത്യാസമില്ലാതെ തുടരുന്ന ദൗത്യത്തിൽ നിലവിൽ (ശനിയാഴ്ച – മാർച്ച് 11) 170 അഗ്‌നിശമന സേനാംഗങ്ങളും, 32 എക്‌സ്‌കവേറ്റർ ഓപ്പറേറ്റർമാരും, 11 നേവി ഉദ്യോഗസ്ഥരും, സിയാലിലെ 4 പേരും, ബി.പി.സി.എല്ലിലെ 6 പേരും, 71 സിവിൽ ഡിഫൻസ് അംഗങ്ങളും, 30 കൊച്ചി കോർപ്പറേഷൻ ജീവനക്കാരും ഉദ്യോഗസ്ഥരും, 20 ഹോം ഗാർഡുകളുമാണ് പങ്കാളികളായിരിക്കുന്നത്. 23 ഫയർ യൂണിറ്റുകളും, 32 എസ്‌കവേറ്റർ / ജെ.സി.ബികളും മൂന്ന് ഹൈ പ്രഷർ പമ്പുകളുമാണ് നിലവിൽ പുക അണയ്ക്കുന്നതിനായി ഉപയോഗിക്കുന്നതെന്നും കളക്ടർ വ്യക്തമാക്കി.
Story Highlights: Veena George reacts to Brahmapuram fire