മൂന്ന് വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കിംഗ് കോലിക്ക് ടെസ്റ്റ് സെഞ്ചുറി; ലീഡിനരികെ ഇന്ത്യ

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിരാട് കോലിക്ക് ടെസ്റ്റ് സെഞ്ചുറി. ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ നാലാം മത്സരത്തിൻ്റെ ഒന്നാം ഇന്നിംഗ്സിലാണ് കോലി തൻ്റെ സെഞ്ചുറി വരൾച്ച അവസാനിപ്പിച്ചത്. കളിയിൽ ലീഡ് നേടാൻ ഇന്ത്യ പൊരുതുകയാണ്. നിലവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 400 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 80 റൺസ് പിന്നിലാണ് ഇന്ത്യ.
നതാൻ ലിയോൺ എറിഞ്ഞ 139ആം ഓവറിലെ രണ്ടാം പന്തിലാണ് കോലി മൂന്നക്കം പിന്നിട്ടത്. ഇത് കോലിയുടെ 28ആം ടെസ്റ്റ് സെഞ്ചുറിയും 75ആം കരിയർ സെഞ്ചുറിയുമാണ്. 2019 നവംബറിൽ ബംഗ്ലാദേശിനെതിരെയാണ് കോലി അവസാനമായി ടെസ്റ്റ് സെഞ്ചുറി നേടിയത്. കഴിഞ്ഞ 41 ഇന്നിംഗ്സുകളായി കോലി സെഞ്ചുറി നേടിയിരുന്നില്ല.
നാലാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ കൂറ്റൻ സ്കോർ നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 480 റൺസിന് ഓളൗട്ടായി. ഉസ്‌മാൻ ഖവാജയാണ് (180) ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ. കാമറൂൺ ഗ്രീനും (114) ഓസീസിനായി തിളങ്ങി. ഇന്ത്യക്കായി ആർ അശ്വിൻ 6 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ഇന്ത്യ തിരിച്ചടിക്കുകയാണ്. ശുഭ്മൻ ഗിൽ (128) സെഞ്ചുറി നേടി പുറത്തായപ്പോൾ വിരാട് കോലി (100 നോട്ടൗട്ട്) ക്രീസിൽ തുടരുകയാണ്. കെഎസ് ഭരത് (44), ചേതേശ്വർ പൂജാര (42) എന്നിവരും തിളങ്ങി.
ഒരു ബാറ്റർ കുറവായതിനാൽ ശ്രദ്ധയോടെ ബാറ്റ് ചെയ്യാനാവും ഇന്ത്യ ശ്രമിക്കുക. ഒരു ദിവസവും രണ്ട് സെഷനും മാത്രം ശേഷിക്കെ കളി സമനിലയിലേക്കാണ് നീങ്ങുന്നത്.
Story Highlights: virat kohli test century australia test