‘വാഴക്കാലയിലെ ലോറന്‍സിന്റെ മരണകാരണം കണ്ടെത്താന്‍ ഡെത്ത് ഓഡിറ്റ്’; നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി

ബ്രഹ്‌മപുരം മാലിന്യപ്ലാന്റില്‍ നിന്നുയരുന്ന പുകയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാഴക്കാലയിലെ ലോറന്‍സിന്റെ മരണകാരണം കണ്ടെത്താന്‍ ഡെത്ത് ഓഡിറ്റിന് നിര്‍ദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു. (Brahmapuram fire health survey health minister veena George)
ഇന്നലെയാണ് ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായ ലോറന്‍സ് മരിച്ചത്. വിഷപ്പുക ശ്വസിച്ചാണ് ലോറന്‍സ് മരിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വിഷപ്പുകയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിദഗ്ധ സമിതി പഠനം നടത്തുമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി. ആരോഗ്യ സര്‍വെ ആരംഭിച്ച് കഴിഞ്ഞെന്നും ഇതുവരെ 1576 പേരുടെ വിവരങ്ങള്‍ ശേഖരിച്ചതായും മന്ത്രി മാധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു.
Read Also: ഓസ്കർ നിറവിൽ ഇന്ത്യ, ദി എലിഫൻ്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം
ബ്രഹ്‌മപുരം വിഷയത്തിലെ പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് നേരെയും മന്ത്രി ആഞ്ഞടിച്ചു. വിഷയത്തില്‍ പ്രതിപക്ഷം അവാസ്തവമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. താന്‍ പറയാത്ത കാര്യങ്ങള്‍ പ്രതിപക്ഷം പറഞ്ഞ് പ്രചരിപ്പിക്കുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. താന്‍ അങ്ങനെ പറഞ്ഞെങ്കില്‍ മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യില്ലേ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Story Highlights: Brahmapuram fire health survey health minister veena George
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here