‘അദ്ദേഹത്തിനും ചുറ്റും നവമാധ്യമങ്ങളിൽ നടക്കുന്ന വിവാദങ്ങളിൽ ഭാഗഭാക്കാവാൻ താത്പര്യമില്ല’; റോബിൻ വിഷയത്തിൽ നിർമാതാവ് സന്തോഷ്

ബിഗ് ബോസ് താരം ഡോ.റോബിൻ രാധാകൃഷ്ണന്റെ സിനിമാ വിവാദത്തിൽ പ്രതികരണവുമായി നിർമാതാവ് സന്തോഷ് ടി കുരുവിള. നിലവിൽ അദ്ദേഹത്തിനും ചുറ്റും നവമാധ്യമങ്ങളിൽ നടക്കുന്ന വിവാദങ്ങളിൽ ഭാഗഭാക്കാവാൻ വ്യക്തിപരമായും അല്ലാതേയും താൽപര്യമില്ലെന്ന് സന്തോഷ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പറഞ്ഞു. ( santhosh kuruvila about robin radhakrishnan )
സന്തോഷ് ടി കുരുവിളയുടെ പോസ്റ്റിന്റെ പൂർണ രൂപം :
ഡോക്ടർ റോബിൻ രാധാകൃഷ്ണൻ , ബിഗ്‌ബോസ് ഷോയിൽ നിന്ന് പുറത്ത് വന്നതിനു ശേഷം അദ്ദേഹത്തിന്റെ സിനിമാ പ്രവേശനത്തിനുള്ള സാധ്യതകളാരായാൻ ഒരു നിർമ്മാതാവ് എന്ന നിലയിൽ എന്നെ സമീപിച്ചിരുന്നു എന്നത് വസ്തുതയാണ്.
പുതുമുഖങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്ന ഒരു നിർമ്മാണ കമ്പനി എന്ന നിലയിൽ അദ്ദേഹത്തിന്റെ ചലച്ചിത്ര മോഹങ്ങളെ സാകൂതം ശ്രവിയ്ക്കുകയും ചെയ്തു.
തുടർന്ന് അദ്ദേഹത്തിന് അനുയോജ്യമായ ഒരു സബ്ജക്ടും അത് നിർവ്വഹിക്കുവാൻ തയ്യാറായ സങ്കേതിക വിദഗ്ധരെ കണ്ടെത്തുന്നതിനു മായ് പരിശ്രമങ്ങൾ എന്റെ നിർമ്മാണ കമ്പനി ആരംഭിയ്ക്കുകയും ചെയ്തിരുന്നു.
വരുവാൻ പോവുന്ന പ്രൊജക്ടിനെ ക്കുറിച്ചുള്ള മീഡിയാ അപ്‌ഡേഷൻസും കൂടാതെ ശ്രീ മോഹൻലാലിന്റെ പേജിലൂടെ നടത്തിയ പ്രഖ്യാപനവും ഡോക്ടർ റോബിന്റേയും ടീമിന്റേയും നേതൃത്വത്തിൽ നടന്നിട്ടുള്ളതാണ്.
ആ ഘട്ടത്തിൽ തന്നെ ശ്രീ റോബിൻ രാധാകൃഷ്ണൻ മലയാളത്തിലെ നിരവധിയായ നിർമ്മാതാക്കളെ കാണുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു എന്നാണ് അറിഞ്ഞിരുന്നത്.
കോവിഡാനന്തരം ,സിനിമാ മേഖലയിലാകെ ഉണ്ടാകുന്ന മാറ്റങ്ങളെ നിരീക്ഷിയ്ക്കുകയും പിന്നീട് വളരെയധികം അവധാനതയോടു കൂടിയുമാണ് ഓരോ പ്രൊജക്ടുകളെയും സമീപിച്ചു വരുന്നത്. അടിസ്ഥാനപരമായ് ഞാനൊരു പ്രവാസി വ്യവസായിയും നിരവധി രാജ്യങ്ങളിൽ ബിസിനസ്സ് ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ്. സിനിമാ നിർമ്മാണം ഒരു ബിസിനസ്സ് നിലയിൽ എന്റെ പ്രഥമ പരിഗണനയിലുള്ള ഒന്നല്ല എന്നതാണ് വാസ്തവം പക്ഷെ സിനിമ വ്യക്തിപരമായ് ഒരു പാഷൻതന്നെയാണ് ഇപ്പോഴും എപ്പോഴും ! ഏതൊരു പ്രൊജക്ടിനും ഒരു മികച്ച സബ്ജക്ടും ടീമും ഉരുത്തിരിയുന്നതുവരെ കാത്തിരിയ്ക്കുക എന്നതാണ് ഒരു ശൈലിയായ് സ്വീകരിച്ചിട്ടുള്ളത്.
അഥവാ അങ്ങിനെ സംഭവിച്ചില്ലെങ്കിൽ അത് ഉപേക്ഷിയ്ക്കുകയും ചെയ്‌തേക്കാം. ഡോ റോബിൻ രാധാകൃഷ്ണൻ സിനിമാ മേഖലയിൽ സ്വപ്രയത്‌നത്താൽ ഉയർന്ന് വരുന്നതിനും ശോഭിയ്ക്കുകയും ചെയ്യുന്നതിന് യാതൊരു വിധ പ്രശ്‌നങ്ങളും ഉള്ളതായ് കരുതുന്നില്ല. നിലവിൽ അദ്ദേഹത്തിനും ചുറ്റും നവമാധ്യമങ്ങളിൽ നടക്കുന്ന വിവാദങ്ങളിൽ ഭാഗഭാക്കാവാൻ വ്യക്തിപരമായും അല്ലാതേയും താൽപര്യമില്ല എന്ന് കൂടി അറിയിച്ചു കൊള്ളട്ടെ .
എസ്ടികെ ഫ്രെയിംസിന്റെ ബാനറിൽ റോബിൻ കേന്ദ്ര കഥാപാത്രത്തിലെത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ ഉൾപ്പെടെ നിരവധി പേർ പങ്കുവച്ചിരുന്നു.
Story Highlights: santhosh kuruvila about robin radhakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here