ഐഎസ്എൽ 2022-23; കിരീടത്തിൽ മുത്തമിട്ട് എടികെ മോഹൻ ബഗാൻ, വിജയം പെനാൽറ്റി ഷൂട്ടൗട്ടിൽ

ഒരു ഫൈനൽ എങ്ങനെയായിരിക്കണമോ, അത്രമാത്രം തീവ്രമായി പോരാടിയ രണ്ട് ടീമുകൾ, അവസാനം വരെയും ആവേശം നിറഞ്ഞുനിന്ന ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ഫൈനൽ. കിരീടം ഒടുവിൽ എടികെ മോഹൻ ബഗാന് സ്വന്തം. ബംഗളൂരു എഫ്സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ ( 4-3) പരാജയപ്പെടുത്തിയാണ് എടികെ കിരീടം നേടിയത്. ( ISL 2022-23 ATK Mohun Bagan won the title ).
നിശ്ചിത സമയത്തും അധിക സമയത്തും 2-2ന് സമനില പാലിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ വിശാൽ കെയ്ത്ത് എന്ന ഗോൾകീപ്പർ എടികെയുടെ രക്ഷകനാവുകയായിരുന്നു. ഇത് നാലാം തവണയാണ് എടികെ ഐഎസ്എൽ കിരീടം സ്വന്തമാക്കുന്നത്. എടികെ മോഹൻ ബഗാനെന്ന് പേര് മാറ്റിയതിന് ശേഷം നേടുന്ന ആദ്യ കിരീടമെന്ന പ്രത്യേകതയും ഇതിനുണ്ട്.
Read Also: ബ്ലാസ്റ്റേഴ്സിന് വിലക്ക് ഏർപ്പെടുത്തരുത്; എഐഎഫ്എഫിനോട് ഐഎസ്എൽ സംഘാടകർ
സെമിയിലും പെനാൽറ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു എടികെയുടെ വിജയം. മത്സരത്തിന്റെ 14-ാം മിനിറ്റിൽ പെട്രടോസ് നേടിയ പെനാൽറ്റി ഗോളിൽ ആദ്യം മുന്നിലെത്തിയത് എടികെയായിരുന്നുവെങ്കിലും ആദ്യ പകുതിയുടെ അധിക സമയത്ത് സുനിൽ ഛേത്രി നേടിയ പെനാൽറ്റി ഗോളിൽ ബംഗളൂരു ഒപ്പമെത്തി. 78-ാം മിനിറ്റിൽ റോയ് കൃഷ്ണയുടെ ഗോൾ കൂടിയെത്തിയതോടെ ബംഗളൂരു 2-1ന്റെ ലീഡ് നേടിയിരുന്നു. എന്നാൽ മത്സരത്തിന്റെ 85-ാം മിനിറ്റിൽ ദിമിത്രി പെട്രടോസ് നേടിയ പെനാൽറ്റി ഗോൾ എടികെയെ മത്സരത്തിൽ ഒപ്പമെത്തിച്ചു.
എക്സ്ട്രാ ടൈമും സമനിലയിൽ കലാശിച്ചതോടെ പെനാൽറ്റി ഷൂട്ടൗട്ട് കളിയുടെ വിധി കുറിക്കുകയായിരുന്നു. 2 ഗോൾ നേടിയ ദിമിത്രി പെട്രടോസാണ് കളിയിലെ താരം. കഴിഞ്ഞ വർഷത്തെ ഐഎസ്എൽ ഫൈനലും പെനാൽറ്റിയിലൂടെയാണ് നിശ്ചയിക്കപ്പെട്ടത്. അന്ന് കേരള ബ്ലാസ്റ്റേഴ്സിനെ തകർത്ത് ഹൈദരാബാദാണ് കിരീടം നേടിയത്.
Story Highlights: ISL 2022-23 ATK Mohun Bagan won the title