ചില ഓൺലൈൻ മാധ്യമങ്ങൾക്ക് വാർത്തകളെക്കാൾ അശ്ലീലം എഴുതി വിടുന്നതാണ് ശീലം; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾ ആത്മപരിശോധന നടത്തണമെന്ന് കോടതി. അപകീർത്തികരമായ വാർത്തകൾ നൽകിയാൽ നടപടി സ്വീകരിക്കും. ഒരു ഓൺലൈൻ ചാനലിന്റെ രണ്ട് ജീവനക്കാർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ പരാമർശങ്ങൾ ഉണ്ടായത്. ( High Court criticizes online medias ).
വ്യക്തികൾക്കോ മാധ്യമങ്ങൾക്കോ പൗരന്മാരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാനാവില്ല. കൃത്യമായ കാരണമില്ലെങ്കിൽ സർക്കാർ ഏജൻസികൾക്ക് പോലും ഈ അവകാശമില്ല. തടയാൻ നിയമമില്ലെങ്കിൽ പോലും വ്യക്തികളുടെ സ്വകാര്യ നിമിഷങ്ങൾ പരസ്യപ്പെടുത്തുന്നത് കുറ്റകരമായ പ്രവൃത്തിയാണെന്നും കോടതി വാക്കാൽ പറഞ്ഞു.
Read Also: ദേവികുളം എംഎല്‍എ എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
സ്വകാര്യത ഓരോ വ്യക്തിയുടെയും അവകാശമാണ്. ഡിജിറ്റൽ കാലഘട്ടത്തിൽ മനുഷ്യൻ മറന്നാലും വിവരങ്ങൾ ഇന്റർനെറ്റ് മറക്കുകയോ മനുഷ്യനെ മറക്കാൻ അനുവദിക്കുകയോ ചെയ്യില്ല. ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുന്ന അപകീർത്തികരമോ അധിക്ഷേപകരമോ ആയ പരാമർശം ബാധിക്കപ്പെടുന്ന വ്യക്തിയുടെ ജീവിതത്തിൽ മായാത്ത പാടായി നിലനിൽക്കും. അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് ഓൺലൈൻ മാധ്യമങ്ങൾ നിജസ്ഥിതി അന്വേഷിക്കണം.
ചില ഓൺലൈൻ മാധ്യമങ്ങൾക്ക് വാർത്തകളെക്കാൾ അശ്ലീലം എഴുതി വിടുന്നതാണ് ശീലം. ഒരു വിഭാഗം ആളുകൾ ഇവയൊക്കെ തൊണ്ട തൊടാതെ വിഴുങ്ങുന്നുമുണ്ട്. ഇത്തരം ഓൺലൈൻ മാധ്യമങ്ങൾ ആത്മപരിശോധന നടത്തണം. ചിലരുടെ പ്രവർത്തനത്തിന്റെ ഭാഗമായി ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന വിശ്വാസം നഷ്ടപ്പെടുന്നുവെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
മന്ത്രി വീണാ ജോർജെന്ന വ്യാജേന തന്നെ വച്ച് അശ്ലീല വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചു എന്ന് നേരത്തെ ക്രൈം എഡിറ്റർ ടി പി നന്ദകുമാറിനെതിരെ യുവതി പരാതി നൽകിയിരുന്നു. ഈ യുവതിയെക്കുറിച്ച് അപകീർത്തികരമായ വിഡിയോ പ്രസിദ്ധീകരിച്ചെന്ന കേസിൽ ഓൺലൈൻ ചാനലിന്റെ രണ്ട് ജീവനക്കാർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി തള്ളി കൊണ്ടാണ് ജസ്റ്റിസ് വി ജി അരുണിന്റെ പരാമർശങ്ങൾ.
Story Highlights: High Court criticizes online medias
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here