Advertisement

ആദ്യം എറിഞ്ഞിട്ടു, പിന്നെ അടിച്ചൊതുക്കി; മുംബൈക്കെതിരെ ഡൽഹിക്ക് വമ്പൻ ജയം

March 20, 2023
Google News 2 minutes Read
wpl delhi won mumbai

വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് തുടർച്ചയായ രണ്ടാം പരാജയം. ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരെ 9 വിക്കറ്റിനാണ് മുംബൈ മുട്ടുമടക്കിയത്. മുംബൈ മുന്നോട്ടുവച്ച 110 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വെറും 9 ഓവറിൽ ഡൽഹി മറികടന്നു. ആലിസ് കാപ്സിയാണ് (38) ഡൽഹി ക്യാപിറ്റൽസിൻ്റെ ടോപ്പ് സ്കോറർ. മിന്നും ജയത്തോടെ ഡൽഹി മുംബൈയെ മറികടന്ന് പോയിൻ്റ് പട്ടികയിൽ ഒന്നാമെത്തി. ഇരു ടീമുകൾക്കും 7 മത്സരങ്ങളിൽ നിന്ന് 10 പോയിൻ്റാണ് ഉള്ളതെങ്കിലും ഇന്നത്തെ കളിയിലൂടെ നേടിയ മികച്ച റൺ റേറ്റ് ഡൽഹിയെ ഒന്നാമത് എത്തിക്കുകയായിരുന്നു. (wpl delhi won mumbai)

Read Also: അവസാന ഓവർ വരെ ആവേശം; റൺ മല താണ്ടി യുപി പ്ലേ ഓഫിൽ

കഴിഞ്ഞ മത്സരത്തിലേറ്റ ആഘാതത്തിൽ നിന്ന് പുറത്തുകടന്നിട്ടില്ലെന്ന് സൂചിപ്പിക്കുന്നതായിരുന്നു മുംബൈ ഇന്ത്യൻസിൻ്റെ ബാറ്റിംഗ്. കൃത്യതയോടെ പന്തെറിയുകയും ഫീൽഡിൽ ചടുലമായി ഇടപെടുകയും ചെയ്ത ഡൽഹി മുംബൈയെ തുടക്കം മുതൽ വരിഞ്ഞുമുറുക്കി. യസ്തിക ഭാട്ടിയ (1), നതാലി ബ്രൻ്റ് (0) എന്നിവരെ മൂന്നാം ഓവറിൽ മടക്കിയ മരിസേൻ കാപ്പ് തകർച്ചയ്ക്ക് തുടക്കമിട്ടു. ഹേലി മാത്യൂസ് (5), അമേലിയ കെർ (8) എന്നിവരും വേഗം മടങ്ങിയപ്പോൾ മുംബൈ 4 വിക്കറ്റ് നഷ്ടത്തിൽ 21 റൺസ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. അഞ്ചാം വിക്കറ്റിൽ ഹർമൻപ്രീത് കൗറും പൂജ വസ്ട്രാക്കറും ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും 19 പന്തിൽ 26 റൺസെടുത്ത് പൂജ മടങ്ങിയതോടെ മുംബൈ വീണ്ടും ബാക്ക്ഫൂട്ടിലായി. ഹർമൻ (23) കൂടി മടങ്ങിയതോടെ മുംബൈ 100 കടക്കില്ലെന്ന് തോന്നിയെങ്കിലും ഇസി വോങ്ങും (13), അമൻജോത് കൗറും (19) ചേർന്ന് മുംബൈയെ ആ കടമ്പ കടത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിൽ ഡൽഹിയ്ക്ക് കാര്യങ്ങൾ എളുപ്പമായിരുന്നു. 15 പന്തിൽ 33 റൺസെടുത്ത ഷഫാലി വർമ, 17 പന്തിൽ പുറത്താവാതെ 38 റൺസ് നേടിയ ആലിസ് കാപ്സി , 22 പന്തിൽ പുറത്താവാതെ 32 റൺസ് നേടിയ മെഗ് ലാനിങ്ങ് എന്നിവർ ചേർന്ന് മുംബൈയെ കശാപ്പു ചെയ്യുകയായിരുന്നു. ഷഫാലിയുടെ വിക്കറ്റ് ഹേലി മാത്യൂസ് സ്വന്തമാക്കി.

Story Highlights: wpl delhi capitals won mumbai indians

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here