എന്താണ് ഡോണൾഡ് ട്രംപ് ഉൾപ്പെട്ട പോൺ താരം സ്‌റ്റോമി ഡാനിയേൽസ് വിവാദം ?

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഡോണൾഡ് ട്രംപ് വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. പോൺ താരം സ്‌റ്റോമി ഡാനിയൽസുമായി ബന്ധപ്പെട്ട വിവാദത്തിൽ ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന അവസ്ഥയിലാണ് ട്രംപ്. 2016 ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംഭവ വികാസങ്ങളുടെ തുടർക്കഥയാണ് ഇപ്പോൾ നടക്കുന്നത്. അന്ന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് ? ( Donald Trump Porn Star Stormy Daniels Controversy )
2006 ലാണ് കേസിനാസ്പദമായ സംഭവം. സ്റ്റോമി ഡാനിയൽസ് എന്നറിയപ്പെടുന്ന സ്റ്റെഫാനി ക്ലിഫോർഡിന് അന്ന് പ്രായം 27 വയസ്. ‘ദ അപ്രന്റിസ് ‘ എന്ന പരിപാടിയിൽ പങ്കെടുപ്പിക്കാമെന്ന് പറഞ്ഞ് ട്രംപ് സ്റ്റെഫാനിയെ തന്റെ കിടപ്പറ പങ്കിടാൻ നിർബന്ധിതയാക്കി. തുടർന്ന് ഇടയ്ക്കിടെ ട്രംപ് സ്റ്റോമിയെ ഫോണിലൂടെ ‘ഹണിബഞ്ച്’ എന്ന് വിളിച്ച് ശല്യപ്പെടുത്തി തുടങ്ങി. ആദ്യമൊക്കെ മനസില്ലാ മനസോടെ സ്‌റ്റെഫാനി കോൾ എടുക്കുമായിരുന്നുവെങ്കിൽ പിന്നീട് പതിയെ കോളുകൾ ഒഴിവാക്കി തുടങ്ങി. ട്രംപിന്റേത് വെറും കപട വാഗ്ദാനമായിരുന്നുവെന്ന് സ്റ്റോമി തിരിച്ചറിഞ്ഞിരുന്നു. മെലാനിയ ട്രംപുമായി വിവാഹം കഴിഞ്ഞ് വെറും ഒരു വർഷത്തിന് ശേഷമായിരുന്നു സ്റ്റോമിയുമായുള്ള ട്രംപിന്റെ ബന്ധം.
2011 താൻ നേരിട്ട ദുരനുഭവം ലോകത്തോട്് വിളിച്ചറിയിക്കാനായി ഒരു പബ്ലിക്കേഷനുമായി ധാരണയിലെത്തിയെങ്കിലും ട്രംപിന്റെ അറ്റോണിയായിരുന്ന മൈക്കിൾ കോഹന്റെ ഭീഷണി ഭയന്ന് പബ്ലിക്കേഷൻ പിന്മാറി. 2016 ലാണ് സ്റ്റോമി ഇക്കാര്യം പുറംലോകത്തെ അറിയിക്കുന്നത്. ‘ഇൻ ടച്ച് വീക്ക്‌ലി’ എന്ന മാസികയോടായിരുന്നു വെളിപ്പെടുത്തൽ. ദ അപ്രന്റീസിൽ സ്റ്റോമിക്ക് പകരം മറ്റൊരു പോൺ സ്റ്റാർ ജെന്ന ജേംസണെ പങ്കെടുപ്പിച്ചപ്പോൾ ട്രംപ് സ്‌റ്റോമിയെ വിളിച്ച് ക്ഷമാപണം നടത്തിയിരുന്ന കാര്യവും സ്റ്റോമി വെളിപ്പെടുത്തി. താനുമായി ബന്ധമുണ്ടായിരുന്ന വിവരം പുറത്ത് പറയാതിരിക്കാൻ ട്രംപിന്റെ അറ്റോണിയായിരുന്ന മൈക്കിൾ കോഹൻ 1,30,000 ഡോളർ നൽകിയ വിവരവും സ്‌റ്റോമി വെളിപ്പെടുത്തി.
ഈ സമയത്ത് തന്നെ ഒരു ടി.വി ഷോയ്ക്കിടെ അതിൽ പങ്കെടുക്കാനെത്തിയ നടിയെ കയറിപിടിച്ചത് വിശദീകരിക്കുന്ന ട്രംപിന്റെ വിഡിയോയും പുറത്ത് വന്നത് ട്രംപിന്റെ പ്രതിച്ഛായയ്ക്ക് ഇരട്ടി ആഘാതമായി.
2018 ൽ വാർത്ത മാധ്യമങ്ങൾ ഏറ്റെടുത്തു. പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് തയാറായി ഇരിക്കുകയായിരുന്ന ട്രംപിന് ഇത് വലിയ തിരിച്ചടിയായി. ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത ഏറ്റുപിടിച്ചു. കോഹനും കുറ്റം ഏറ്റ് പറഞ്ഞതോടെ ട്രംപ് പ്രതിരോധത്തിലായി. ഇപ്പോഴും തനിക്കെതിരായ ആരോപണങ്ങളെല്ലാം ട്രംപ് നിഷേധിക്കുകയാണെങ്കിലും തെളിവുകളെല്ലാം മുൻ പ്രസിഡന്റിന് എതിരാണെന്നതാണ് യാഥാർത്ഥ്യം. ട്രംപിന്റെ അറസ്റ്റ് എപ്പോൾ ഉണ്ടാകുമെന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.
Story Highlights: Donald Trump Porn Star Stormy Daniels Controversy