എക്‌സ്‌റേ എടുത്തപ്പോള്‍ മൂന്ന് പവന്റെ മാല പട്ടിക്കുട്ടിയുടെ വയറ്റില്‍, പിന്നെ ട്വിസ്റ്റ്; പാലക്കാട്ടെ ഗോള്‍ഡന്‍ റിട്രീവറുടെ കഥ

കുന്തം പോയാല്‍ കുടത്തിലും തപ്പണമെന്ന് ഒരു ചൊല്ലുണ്ട്. മൂന്ന് പവന്‍ വരുന്ന സ്വര്‍ണമാലയാണ് കാണാതെ പോയതെങ്കില്‍ കുടത്തിലല്ല, വളര്‍ത്തുനായയുടെ വയറിനുള്ളില്‍ വരെ തപ്പേണ്ടി വരും. മാല ഓമന നായയുടെ വയറ്റിലുണ്ടെന്ന് അറിഞ്ഞാലോ പിന്നെ അത് തിരിച്ചെടുക്കുന്നത് വരെ വല്ലാത്ത ടെന്‍ഷനാണ്. നല്ല വിലയുള്ള മാല എടുക്കുകയും വേണം, വിലമതിക്കാനാകാത്ത സ്‌നേഹം കൊടുത്ത് വളര്‍ത്തുന്ന ഓമന നായക്കുട്ടിയ്ക്ക് ഒരു ആപത്തും വരുകയും ചെയ്യരുത്. പിരിമുറുക്കമുള്ള ഇത്തരം ഒട്ടനവധി നിമിഷങ്ങളിലൂടെയാണ് പാലക്കാട്ടെ ഒരു കുടുംബം കഴിഞ്ഞ ദിവസം കടന്നുപോയത്. (gold necklace inside puppy’s stomach Palakkad story )
പാലക്കാട് ആണ്ടിമഠം സ്വദേശികളുടെ നായയാണ് മൂന്ന് പവന്റെ മാല വിഴുങ്ങിയത്. മാല കാണാതെ പല സ്ഥലത്തും നോക്കിയിട്ടും കാണാതെ വന്നതോടെയാണ് മാല നായക്കുട്ടി വിഴുങ്ങിയതാകാം എന്ന സംശയം ഇവര്‍ക്ക് തോന്നുന്നത്. തങ്ങള്‍ വീട് വിട്ട് എവിടെയും പോയിട്ടില്ല എന്നതിനാല്‍ മാല വീട് വിട്ട് പോയിട്ടില്ലെന്ന് കുടുംബത്തിന് ഉറപ്പായിരുന്നു. പെന്‍സില്‍ കടിച്ചുകൊണ്ട് തങ്ങളെ ഉറ്റുനോക്കുന്ന നായക്കുട്ടിയാണോ ഇത് വിഴുങ്ങിക്കളഞ്ഞതെന്ന ചിന്ത പെട്ടെന്ന് വീട്ടുകാരുടെ മനസിലൂടെ പാഞ്ഞു. ഉടന്‍ എക്‌സറേ എടുത്ത് നോക്കിയപ്പോഴാണ് സാധനം നായയുടെ വയറ്റില്‍ സുരക്ഷിതമായി തന്നെയുണ്ടെന്ന് വീട്ടുകാര്‍ മനസിലാക്കിയത്.
Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്
മാല വിഴുങ്ങി ഒരു ദിവസം കഴിഞ്ഞിട്ടും അത് പുറത്തേക്ക് വന്നില്ലെങ്കില്‍ സര്‍ജറി അല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് കുടുംബത്തോട് ഡോക്ടര്‍ പറഞ്ഞു. ഒരു ദിവസം മുഴുവന്‍ വയറ്റില്‍ നിന്ന് മാല പുറത്തുവരുന്നതും കാത്ത് വീട്ടുകാര്‍ ഇരുന്നു. ഒന്നും സംഭവിച്ചില്ല. പിറ്റേന്ന് സര്‍ജറി നടത്താമെന്ന് ഉറപ്പിച്ച് വീട്ടുകാര്‍ ടെന്‍ഷനോടെ ഉറങ്ങാന്‍ കിടന്നു. അല്‍പ സമയം കഴിഞ്ഞ് നായക്കുട്ടി വീട്ടുകാരെ അവന്റെ മുറിയിലേക്ക് വിളിച്ചുകൊണ്ടിരുന്നു. പതിവില്ലാത്ത ഈ വിളി കേട്ട് വീട്ടുകാര്‍ നായയുടെ മുറിയിലേക്ക് ചെന്നുനോക്കി. അവിടെയതാ അവന്‍ അത് സാധിച്ചുവച്ചിട്ടുണ്ടായിരുന്നു. തിരഞ്ഞപ്പോള്‍ മാല സുരക്ഷിതമായി മുറിയിലുണ്ട്. ഈ കാഴ്ച കണ്ട് വീട്ടുകാര്‍ക്ക് സന്തോഷവും അമ്പരപ്പും തോന്നി. എന്തായാലും സര്‍ജറി പോലുള്ള സങ്കീര്‍ണതകളിലേക്ക് പോകാതെ, നായക്കുട്ടിക്ക് ഒരു കുഴപ്പവുമില്ലാതെ മാല തിരികെക്കിട്ടിയതിന്റെ ആശ്വാസത്തിലാണ് ഇപ്പോള്‍ കുടുംബം.
Story Highlights: gold necklace inside puppy’s stomach Palakkad story