Advertisement

വീട്ടില്‍ ആകെയുള്ളത് രണ്ട് ലൈറ്റും ഒരു ഫാനും മാത്രം; കെഎസ്ഇബി നല്‍കിയത് 17000 രൂപയുടെ ബില്ല്!

March 21, 2023
3 minutes Read
KSEB issued bill of 17000 rupees for a small home

ഒരു ഫാനും രണ്ട് ലൈറ്റ് മാത്രമുള്ള വീട്ടില്‍ കെഎസ്ഇബി നല്‍കിയത് 17,044 രൂപയുടെ ബില്ല്. ബില്ല് നല്‍കിയതിന് പിന്നാലെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധവും കെഎസ്ഇബി വിച്ഛേദിച്ചു. പത്തനംതിട്ട പെരിങ്ങരയിലെ വീട്ടിലാണ് കെഎസ്ഇബിയുടെ നടപടി.(KSEB issued bill of 17000 rupees for a small home)

രണ്ട് ലൈറ്റ് മാത്രമുള്ള, പരിമിതികള്‍ക്കുള്ളില്‍ നില്‍ക്കുന്ന വീട്ടില്‍ എങ്ങനെയാണ് ഇത്രയും വലിയ ബില്ല് വന്നത് എന്ന് കൃത്യമായി വിശദീകരിക്കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടുമില്ല. പക്ഷേ വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. കുട്ടികള്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സമയമാണ് എന്ന് പറഞ്ഞിട്ടും അത് ഉദ്യോഗസ്ഥര്‍ കേട്ടില്ല എന്നും കുടുംബം ആരോപിക്കുന്നു.

പരമാവധി മുന്നൂറ്റമ്പത് രൂപയാണ് കെഎസ്ഇബിയുടെ ബില്ലായി വന്നിരുന്നത്. ആ വീടിനേയും വീട്ടുകാരെയും ഞെട്ടിച്ചാണ് പതിനേഴായിരം രൂപയുടെ ബില്ല് വന്നത്. എങ്ങനെയാണ് ഈ കരണ്ട് ഉപയോഗിക്കപ്പെട്ടതെന്ന് മാത്രം ആര്‍ക്കുമറിയില്ല.

വിജയനും ഭാര്യയും വിദ്യാര്‍ത്ഥികളായ രണ്ടു മക്കളും എണ്‍പത് വയസ്സോളം പ്രായമുള്ള ഹൃദ്രോഗിയായ മാതാവുമാണ് വീട്ടില്‍ താമസിക്കുന്നത്. രണ്ട് എല്‍ഇഡി ബള്‍ബുകളും ഒരു ഫാനും മാത്രമാണ് വീട്ടിലുള്ളത്. വിജയന്റെ ജേഷ്ഠ സഹോദരന്‍ രമേശിന്റെ പേരിലാണ് കണക്ഷന്‍ എടുത്തിരിക്കുന്നത്. പ്രതിമാസം അഞ്ഞൂറ് രൂപയില്‍ താഴെ മാത്രം ബില്ല് ലഭിച്ചിരുന്ന കൂലിപ്പണിക്കാരനായ വിജയന് രണ്ടാഴ്ച മുമ്പാണ് പതിനേഴായിരത്തി നാല്പത്തി നാല് രൂപയുടെ ബില്ല് മൊബൈല്‍ ഫോണ്‍ മുഖേന ലഭിക്കുന്നത്.

Read Also: ഏപ്രിൽ ഒന്ന് മുതൽ നിരക്ക് വർധന ആവശ്യപ്പെട്ട് കെഎസ്ഇബി; ശുപാർശ അംഗീകരിക്കുമെന്ന് സൂചന

തുടര്‍ന്ന് വിജയന്‍ കാവുംഭാഗത്തെ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ പരാതി നല്‍കി. അംഗീകൃത ഇലക്ട്രീഷ്യന്‍ വീട്ടിലെ വയറിങ് പരിശോധിപ്പിച്ച് മീറ്ററിന്റെ ഫോട്ടോയും എടുത്തു നല്‍കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. വീട് പരിശോധിച്ച ഇലക്ട്രീഷ്യന്‍ വയറിങ് തകരാറുകള്‍ ഇല്ലെന്ന് അറിയിച്ചു. തുടര്‍ന്ന് മീറ്ററിന്റെ ഫോട്ടോ എടുത്ത് വിജയന്‍ വീണ്ടും കെഎസ്ഇബി ഓഫീസിലെത്തി. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും എത്തിയ ഉദ്യോഗസ്ഥര്‍ പഴയ മീറ്ററിന് തകരാറില്ല എന്ന് അറിയിച്ച ശേഷം പുതുതായി സ്ഥാപിച്ച മീറ്റര്‍ തിരികെ കൊണ്ടുപോയി. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോടെ രണ്ട് ലൈന്‍മാന്‍മാരെത്തി വീട്ടിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിച്ചത്.

കുട്ടിക്ക് പരീക്ഷാക്കാലമാണെന്ന് അറിയിച്ചിട്ടും ഒരു അനുകമ്പയും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായില്ല എന്ന് വിജയന്‍ പറയുന്നു. കൂലിപ്പണി ചെയ്ത് കുടുംബം പോറ്റുന്ന തങ്ങള്‍ക്ക് ഭീമമായ ഈ തുക അടക്കാന്‍ നിര്‍വാഹമില്ലെന്നും പ്രശ്‌നം പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നതുമാണ് ഈ കുടുംബത്തിന്റെ ആവശ്യം. എന്നാല്‍ ഇത് സംബന്ധിച്ച് കെഎസ്ഇബി മണിപ്പുഴ ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ കൃത്യമായ ഒരു വിശദീകരണം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്കും സാധിച്ചില്ല.

Story Highlights: KSEB issued bill of 17000 rupees for a small home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top