Advertisement

പ്രതിപക്ഷത്തിന്റെ അസാധാരണ പ്രതിഷേധം: സഭാ നടപടികള്‍ വെട്ടിച്ചുരുക്കി; ധനബില്ലുകള്‍ ഗില്ലറ്റിന്‍ ചെയ്തു

March 21, 2023
Google News 3 minutes Read
kerala assembly proceedings cut short live updates

പ്രതിപക്ഷം നടുത്തളത്തില്‍ അസാധാരണ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ സഭാ നടപടികള്‍ വെട്ടിച്ചുരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചു. ഇതേത്തുടര്‍ന്ന് നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ന് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയെങ്കിലും ഈ നോട്ടീസും സഭയില്‍ ഒഴിവാക്കപ്പെട്ടു. സഭയില്‍ ഇന്ന് ചോദ്യോത്തര വേളയും റദ്ദ് ചെയ്തു. (Unusual protest by opposition kerala assembly proceedings cut short live updates)

ഈ മാസം 30 വരെയാണ് സഭാ സമ്മേളനം തീരുമാനിച്ചിരുന്നത്. ബില്ലുകള്‍ ചര്‍ച്ചയില്ലാതെയാകും പാസാക്കുക. പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ നടപടിക്രമങ്ങളും ഇന്ന് തന്നെ പൂര്‍ത്തിയാക്കി സഭ പിരിയണമെന്നാണ് മുഖ്യമന്ത്രി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. ധനാഭ്യര്‍ത്ഥന ബില്ലുകളും ബജറ്റ് ചര്‍ച്ചകളും അതിവേഗം പാസാക്കിയാണ് ഇന്ന് തന്നെ സഭ പിരിയുന്നത്. സഭാ നടപടികള്‍ വരും ദിവസങ്ങളിലും സുഗമമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ധനബില്ലുകള്‍ ഗില്ലറ്റിന്‍ ചെയ്തത്.

Read Also: നടുത്തളത്തില്‍ സത്യഗ്രഹമിരുന്ന് പ്രതിപക്ഷ എംഎല്‍എമാര്‍; സഭയില്‍ ഇന്ന് അസാധാരണ സംഭവ വികാസങ്ങള്‍

പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങളോട് രൂക്ഷമായ ഭാഷയിലാണ് സ്പീക്കര്‍ പ്രതികരിച്ചത്. പൂച്ചയ്ക്ക് ആര് മണി കെട്ടുമെന്ന ചോദ്യത്തിന് പൂച്ചയ്ക്ക് മണി കെട്ടാന്‍ ചെയര്‍ തയാറാണെന്നായിരുന്നു സ്പീക്കറുടെ മറുപടി. സ്പീക്കറുടെ റൂളിംഗ് അവഗണിച്ച് നിയമസഭയില്‍ നടുത്തളത്തില്‍ അഞ്ച് പ്രതിപക്ഷ എംഎല്‍എമാരാണ് അനിശ്ചിതകാല സത്യഗ്രഹം നടത്തിയത്. ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷം ഇതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഇപ്പോള്‍ സഭയില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറുന്നത്.

അന്‍വര്‍ സാദത്ത്, ടി ജെ വിനോദ്, ഉമാ തോമസ്, എകെഎം അഷ്‌റഫ്, കുറുക്കോളി മൊയ്തീന്‍ എന്നീ എംഎല്‍എമാരാണ് നടുത്തളത്തില്‍ സത്യഗ്രഹമിരുന്ന് പ്രതിഷേധിക്കുന്നത്. എന്നാല്‍ സഭാ ടിവി പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നില്ല. നടുത്തളത്തില്‍ ഇരുന്ന് മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് ഇവര്‍ പ്രതിഷേധിക്കുന്നത്. സര്‍ക്കാരിന് ധിക്കാരമാണെന്നും സഭാ നടപടികളോട് സഹകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

സ്പീക്കറെ പ്രതിപക്ഷം അവഹേളിക്കുകയാണെന്ന് മന്ത്രി എം ബി രാജേഷ് ആരോപിച്ചു. പ്രതിപക്ഷ എംഎല്‍എമാര്‍ റൂളിങിനെ വെല്ലുവിളിക്കുകയാണ്. സമാന്തര സഭ എന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മന്ത്രി കെ രാജനും ആരോപിച്ചു. സഭ തടസപ്പെടുത്തരുതെന്ന് സ്പീക്കര്‍ പറഞ്ഞു.

Story Highlights: Unusual protest by opposition kerala assembly proceedings cut short live updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here