Advertisement

അസിസ്റ്റുകളുടെ സുൽത്താൻ; മെസ്യൂട്ട് ഓസിൽ ബൂട്ടഴിച്ചു

March 22, 2023
3 minutes Read
mesut ozil retired football

ജർമൻ ദേശീയ താരം മെസ്യൂട്ട് ഓസിൽ വിരമിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് മധ്യനിരയിലെ മാന്ത്രികൻ വിരമിക്കൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറച്ചുകാലമായി തന്നെ പരുക്ക് അലട്ടുകയാണെന്നും അതുകൊണ്ടാണ് വിരമിക്കാൻ തീരുമാനിച്ചതെന്നും ഓസിൽ കുറിച്ചു. 34 വയസുകാരനായ ആഴ്സണൽ, റയൽ മാഡ്രിഡ് തുടങ്ങിയ ടീമുകളുടെ പ്രധാന താരമായിരുന്നു. ടർക്കിഷ് ക്ലബായ ഇസ്താംബൂൾ ബസക്സെഹിറിലിലാണ് താരം അവസാനമായി കളിച്ചത്. (mesut ozil retired football)

Read Also: ഓസിൽ ബാഴ്സയിലേക്കെന്ന് റിപ്പോർട്ട്; തടയിടാൻ റാമോസ്

“ആലോചിചനകൾക്ക് ശേഷം ഞാൻ അടിയന്തിരമായി പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു. 17 വർഷമായി പ്രഫഷണൽ ഫുട്ബോളർ ആവാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ഞാൻ അതിന് വളരെ നന്ദിയുള്ളവനായിരിക്കും. എന്നാൽ, കഴിഞ്ഞ കുറച്ചുകാലമായി എന്നെ പരുക്ക് അലട്ടുകയാണ്. അതുകൊണ്ട് തന്നെ ഫുട്ബോളിൻ്റെ വലിയ ലോകം വിടാൻ സമയമായെന്ന് വ്യക്തമായിരിക്കുന്നു.”- ഓസിൽ കുറിച്ചു.

സമകാലിക ഫുട്ബോളിലെ മധ്യനിര താരങ്ങളിൽ ഏറ്റവും മികച്ചവരിൽ ഒരാളാണ് ഓസിൽ. ഗോളടിക്കുന്നതിലുപരി ഗോളടിപ്പിക്കുന്നതിൽ മിടുക്കനായിരുന്ന ഓസിൽ കൃത്യതയാർന്ന അസിസ്റ്റുകൾ കൊണ്ട് ശ്രദ്ധേയനായി. ജർമൻ ടീം ഷാൽക്കെയിലൂടെ പ്രൊഫഷണൽ കരിയർ ആരംഭിച്ച ഓസിൽ 2008ൽ വെർഡർ ബ്രമനിലെത്തി. രണ്ട് വർഷത്തിനു ശേഷം സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനായി അരങ്ങേറിയ താരം 2013ൽ ഇംഗ്ലീഷ് ക്ലബ് ആഴ്സണലിലെത്തി. 2021 വരെ ആഴ്സണലിൽ തുടർന്ന ഓസിൽ പിന്നീട് ടർക്കിഷ് ക്ലബായ ഫെനർബാഷെയിൽ എത്തി. ഫെനർബാഷെയിൽ നിന്ന് കഴിഞ്ഞ വർഷമാണ് താരം ഇസ്താംബൂൾ ബസക്സെഹിറുമായി കരാറൊപ്പിട്ടത്. ക്ലബിനായി നാല് മത്സരങ്ങൾ കളിക്കാനേ ഓസിലിനു സാധിച്ചുള്ളൂ. ലാ ലിഗ, എഫ്എ കപ്പ് തുടങ്ങിയ നേട്ടങ്ങൾക്കൊപ്പം കളിച്ച ലീഗുകളിലൊക്കെ സീസണിൽ ഏറ്റവുമധികം അസിസ്റ്റുകൾ നേടിയ താരമെന്ന റെക്കോർഡും പലതവണ ഓസിലിനു ലഭിച്ചു.

ജർമൻ ദേശീയ ടീമിൽ 92 മത്സരങ്ങളിലും ഓസിൽ ബൂട്ടണിഞ്ഞു. 2010 ലോകകപ്പിൽ ജർമനി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ ഓസിലിൻ്റെ പ്രകടനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. 2014 ലോകകപ്പിൽ ജർമനി കിരീടം ചൂടിയപ്പോഴും ഓസിലിൻ്റെ പ്രകടനങ്ങൾ ഗംഭീരമായിരുന്നു. ലോകകപ്പിൽ, ഫൈനൽ തേർഡിൽ ഏറ്റവുമധികം പാസുകൾ (171) നൽകിയ താരമായിരുന്നു ഓസിൽ. 2018ൽ ടർക്കിഷ് പ്രസിഡൻ്റ് എർദോഗാനുമായി എടുത്ത ഫോട്ടോ താരത്തിൻ്റെ വിരമിക്കലിലേക്ക് വഴിതെളിച്ചു. ഇതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളുമുണ്ടായി.

Story Highlights: mesut ozil retired football

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement