അനുമോള്‍ മരിച്ചത് തലയ്‌ക്കേറ്റ ക്ഷതം കൊണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ഭര്‍ത്താവ് തമിഴ്‌നാട്ടിലേക്ക് കടന്നെന്ന് സൂചന

ഇടുക്കി കാഞ്ചിയാറില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം തലയ്‌ക്കേറ്റ ക്ഷതം മൂലമുണ്ടായ ആന്തരിക രക്ത സ്രാവത്തെ തുടര്‍ന്നെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്നലെയാണ് പേഴുംകണ്ടം സ്വദേശി അനുമോളുടെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. അനുമോളുടെ ഭര്‍ത്താവ് ബിജേഷ് ഇപ്പോഴും ഒളിവിലാണ്. (Idukki Anumol post-mortem report )
മൃതദേഹത്തിന് അഞ്ചു ദിവസത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം. ജഡം അഴുകിയതിനാല്‍ മുറിവുകളോ മറ്റ് അടയാളങ്ങളോ പുറമെ കണ്ടെത്താനായിട്ടില്ല. തല ഭിത്തിയിലോ മറ്റോ ഇടിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ പരുക്കാണ് ആന്തരിക രക്ത സ്രാവത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. എന്നാല്‍ തലയോട് പൊട്ടിയിട്ടില്ല. വിശദമായ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം സംബന്ധിച്ച് വ്യക്തതയുണ്ടാകൂ എന്ന് പൊലീസ് പറഞ്ഞു.
Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്
ഇതിനിടെ അനുമോളുടെ ഭര്‍ത്താവ് വിജേഷ് തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയമുണ്ട്. വിജേഷിന്റെ മൊബൈല്‍ ഫോണ്‍ കുമളിയില്‍ ഉപേക്ഷിച്ചതായി കണ്ടെത്തി. ശനിയാഴ്ചയാണ് അനുമോളെ കാണാനില്ലെന്നു ഭര്‍ത്താവ് വിജേഷ് ബന്ധുക്കളെ അറിയിക്കുകയും കട്ടപ്പന പോലീസില്‍ പരാതി നല്‍കുകയും ചെയ്തത്. സംശയം തോന്നി ബന്ധുക്കള്‍ ഇവരുടെ പേഴുംകണ്ടത്തെ വീട്ടിലെത്തിയെങ്കിലും വിജേഷ് ഇവരെ തന്ത്ര പൂര്‍വം കിടപ്പറയില്‍ പ്രവേശിപ്പിക്കാതെ മടക്കി അയച്ചു. തിങ്കളാഴ്ച്ച അനുമോളെ തിരയുന്ന സംഘത്തിലും വിജേഷ് ഉണ്ടായിരുന്നു. ചൊവ്വാഴ്ച്ച വൈകിട്ട് സംശയം തോന്നി അനുമോളുടെ ബന്ധുക്കള്‍ ഇവര്‍ താമസിച്ചിരുന്ന വീടിന്റെ വാതില്‍ പൊളിച്ച് ഉള്ളില്‍ കടന്നപ്പോഴാണ് മൃതദേഹം കണ്ടത്. ഇതിനു ശേഷം വിജേഷിനെ കാണാതാകുകയും ചെയ്തു.
Story Highlights: Idukki Anumol post-mortem report