നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നുണ്ടോ ? അറിയാൻ വഴിയുണ്ട്

ദിനംപ്രതി എത്ര ലിറ്റർ വെള്ളം കുടിക്കണം എന്നത് ഓരോരുത്തരുടേയും ശരീരപ്രകൃതവും ജീവിക്കുന്ന അന്തരീക്ഷവും മറ്റും ആശ്രയിച്ച് ഇരിക്കും. കുറഞ്ഞത് 2 ലിറ്റർ വെള്ളമെങ്കിലും കുടിക്കണമെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്. ശുദ്ധ ജലം, പഴച്ചാറുകൾ, പാല്, ചായ എന്നിങ്ങനെ നാം നിത്യേന കഴിക്കുന്ന പദാർത്ഥങ്ങളെല്ലാം കൂട്ടിയാണ് ഈ 2 ലിറ്റർ കണക്ക് വരുന്നത്. മാനസിക ആരോഗ്യത്തിനും ശാരീരിക ആരോഗ്യത്തിനും വെള്ളം അത്യാവശ്യമാണ്. ( Signs You Are Not Drinking Enough Water )
ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നുണ്ട് എന്ന് എങ്ങനെ സ്വയം അറിയാം എന്ന് ചിന്തിച്ചിട്ടുണ്ടോ ? ഇത് കണ്ടുപിടിക്കാൻ എന്തെങ്കിലും ഉപകരണമുണ്ടോ എന്ന് പോലും പലരും ചിന്തിച്ച് കാണും. എന്നാൽ നമ്മുടെ ശരീരത്തിൽ വെള്ളം ഇല്ലെങ്കിൽ ശരീരം തന്നെ ചില സൂചനകൾ പുറപ്പെടുവിക്കും. അകാരണമായ ക്ഷീണം അനുഭവപ്പെടുക, തല കറങ്ങുക, വായും ചുണ്ടും വരളുന്നതായി തോന്നുക എന്നിവയാണ് ചില ലക്ഷണങ്ങൾ. എന്നാൽ ഈ ലക്ഷണങ്ങളെല്ലാം മറ്റുപല കാരണങ്ങൾ കൊണ്ടുകൂടി ഉണ്ടാകാം.
മൂത്രത്തിന്റെ നിറം പരിശോധിക്കുകയാണ് ഏറ്റവും എളുപ്പമുള്ള മാർഗം. മഞ്ഞ കലർന്ന വെള്ള നിറമാണ് മൂത്രത്തിനെങ്കിൽ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നുണ്ടെന്നാണ് അർത്ഥം. ഈ വ്യക്തിക്ക് നല്ല അളവിൽ മൂത്രം വരികയും മൂത്രത്തിന് ദുർഗന്ധമില്ലാതിരിക്കുകയും ചെയ്യും.

ഇളം മഞ്ഞ നിറം : നിങ്ങളുടെ മൂത്രത്തിന്റെ നിറം ഇളം മഞ്ഞയാണെങ്കിൽ നിങ്ങളുടെ ശരീരത്തിന് വെള്ളം ആവശ്യമുണ്ട് എന്നാണ് അർത്ഥം. ഉടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കണം.
മീഡിയം മഞ്ഞ നിറം : നിങ്ങളുടെ ശരീരത്തിൽ നിർജലീകരണം ഉണ്ടെന്നാണ് അതിനർത്ഥം. ഉടൻ 2-3 ഗ്ലാസ് വെള്ളം വരെ കുടിക്കുക.
കടും മഞ്ഞ നിറം : നിങ്ങളുടെ മൂത്രത്തിന്റെ നിറം കടും മഞ്ഞയും ദുർഗന്ധവുമുണ്ടെങ്കിൽ അതിനർത്ഥം നിങ്ങളുടെ ശരീരത്തിൽ വളരെ കുറവ് ജലാംശം മാത്രമേ ഉള്ളുവെന്നാണ്. ഉടൻ ഒരു കുപ്പി വെള്ളം കുടിക്കണമെന്നാണ് ഇതിനർത്ഥം.
ചില ഭക്ഷണങ്ങൾ, മരുന്നുകൾ എന്നിവ കാരണം മൂത്രത്തിന്റെ നിറത്തിൽ മാറ്റം സംഭവിക്കാവുന്നതാണ്. വിദഗ്ധ ഉപദേശത്തിന് ഒരു ഡോക്ടറുടെ സഹായം തേടുന്നതാണ് ഉത്തമം.
Story Highlights: Signs You Are Not Drinking Enough Water
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here