‘മദ്യപിച്ചെത്തി എന്നും മോശമായി സംസാരിക്കും, ജീവിക്കാനും മരിക്കാനും വിടാത്ത അവസ്ഥയാണ്’; മരണത്തിന്റെ ദുരൂഹതകൾ അഴിച്ചത് ആ വാട്സ്ആപ്പ് ചാറ്റ്

ഇടുക്കി സ്വദേശി അനുമോളുടെ മരണത്തിൽ ആകെ പകച്ചിരിക്കുകയാണ് നാട്ടുകാരും വീട്ടുകാരും. കഴിഞ്ഞ വെള്ളിയാഴ്ച സ്കൂൾ വാർഷികത്തിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി വീട്ടിലേക്ക് തിരിച്ചെത്തിയ അധ്യാപികയായ അനുമോളെ പിറ്റേന്ന് മുതൽ കാണാനില്ലെന്ന വാർത്തയാണ് വീട്ടുകാരും നാട്ടുകാരും അറിഞ്ഞത്. അവസാനം പൊലീസിൽ പരാതി നൽകാൻ കുടുംബം തീരുമാനിക്കുന്നു. പക്ഷേ മകളെ തിരിച്ച് കിട്ടുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ കുടുംബത്തിന് തിരച്ചിലിനൊടുവിൽ കിട്ടിയത് വീട്ടിലെ കട്ടിലിനടിയിൽ പുതപ്പിനുള്ളിൽ പൊതിഞ്ഞ നിലയിലുള്ള തങ്ങളുടെ സ്വന്തം മകളുടെ മൃതദേഹമാണ്. എന്നാൽ വീട്ടുകാർ മകളുടെ മൃതദേഹം കാണുന്നതിന് മുൻപ് പലതരത്തിലുള്ള കള്ളങ്ങൾ ഭർത്താവായ വിജേഷ് പറഞ്ഞ് പരത്തി. അവൾ വീട്ടിൽ നിന്ന് ഇറങ്ങി പോയെന്ന് അനുമോളുടെ മാതാപിതാക്കളെ വിജേഷ് ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. ഈ വിവരങ്ങളൊക്കെ അറിഞ്ഞ് വീട്ടുകാർ ഇവരുടെ വീട്ടിൽ എത്തിയെങ്കിലും കിടപ്പ് മുറിയിലേക്ക് വീട്ടുകാർ കടക്കാതിരിക്കാൻ വിജേഷ് ശ്രദ്ധിച്ചു. തുടർന്നായിരുന്നു കട്ടപ്പന പൊലീസിൽ അനുമോളെ കാണാനില്ലെന്ന പരാതി നൽകിയത്. പിന്നീട് ഇവരുടെ
ഏക മകളെ വിജീഷ് വെങ്ങാലൂർകടയിലുള്ള തന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ട്പോയി. അപ്പോഴും അനുമോളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പൊലീസിൽ പരാതി നൽകിയ ശേഷം അനുമോളുടെ മാതാപിതാക്കളും സഹോദരൻ അലക്സും വൈകിട്ട് ആറോടെ പേഴൂങ്ങണ്ടത്തെ തന്റെ വീട്ടിലെത്തി. അതേസമയം വീട് പൂട്ടിയിരുന്നതിനാൽ വീട് തള്ളി തുറന്ന് അവർ അകത്തേക്ക് കയറി. എന്നാൽ വീടിനകത്തേക്ക് കടന്നപ്പോൾ വീട്ടിൽ നിന്നും വല്ലാത്തൊരു ദുഗന്ധം അനുഭവപ്പെടാൻ തുടങ്ങി. വീടിന്റെ ഓരോ സ്ഥലങ്ങളിലേക്ക് കടന്നപ്പോഴും ദുഗന്ധം രൂക്ഷമാകാൻ തുടങ്ങി. ഒടുവിൽ പരിശോധനയ്ക്കിടെ കിടപ്പ് മുറിയിലേക്ക് എത്തി.
അങ്ങനെ കട്ടിലിനടിയിൽ കമ്പിളി കൊണ്ട് പുതച്ച എന്തോ ഒന്ന് കിടക്കുന്നത് അവർ കാണുന്നു. ഉടനെ ആ കമ്പിളി പുതപ്പ് മാറ്റിയപ്പോൾ ഒരു കൈ പുറത്തേക്ക് വരുകയായിരുന്നു. സ്വന്തം മകളെ അഴുകി ജീർണിച്ച അവസ്ഥയിൽ കണ്ട അവർ ഭയന്ന് പുറത്തേക്ക് ഓടി. ശബ്ദം കേട്ട് എത്തിയ നാട്ടുകാർ ഓടി പൊലീസിനെ വിവരം അറിയിച്ചു. കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. 21ന് വൈകിട്ട് ആറരയോടെ ആണ് കിടപ്പ് മുറിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയതെങ്കിലും പിറ്റേ ദിവസമാണ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്. വിരലടയാള വിദഗ്ധർ ഉൾപ്പടെയെത്തി തെളിവെടുപ്പ് നടത്തി. പുതപ്പിൽ പുതഞ്ഞ മൃതദേഹം അഴുകി ജീർണിച്ച അവസ്ഥയായിരുന്നു. 5 ദിവസത്തെ പഴക്കവും ആ മൃതദേഹത്തിന് ഉണ്ടായിരുന്നു. ശരീരം അഴുകി തുടങ്ങിയതിനാൽ മരണം സംഭവിച്ചത് എങ്ങനെയാണെന്ന് കണ്ടെത്താൻ പ്രാഥമിക തെളിവെടുപ്പിൽ സാധിച്ചില്ല. ഉച്ചയോടെയായിരുന്നു മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയത് തലയ്ക്കേറ്റ ക്ഷതം മുലമുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണം സംഭവിച്ചത് എന്നാണ്. എന്നാൽ തലയോട് പൊട്ടിയിട്ടില്ല., വിശദമായ പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരുത്താൻ സാധിക്കൂ എന്നാണ് പൊലീസ് പറഞ്ഞത്. മസ്ക്കത്തിലുള്ള പിതൃസഹോദരി സലോമിക്ക് അയച്ച വാട്സ്അപ്പ് സന്ദേശമായിരുന്നു അനുമോളുടേത് എന്ന രീതിയിൽ ബന്ധുക്കൾക്ക് ലഭിച്ച
അവസാന വിവരം. 17 ആം തീയതി രാത്രി എട്ടരയോടെയായിരുന്നു ആ സന്ദേശം. മദ്യപിച്ചെത്തിയ ഭർത്താവ് മോശമായ രീതിയിൽ തന്നോട് സംസാരിക്കുകയാണെന്നായിരുന്നു ആ വിവരം. എവിടെയെങ്കിലും പോയി പണിയെടുത്ത് ജീവിക്കാനുള്ള തന്റേടം തനിക്ക് ഉണ്ട്. തന്റെ വീട്ടിലേക്ക് പോകണമെന്നൊന്നുമില്ല, ഏതെങ്കിലും മഠത്തിലെങ്കിലും പോയി നിൽക്കാൻ കഴിയുമല്ലോ, ഇത് ജീവിക്കാനും മരിക്കാനും വിടാത്ത അവസ്ഥയാണ്, ജീവിതം മടുത്തു, അങ്ങനെ ആ മനസ് പിടഞ്ഞ സമയത്തെ മുഴുവൻ കാര്യങ്ങളും ആ ഒറ്റ സന്ദേശത്തിലൂടെ അനുമോൾ അറിയിച്ചു. ഈ മെസ്സേജുകൾക്കെല്ലാം സലോമി മറുപടി നൽകിയെങ്കിലും പ്രതികരണം ഉണ്ടായില്ല. പിന്നീട് അനുമോളുടെ ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു. അനുമോളെ കൊലപ്പെടുത്തി പുതപ്പിൽ പൊതിഞ്ഞ് ഒളിപ്പിച്ച ശേഷം വിജേഷ് രക്ഷപ്പെട്ടത് ഫോൺ ഉപേക്ഷിച്ച് ജില്ല വിട്ടതായിട്ടാണ് പൊലീസിന് ഇപ്പോൾ ലഭിച്ചിരിക്കുന്ന സൂചന.
Story Highlights: Mysteries in the death of Anumol a native of Idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here