Advertisement

അയോഗ്യനായ രാഹുല്‍ ഗാന്ധി; ഈ കുരുക്കില്‍ അകപ്പെട്ടതെങ്ങനെ? 24 Explainer

March 24, 2023
Google News 3 minutes Read
Rahul Gandhi disqualified as MP Lok sabha 24 explainer

മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരായി സൂറത്ത് ജില്ലാ കോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെ എം പി സ്ഥാനത്തിന് അദ്ദേഹത്തെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയിരിക്കുകയാണ്. വിധിയേയും അയോഗ്യതയേയും രാഷ്ട്രീയപരമായും നിയമപരമായും നേരിടാന്‍ തയാറെടുക്കുകയാണ് കോണ്‍ഗ്രസ്. മേല്‍കോടതിയില്‍ നിന്നും സ്റ്റേ ലഭിച്ചില്ല എങ്കില്‍ രാഹുലിന് കുറച്ച് വര്‍ഷത്തേക്ക് മത്സരിക്കാന്‍ ആകില്ല എന്ന സങ്കീര്‍ണതയും വിഷയത്തിനുണ്ട്. രാഹുല്‍ അയോഗ്യനായതോടെ ലോക്‌സഭയില്‍ നിന്നും സ്‌റ്റേ ലഭിച്ചില്ലെങ്കില്‍ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടതായും വരും. അയോഗ്യനാക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നും രാഹുലിന് മുന്നില്‍ ഇനിയെന്തെന്നും കോണ്‍ഗ്രസിന് ഈ നടപടിയെ ഏതെല്ലാം വിധത്തില്‍ നിയമപരമായി ചോദ്യം ചെയ്യാനാകുമെന്നും പരിശോധിക്കാം. (Rahul Gandhi disqualified as MP Lok sabha 24 explainer )

സൂറത്ത് കോടതി പറഞ്ഞതെന്ത്?

2019 തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ നടന്ന റാലിയില്‍, ‘എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപേര് വന്നത് എങ്ങനെ?’ എന്ന് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് കേസ്. ബിജെപി എംഎല്‍എയും ഗുജറാത്ത് മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഐപിസി സെക്ഷന്‍ 499, 500 പ്രകാരമാണ് രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തത്. രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയുമാണ് കേസില്‍ രാഹുല്‍ ഗാന്ധിക്ക് ശിക്ഷ വിധിച്ചത്. അപ്പീല്‍ നല്‍കുന്നതിനായി 30 ദിവസത്തെ സമയം നല്‍കി ജാമ്യം അനുവദിക്കുകയായിരുന്നു.

രാഹുലിനെ അയോഗ്യനാക്കാനുള്ള തീരുമാനം വന്നതെങ്ങനെ?

മൂന്ന് സാഹചര്യത്തിലാണ് ഒരു ജനപ്രതിനിധിയെ അയോഗ്യനാക്കാന്‍ സാധിക്കുന്നത്. ആര്‍ട്ടിക്കിള്‍ 102(1), 191(1) എന്നിവ പ്രകാരമാണ് ഒന്നാമത്തെ സാഹചര്യം നിര്‍വചിച്ചിരിക്കുന്നത്. രാജ്യത്തെ പൗരത്വം ഇല്ലാതിരിക്കല്‍, ലാഭത്തിനായി ഓഫിസ് പ്രവര്‍ത്തിപ്പിക്കല്‍, പാപ്പരാകല്‍ മുതലായ സാഹചര്യത്തിലാണ് ഒരു ജനപ്രതിനിധിയെ ഒന്നാമതായി അയോഗ്യനാക്കാന്‍ സാധിക്കുക.

കൂറുമാറ്റമാണ് രണ്ടാമത്തെ സാഹചര്യം. മൂന്നാമതായി ഒരു ജനപ്രതിനിധി ക്രിമിനല്‍ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ അദ്ദേഹത്തെ അയോഗ്യനാക്കാം. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലാണ് മൂന്നാം സാഹചര്യത്തിലുള്ള അയോഗ്യതയെ കുറിച്ച് പരാമര്‍ശിക്കുന്നത്.

Read Also: ‘ജനാധിപത്യത്തെ കൊന്നു’; രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് കെ സുധാകരന്‍

ജനപ്രാതിനിധ്യ നിയമത്തില്‍ പറയുന്നതെന്ത്?

അയോഗ്യതയെക്കുറിച്ചുള്ള നിരവധി നിബന്ധനകള്‍ ഈ നിയമത്തില്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. അഴിമതി, അവിശ്വാസ്യത മുതലായ വ്യവസ്ഥകളാണ് സെക്ഷന്‍ ഒന്‍പതില്‍ പരാമര്‍ശിക്കുന്നത്. തെരഞ്ഞെടുപ്പ് ചെലവുകള്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തെക്കുറിച്ചാണ് സെക്ഷന്‍ 10 പറയുന്നത്. ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം സെക്ഷനിലാണ് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അയോഗ്യതയെക്കുറിച്ച് വിശദമായി പരാമര്‍ശിക്കുന്നത്.

രാഷ്ട്രീയത്തിന്റെ ക്രിമിനല്‍വത്ക്കരണവും തടയുന്നതിനെക്കുറിച്ചാണ് ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പില്‍ പരാമര്‍ശിക്കുന്നത്. രണ്ട് ജനവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുക, കോഴ വാങ്ങുക മുതലായ കുറ്റകൃത്യങ്ങളെക്കുറിച്ച് നിയമത്തിന്റെ സെക്ഷന്‍ 8(1) പറയുന്നു.

ലാഭേച്ഛയോടെയുള്ള പൂഴ്ത്തിവയ്പ്പ്, ഭക്ഷണത്തില്‍ മായം കലര്‍ത്തല്‍, സ്ത്രീധന നിരോധന നിയമത്തിന്റെ ലംഘനം മുതലായ കുറ്റകൃത്യങ്ങളെക്കുറിച്ച് ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 8 (2) പരാമര്‍ശിക്കുന്നു.

ഏതെങ്കിലും കുറ്റകൃത്യത്തിന് രണ്ട് വര്‍ഷത്തില്‍ അധികം തടവ് ശിക്ഷ വിധിക്കപ്പെടുന്ന വ്യക്തിയെ അയോഗ്യനാക്കുന്നത് സംബന്ധിച്ചാണ് നിയമത്തിലെ സെക്ഷന്‍ 8(3) പറയുന്നത്. ഈ വ്യക്തിയ്ക്ക് പിന്നീട് ആറ് വര്‍ഷത്തേക്ക് മത്സരിക്കാന്‍ യോഗ്യതയുണ്ടായിരിക്കില്ലെന്നും നിയമം പറയുന്നു. ഇതാണ് രാഹുലിനെതിരെ ഇപ്പോള്‍ പ്രയോഗിക്കപ്പെട്ടിരിക്കുന്നത്.

Read Also: വയനാട് ഉപതെരഞ്ഞെടുപ്പിലേക്കോ ? ലക്ഷദ്വീപിൽ സംഭവിച്ചത് ആവർത്തിക്കുമോ ?

അയോഗ്യത പിന്‍വലിക്കാന്‍ സാധിക്കുമോ?

ഉന്നത കോടതിയില്‍ നിന്ന് അനുകൂലമായ സ്‌റ്റേ നേടുകയോ അപ്പീല്‍ പരിഗണിച്ച ശേഷം ഉന്നത കോടതി അനുകൂലമായ വിധി പുറപ്പെടുവിക്കുകയോ ചെയ്താല്‍ അയോഗ്യതയില്‍ നിന്ന് പുറത്തുകടക്കാം.

2018ലെ ലോക് പ്രഹാരി VS യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ ഉന്നത കോടതി സ്‌റ്റേ പുറപ്പെടുവിക്കുന്ന തിയതി മുതല്‍ ഒരു ജനപ്രതിനിധിയ്‌ക്കെതിരായ അയോഗ്യത നിലനില്‍ക്കില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

സിആര്‍പിസി സെക്ഷന്‍ 389 സ്റ്റേ എന്നത് വിധിയ്ക്കുള്ള സ്റ്റേയും ശിക്ഷയ്ക്കുള്ള സ്റ്റേയും കൂടിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അപ്പീല്‍ പരിഗണനയിലിരിക്കെ ഇത് ജാമ്യം ലഭിക്കുന്നത് പോലെയാണ് പ്രവര്‍ത്തിക്കുക.

Read Also: ആരാണ് മോദിമാർ ? 600 വർഷം മുൻപ് ഗുജറാത്തിലെത്തിയ നാടോടി വേരുകളുള്ള സമുദായത്തെ കുറിച്ച് അറിയാം

രാഹുലിന് മുന്നില്‍ ഇനിയെന്ത്?

രാഹുല്‍ ഗാന്ധിയുടെ ആദ്യ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതിയിലും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയിലും എത്തും. അപ്പീല്‍ നല്‍കിയിട്ടുണ്ടെങ്കില്‍ ശിക്ഷ വിധിക്കപ്പെട്ട തിയതി മുതല്‍ മൂന്ന് മാസം കഴിഞ്ഞേ അയോഗ്യത പ്രാബല്യത്തില്‍ വരൂ എന്ന് ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 8(4) പറയുന്നു. എന്നാല്‍ ലില്ലി തോമസ് V യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ ഈ സെക്ഷന്‍ ഭരണഘടനാവിരുദ്ധമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.

Story Highlights: Rahul Gandhi disqualified as MP Lok sabha 24 explainer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here