അമൃത്പാൽ സിംഗ് സന്യാസി വേഷത്തിൽ കടന്ന് കളയുന്ന ദൃശ്യങ്ങൾ പുറത്ത്

ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനായി ഡൽഹിയിലും തെരച്ചിൽ ആരംഭിച്ചു. ഡൽഹി കാശ്മീരി ഗേറ്റ് ഐഎസ്ബിടിയിലെ സിസിടിവിയിൽ നിന്നും അമൃത് പാൽ സിങ്ങിന്റ ദൃശ്യങ്ങൾ ലഭിച്ചു. സന്യാസി വേഷത്തിലുള്ള ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ( amritpal singh absconding )
വിഘടനവാദി നേതാവ് അമൃത് പാൽ സിംഗ് ഹരിയാനയിൽ നിന്നും ഡൽഹിയിലേക്ക് രക്ഷപ്പെട്ടു എന്നാണ് രഹസ്യ അന്വേഷണ വിഭാഗം പഞ്ചാബ് പോലീസിന് നൽകിയ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിലെ, വിവിധ ഇടങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് , കശ്മീരി ഗേറ്റിലെ ബസ് ടെർമിനൽ നിന്നും അമൃത് പാൽ സിംഗിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. ഇയാളുടെ സന്യാസി വേഷത്തിലുള്ള ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.
അമൃത് പാൽ സിംഗ് ഡൽഹിയിൽ തന്നെ ഒളിച്ചു താമസിക്കുന്നുണ്ടെന്നും, ഡൽഹിയിൽ നിന്നും ഉത്തരാഖണ്ഡിലേക്ക് കടന്നു കളഞ്ഞു എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടിടങ്ങളിലും അന്വേഷണം ഊർജ്ജിതമാക്കി.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, അമൃത് പാൽ സിംഗിനും സഹായിക്കും ഹരിയാനയിൽ ഒളിച്ചു താമസിക്കാൻ ഇടം ഒരുക്കിയ ബൽജിത് കൗർ എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ, അമൃത് പാൽ സിംഗിന് വേണ്ടി, പഞ്ചാബ് ഹിമാചൽ പ്രദേശ് ഉത്തരാഖണ്ഡ് ഡൽഹി അസം മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്.
അതിർത്തികളിലും വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പൂർണമായ സഹകരണത്തോടെയാണ് പഞ്ചാബ് പോലീസിന്റെ അന്വേഷണം.
Story Highlights: amritpal singh absconding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here