രാഹുൽ ഗാന്ധിയ്ക്ക് എതിരായ നടപടി അംഗീകരിക്കാനാവില്ല, പ്രതിപക്ഷങ്ങളെ നിശബ്ദമാക്കാനാണ് ശ്രമം; രമേശ് ചെന്നിത്തല

രാഹുൽ ഗാന്ധിയ്ക്ക് എതിരായ നടപടി അംഗീകരിക്കാനാവില്ലെന്ന് രമേശ് ചെന്നിത്തല. ഭരണഘടന വിരുദ്ധ നടപടിയാണ് സ്പീക്കർ സ്വീകരിച്ചത്. മോദിയ്ക്ക് എതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കുന്നു. എൽഡിഎഫ് അടക്കം രാജ്യത്തെ കക്ഷികളെല്ലാം ഇതിനെതിരെ രംഗത്തുവരണം. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മറച്ചുവച്ച് എല്ലാവരും ഒന്നിക്കണം. ഇന്ത്യയിലെ പ്രതിപക്ഷങ്ങളെ നിശബ്ദമാക്കാനാണ് ശ്രമം. ഓടു പൊളിച്ചു വന്ന എം പി അല്ല രാഹുൽ ഗാന്ധി. എല്ലാ മതേതര കക്ഷികളും ഒരുമിച്ച് നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ നാളെ കൂട്ട സത്യാഗ്രഹം ഇരിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. രാജ്ഘട്ടിന് മുന്നിൽ നാളെ രാവിലെ 10 മണി മുതലാണ് കോൺഗ്രസ് നേതാക്കൾ സത്യാഗ്രഹമിരിക്കുന്നത്. രാഷ്ട്രപതിയെ കാണാൻ അനുമതി ലഭിച്ചിട്ടില്ലെന്നും നിയമ നടപടി നീക്കം മാധ്യമങ്ങൾക്ക് മുന്നിൽ പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൽഹിയിൽ മല്ലികാർജുൻ ഖാർഗെയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾ സത്യാഗ്രഹത്തിൽ പങ്കെടുക്കും. ഇതിന് അനുബന്ധമായി സംസ്ഥാനങ്ങളിലും നാളെ സത്യാഗ്രഹം നടത്തും. വയനാട് പോയി ബിജെപിയുടെ സ്ഥാനാർത്ഥി ജയിച്ചിട്ട് വരട്ടെയെന്നും കെ.സി വേണുഗോപാൽ പരിഹസിച്ചു.
Read Also: വയനാട് ഉപതെരഞ്ഞെടുപ്പിലേക്കോ ? ലക്ഷദ്വീപിൽ സംഭവിച്ചത് ആവർത്തിക്കുമോ ?
ജനാധിപത്യത്തിനെതിരായ യുദ്ധമാണ് രാഹുൽ ഗാന്ധിക്കെതിരായ നടപടിയെന്ന് മന്ത്രി എം.ബി രാജേഷ് പ്രതികരിച്ചു. ജനാധിപത്യം അപകടത്തിലാണെന്നത് ഇതിലൂടെ വ്യക്തമാകുന്നു. ജനാധിപത്യത്തെ സംരക്ഷിക്കാൻ ഇന്ത്യയിലെ പ്രതിപക്ഷം ഒന്നിച്ച് നിൽക്കുന്നു എന്നത് പ്രതീക്ഷാവഹമാണ്. കോൺഗ്രസ് ഇതിൽ നിന്ന് പാഠം ഉൾക്കൊള്ളണം. ഇന്നലെ ഈ വിഷയത്തിൽ രാഷ്‌ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ചിൽ കോൺഗ്രസ് എംപിമാർ മുങ്ങി എന്ന് റിപ്പോർട്ട് ഉണ്ട്. രാഹുൽ ഗാന്ധിയെ രാഷ്ട്രീയമായി എതിർക്കുന്ന സിപിഐഎം ന്റെ എംപിമാർ എല്ലാവരും പ്രതിഷേധത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു.
റായ്പൂരിൽ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പ്രതിപക്ഷത്തെ അന്വേഷണ ഏജൻസികളെ വെച്ച് വേട്ടയാടുന്നു എന്നാണ് പ്രമേയം ഇറക്കിയത്. എന്നാൽ ബ്രഹ്മപുരത്ത് സിബിഐ വേണമെന്ന് വിഡി സതീശൻ പറയുന്നു. ഡൽഹിയിൽ ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കർ സിബിഐ വേണമെന്ന് പറയുന്നു. പ്രകാശ് ജാവ്ദേക്കറിന്റെ മെഗാ ഫോൺ ആവുകയാണ് വി.ഡി സതീശൻ. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ബിജെപിയുടെ കൂടെയാണോ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ കൂടെയാണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Story Highlights: Ramesh chennithala reacts Rahul Gandhi disqualification