പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് കിരീടം മുംബൈ ഇന്ത്യൻസിന്

പ്രഥമ വനിതാ പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ട് മുംബൈ ഇന്ത്യൻസ്. ഫൈനലില്‍ ഡല്‍ഹിയെ ഏഴ് വിക്കറ്റിനാണ് മുംബൈ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ക്യാപിറ്റൽസ് നിശ്ചിത 20-ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ മൂന്ന് പന്തുകൾ ബാക്കി നിൽക്കെ മുംബൈ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഹെയ്‌ലി മാത്യൂസിന്റെയും ഇസ്സി വോങ്ങിന്റെയും ഉഗ്രൻ ബോളിംഗ് പ്രകടനവും, നാറ്റ് സിവറുടെ ബാറ്റിംഗ് പ്രകടനവുമായിരുന്നു മത്സരത്തിൽ മുംബൈയെ വിജയത്തിൽ എത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപ്പിറ്റൽസ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 131 റണ്‍സാണ് നേടിയത്. 35 റണ്‍സ് നേടിയ നായിക മെഗ് ലാന്നിംഗ് ആണ് കാപിറ്റല്‍സിന്റെ ടോപ് സ്‌കോറര്‍. 27 റണ്‍സ് വീതം നേടി പുറത്താകാതെ നിന്ന ശിഖ പാണ്ഡെയും രാധ യാദവും ചേര്‍ന്ന് പത്താം വിക്കറ്റില്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനമാണ് കാപിറ്റല്‍സിനെ 100 കടത്തിയത്.
മറുപടി ബാറ്റിങ്ങിൽ അത്ര മികച്ച തുടക്കമായിരുന്നില്ല മുംബൈ ഇന്ത്യൻസിനും ലഭിച്ചത്. യാഷ്ടിക ഭാട്ടിയയെയും(4) ഹെയിലി മാത്യൂസിനെയും(13) മുംബൈക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ നായിക ഹർമൻപ്രീറ്റും നാറ്റ് സിവർ ബ്രെന്റും ക്രീസിലുറച്ചതോടെ മുംബൈ കുതിക്കാൻ തുടങ്ങി. 55 പന്തുകൾ നേരിട്ട സിവർ 60 റൺസാണ് മത്സരത്തിൽ നേടിയത്. ഹർമൻപ്രീറ്റ് 39 പന്തുകളിൽ 37 റൺസ് നേടി. ഇരുവരുടെയും മികവിൽ മത്സരത്തിൽ 7 വിക്കറ്റുകൾക്കായിരുന്നു മുംബൈ വിജയം കണ്ടത്.
Story Highlights: First Women’s Premier League title for Mumbai Indians
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here