‘അടിയുടെ പൊടിപൂരം’, ടി20 യിൽ ചരിത്ര ചേസിംഗ് വിജയം നേടി ദക്ഷിണാഫ്രിക്ക

അടി തിരിച്ചടി പിന്നെ പൊരിഞ്ഞ അടി… 40 ഓവറുകളിലായി ആകെ പിറന്നത് 500 ലധികം റൺസ്. രണ്ട് ബാറ്റർമാരുടെ സെഞ്ച്വറികളും മത്സരത്തിൽ കണ്ടു. ടി20 ക്രിക്കറ്റ് ചരിത്രത്തിൽ ഇത് പോലുള്ള ത്രില്ലറുകൾ അധികം സംഭവിച്ച് കാണില്ല. വെസ്റ്റ് ഇൻഡീസിനെതിരെ ദക്ഷിണാഫ്രിക്ക നേടിയ ചരിത്ര വിജയത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ടി20 ക്രിക്കറ്റിലെ എക്കാലത്തെയും വലിയ ചേസിംഗ് വിജയമാണ് ദക്ഷിണാഫ്രിക്ക ഇന്ന് സ്വന്തമാക്കിയത്. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 259 റൺസ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക 7 പന്തുകൾ ശേഷിക്കെ മറികടന്നു.
മൂന്ന് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് ചരിത്രം പിറന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 258 റൺസ് നേടിയപ്പോൾ ദക്ഷിണാഫ്രിക്കൻ ടീം 18.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 259 റൺസെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കായി ഓപ്പണർ ക്വിന്റൺ ഡിക്കോക്ക് 44 പന്തിൽ സെഞ്ച്വറി നേടി. 44 പന്തിൽ 9 ഫോറും 8 സിക്‌സും സഹിതം 100 റൺസെടുത്താണ് ഡിക്കോക്ക് പുറത്തായത്. റീസ ഹെൻഡ്രിക്സ് 28 പന്തിൽ നിന്നും 68 റൺസിന്റെ തകർപ്പൻ ഇന്നിംഗ്സ് കളിച്ചു. 21 പന്തിൽ 38 റൺസുമായി ക്യാപ്റ്റൻ എയ്ഡൻ മർക്രം പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് തുടക്കം മോശമായിരുന്നു. ഇന്നിംഗ്‌സിന്റെ മൂന്നാം ഓവറിൽ തന്നെ ടീമിന് ആദ്യ വിക്കറ്റ് നഷ്ടമായി. അതിനുശേഷം ജോൺസൺ ചാൾസും കൈൽ മേയേഴ്സും മിന്നുന്ന കളിയാണ് പുറത്തെടുത്തത്. വെറും 39 പന്തിൽ സെഞ്ച്വറി നേടി ചാൾസ് തകർപ്പൻ പ്രകടനം നടത്തിയപ്പോൾ, മേയേഴ്‌സ് 27 പന്തിൽ 51 റൺസാണ് നേടിയത്. ഷെപ്പേർഡ് 18 പന്തിൽ 41 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ റോവ്മാൻ പവൽ 19 പന്തിൽ 28 റൺസുമായി ശക്തമായ ഇന്നിങ്‌സ് കളിച്ചു.
Story Highlights: SA vs WI, 2nd T20I Highlights: South Africa chase record total to level series
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here