‘സഹോദരന്മാർ ഡോക്ടറും എൻജിനിയറും ജഡ്ജിയും ആയപ്പോൾ നായകൻ എട്ടാം ക്ലാസിൽ പഠിപ്പു നിർത്തി’; ‘ചിരിക്കു പിന്നിൽ’ എന്ന ആത്മകഥയ്ക്ക് പിന്നിൽ

ഞാൻ സത്യം പറയുമ്പോൾ ആളുകൾ ചിരിക്കും എന്നാണ് ആത്മകഥയിൽ ഇന്നസെന്‍റ് എഴുതിയിരിക്കുന്നത്. ബാല്യത്തിലേയും കൗമാരത്തിലേയും യൗവ്വനത്തിലേയും വീഴ്ചകൾ തുറന്നു പറയുക മാത്രമായിരുന്നു ഇന്നസെന്‍റ്. ആ ജീവിതം തന്നെയായിരുന്നു ആളുകളെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചതും. ( INNOCENT’S LIFE AS SMILE Chirikku Pinnil Autobiography ).
പലവേഷങ്ങൾ കെട്ടിയുള്ള അലച്ചിലും പരാജയപ്പെട്ട ബാല്യവും കൗമാരവും. അതു രണ്ടും തുറന്നു പറയുമ്പോൾ ആളുകൾ ചിരിക്കും. എന്‍റെ സത്യസന്ധതയാണ് ഞാൻ നൽകുന്ന ചിരി. ‘ചിരിക്കു പിന്നിൽ’ എന്ന ആത്മകഥയിൽ ഇന്നസെന്‍റ് സ്വന്തം ചിരിയെയും ജീവിതത്തേയും ഇങ്ങനെയാണ് പറഞ്ഞുവയ്ക്കുന്നത്.
‘സഹോദരന്മാർ ഡോക്ടറും എൻജിനിയറും ജഡ്ജിയും ആയപ്പോൾ നായകൻ എട്ടാം ക്ളാസിൽ പഠിപ്പു നിർത്തി’. ഈ ഒറ്റ വാചകം മതിയായിരുന്നു ആളുകൾക്കു തലയറഞ്ഞു ചിരിക്കാൻ. അപ്പൻ വറീത് എന്നെക്കൊണ്ടു തോറ്റു എന്നെഴുതുമ്പോൾ ഒരു പാടു ജീവിത പരാജയങ്ങൾ മുന്നിൽ തെളിഞ്ഞുവരും.
Read Also: ‘ഹെന്റെമ്മേ…’ എന്ന വിളിയില്‍ മലയാളിയ്ക്ക് ചിരിച്ച് കണ്ണുനിറഞ്ഞു; മറക്കാനാകില്ല, ഇന്നസെന്റ് നായകതുല്യ വേഷങ്ങള്‍ ചെയ്ത ഈ ചിത്രങ്ങള്‍
മൂന്നു സ്കൂളുകളിൽ മാറ്റി മാറ്റി ചേർത്തിട്ടും എട്ടാം ക്ളാസ് പൂർത്തിയാക്കാൻ കഴിയാതെ പഠിത്തം നിർത്തിയ ബാലൻ. കോൺഗ്രസുകാർ നിറഞ്ഞ കുടുംബം. കമ്യൂണിസ്റ്റുകാർ നിറഞ്ഞ നാട്. രണ്ടിലും പെടാതെ ആർഎസ്പിയിലാണ് ഇന്നസെന്‍റ് പോയി ചേർന്നത്. ഇരുപത്തിരണ്ടാം വയസ്സിൽ ആർ എസ് പിയുടെ തൃശൂർ ജില്ലാ പ്രസിഡന്‍റുമായി. അവര് പ്രസിഡന്‍റാക്കി, ഞാനായി എന്ന ആ വാചകത്തിലുണ്ട് അന്നത്തെ രാഷ്ട്രീയ ചിന്തയുടെ പോക്ക്. തീപ്പെട്ടി കമ്പനി നടത്തി, അതുപൊട്ടി. ഈ വാചകവും ചിരിക്കുള്ള വക ആയിരുന്നില്ല. ദാവൺഗരെയിൽ പോയി ജീവിതം കരുപ്പിടിപ്പിക്കാൻ നടത്തിയ ശ്രമം, അതു പരാജയപ്പെട്ടതും പറഞ്ഞത് ഇന്നസെന്‍റ് ആയതുകൊണ്ട് എല്ലാവരും ചിരിച്ചു.
തീപ്പെട്ടി കമ്പനിയും പലചരക്കു കടയും സിമന്‍റ് ഏജൻസിയും തകർന്നതാണ് സിനിമയിലേക്കുള്ള വഴി തുറന്നത്. ചെറിയ വേഷങ്ങളുടെ പതിറ്റാണ്ടിനു ശേഷം സിനിമയിലേക്കു സംരംഭകനായി എത്തിയ ഇന്നസെന്‍റ് നിർമിച്ചത് എന്നും ഓർമിക്കപ്പെടുന്ന സിനിമകളായിരുന്നു.
വിട പറയും മുൻപേ, ഇളക്കങ്ങൾ, ഓർമയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക് എന്നീ ചിത്രങ്ങൾ. രണ്ടെണ്ണത്തിന് സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചു. പക്ഷേ, സാമ്പത്തികമായി അവയൊന്നും രക്ഷപെടുത്തിയില്ല. ശത്രു കംപയിൻസ് എന്ന് സിനിമാ കമ്പനിക്ക് പേരിട്ടതിൽ തന്നെയുണ്ടായിരുന്നു ആ ജീവിതച്ചിരി. ആ തോൽവികൾക്കെല്ലാം പിന്നാലെയാണ് നടൻ എന്ന നിലയിൽ നിറഞ്ഞു ജയിച്ചത്.
വർഷം 30 സിനിമകളിൽ വരെ നിറഞ്ഞു നിന്ന കാലം. 18 വർഷം ഏകഛത്രാധിപതിയായി താരസംഘടനയെ നയിച്ച പ്രാമാണിത്തം. ആ കഥാപാത്രങ്ങൾപോലെ ജീവിതഭാഷണവും പൊളിറ്റിക്കൽ കറക്ട്നസ് നിറഞ്ഞുനിന്നത് ആയിരുന്നില്ല . പക്ഷേ, മുഖ്യധാരാ രാഷ്ട്രീയത്തിലെ ഇടതുപക്ഷത്ത് എത്തി ജയിക്കാൻ ഒന്നും തടസ്സമായില്ല. ജയിച്ചപ്പോഴും തോറ്റപ്പോഴും എട്ടിൽ തോറ്റ കഥ പറഞ്ഞു ചിരിച്ചു, ചിരിപ്പിച്ചു. ക്യാൻസർ വന്നപ്പോഴുള്ള ആ ചിരിയിൽ മാത്രം ഉള്ളിലെ ഇരമ്പൽ കൂടി പ്രതിഫലിച്ചു.
Story Highlights: INNOCENT’S LIFE AS SMILE Chirikku Pinnil Autobiography
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here