Advertisement

കോൺഗ്രസ് പ്രതിഷേധത്തെ അടിച്ചൊതുക്കി മോദിയെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം; ​ആരോപണവുമായി വി.ഡി സതീശൻ

March 27, 2023
Google News 3 minutes Read
Rahul Gandhi issue VD Satheesan criticizes Pinarayi Vijayan

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംഘപരിവാറിനും എതിരെ പ്രതിഷേധിക്കുമ്പോൾ കേരള പൊലീസിന് ഇത്രയും ഹാലിളകുന്നത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാന ഭരണ നേതൃത്വത്തിന്റെ അറിവോടെയാണ് പ്രതിഷേധിക്കുന്നവരെ ആക്രമിക്കാൻ പൊലീസ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും പ്രതിഷേധങ്ങളെ അടിച്ചൊതുക്കി മോദിയെയും ബി.ജെ.പിയെയും സന്തോഷിപ്പിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള പിണറായി വിജയൻ ശ്രമിക്കുന്നത്. ( Rahul Gandhi issue; VD Satheesan criticizes Pinarayi Vijayan ).

മോദി സർക്കാർ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കണ്ണൂർ ഡി.സി.സി ഇന്ന് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചത്. ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജും സജീവ് ജോസഫ് എം.എൽ.എയും ഉൾപ്പെടെയുള്ളവരെ പൊലീസ് കൈയ്യേറ്റം ചെയ്തു. അതിനെതിരെ പ്രതിഷേധിച്ച പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രാജ്ഭവൻ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസുകാരുടെ തലയടിച്ച് പൊളിച്ചതും പിണറായിയുടെ പൊലീസാണ്.

Read Also: പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കള്ളക്കേസ്, സഭാ നടപടികളോട് സഹകരിക്കാനാകില്ല; വി.ഡി സതീശൻ നിയമസഭയിൽ

മുഖ്യമന്ത്രിയും മന്ത്രിമാരും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയും രാഹുൽ ഗാന്ധിയെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുമ്പോഴും ബി.ജെ.പി- സംഘപരിവാർ ഭരണകൂടത്തിനെതിരായ പ്രതിഷേധത്തെ ക്രൂരമായാണ് അടിച്ചൊതുക്കുന്നത്. മോദിക്കും സംഘപരിവാറിനും എതിരായ ഒരു പ്രതിഷേധവും കേരളത്തിൽ അനുവദിക്കില്ലെന്ന നിലപാട് മുഖ്യമന്ത്രിയും എൽ.ഡി.എഫ് സർക്കാരും സ്വീകരിക്കുന്നത് എന്തുകൊണ്ടാണ്?

പ്രതിഷേധങ്ങളെയും ചോദ്യങ്ങളെയും ഭയപ്പെടുന്ന മോദിയുടെ അതേ ഫാസിസ്റ്റ് രീതിയാണ് കേരള സർക്കാരും മുഖ്യമന്ത്രിയും പിന്തുടരുന്നത്. കേരള പൊലീസിനെ ഉപയോഗിച്ച് സംഘപരിവാർ കൊട്ടേഷൻ നടപ്പാക്കി പ്രതിഷേധങ്ങളെ അടിച്ചമർത്താമെന്നത് നിങ്ങളുടെ വ്യാമോഹം മാത്രമാണ്. നിങ്ങളുടെ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.

Story Highlights: Rahul Gandhi issue; VD Satheesan criticizes Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here