Advertisement

യൂത്ത് കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം; ഷാഫി പറമ്പില്‍ കസ്റ്റഡിയില്‍

March 27, 2023
Google News 3 minutes Read
Youth Congress protest at Parliament Shafi Parampil in custody

പാര്‍ലമെന്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ അടക്കമുള്ള നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ജന്തര്‍മന്ദറില്‍ നിന്നും പാര്‍ലമെന്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു. പൊലീസ് തടഞ്ഞതോടെ പ്രതിഷേധം സംഘര്‍ഷത്തിലേക്കെത്തി.(Youth Congress protest at Parliament Shafi Parampil in custody)

രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ചാണ് ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഫാന്‍സി നോട്ടുകള്‍ അടങ്ങിയ പെട്ടികള്‍ ഉയര്‍ത്തി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ബാരിക്കേഡ് മറികടന്ന ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരില്‍ വനിതാ പ്രവര്‍ത്തകരുമുണ്ട്.

രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ കടുത്ത പ്രതിഷേധം തുടരുകയാണ് പ്രതിപക്ഷം. ഇന്ന് പാര്‍ലമെന്‍രില്‍ കറുത്ത വസ്ത്രം ധരിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ളവര്‍ പാര്‍ലമെന്റിലെത്തിയത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭാ സ്പീക്കറുടെ ചെയറിന് നേരെ പ്രതിപക്ഷ എംപിമാര്‍ കടലാസുകള്‍ കീറിയെറിഞ്ഞു. ലോക്സഭ ആരംഭിച്ച് സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ പ്രതിഷേധത്തെ തുടര്‍ന്ന് പിരിയുകയായിരുന്നു. സഭയിലെ പ്രതിഷേധത്തിന് ഷേഷം പ്രതിപക്ഷ എംപിമാര്‍ വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. അദാനി വിഷയം അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിക്കണമെന്നാണ് (ജെപിസി)കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്. രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ രാജ്യ വ്യാപകമായി പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസ് നീക്കം.

Read Also: വിചാരണ കഴിഞ്ഞെങ്കില്‍ മഅദനിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിച്ചുകൂടേ?; സുപ്രിംകോടതി

അതേസമയം അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനം തുടരുകയാണ് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ അദാനിക്ക് അനാവശ്യമായ ആനുകൂല്യങ്ങള്‍ നല്‍കുന്നുവെന്ന് രാഹുല്‍ വിമര്‍ശിച്ചു. എല്‍ഐസി, എസ്ബിഐ, ഇപിഎഫ്ഒ എന്നിവയുടെ മൂലധനം അദാനിയുടെ കമ്പനികളില്‍ നിക്ഷേപിക്കുകയാണെന്നും പ്രധാനമന്ത്രി എന്തിനാണ് ഇത്ര ഭയക്കുന്നതെന്നും രാഹുല്‍ ചോദിച്ചു.

Story Highlights: Youth Congress protest at Parliament Shafi Parampil in custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here