‘അമൃത്പാൽ അനുയായികളെ 24 മണിക്കൂറിനകം മോചിപ്പിക്കണം’; പഞ്ചാബ് സർക്കാരിനോട് അകാൽ തഖ്ത്

വാരിസ് പഞ്ചാബ് ദേ തലവൻ അമൃത്പാൽ സിംഗിനെതിരായ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നടപടിയിൽ അതൃപ്തിയുമായി സിഖ് മത ഉന്നത സംഘടനയായ അകാൽ തഖ്ത്. കസ്റ്റഡിയിലെടുത്ത സിഖ് യുവാക്കളെ 24 മണിക്കൂറിനകം വിട്ടയക്കണമെന്ന് അകാൽ തഖ്ത് ഉന്നത നേതാവ് ജിയാനി ഹർപ്രീത് സിംഗ് പഞ്ചാബ് സർക്കാരിനോട് ആവശ്യപ്പെട്ടു.
പഞ്ചാബിലെ സാഹചര്യം ചർച്ച ചെയ്യാനായി വിളിച്ചുചേർത്ത സിഖ് സംഘടനകളുടെ യോഗത്തിലാണ് അകാൽ തഖ്ത് നിലപാട് അറിയിച്ചത്. ഹിന്ദു രാഷ്ട്രം ആവശ്യപ്പെടുന്നവർക്കെതിരെ എന്തുകൊണ്ടു സമാന നടപടിയില്ലെന്ന് അദ്ദേഹം ചോദിച്ചു. ഖലിസ്താനായി വാദിക്കുന്ന അമൃത്പാലിനെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് അറസ്റ്റ് ചെയ്തവർക്കെതിരെ എന്തിന് ദേശീയ സുരക്ഷാ നിയമം ചുമത്തി? കരുതൽ തടങ്കലിൽ എടുത്തവരെ വിട്ടയച്ചില്ലെങ്കിൽ അക്രമാസക്തരാകരുതെന്നും ഹർപ്രീത് സിങ് ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം അന്ത്യശാസനം മാനിച്ചില്ലെങ്കിൽ ഗ്രാമതലത്തിൽ സർക്കാരിന്റെ കുതന്ത്രങ്ങൾ തുറന്നുകാട്ടാൻ അകൽ തഖ്ത് ‘ഖൽസ വാഹിർ’ ആരംഭിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. മാർച്ച് 19 മുതൽ അമൃത്പാൽ തന്റെ ‘ഖൽസ വാഹിർ’ രണ്ടാം പാദം ആരംഭിക്കാനിരിക്കുകയായിരുന്നു. ഈ വാഹിറിനിടെ മതപ്രചാരണത്തിന് പുറമെ ലഹരിവിരുദ്ധ പ്രചാരണവും നടത്തുമെന്ന് ജാഥേദാർ അറിയിച്ചു.
Story Highlights: Free all Amritpal aides in 24 hours: Akal Takht jathedar to Punjab government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here