മാനനഷ്ടക്കേസിൽ ഉദ്ധവ് താക്കറെയ്ക്കും സഞ്ജയ് റാവത്തിനും ഹൈക്കോടതി നോട്ടീസ്

മാനനഷ്ടക്കേസിൽ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും മകനും മുൻ മന്ത്രിയുമായ ആദിത്യ താക്കറെയ്ക്കും ഡൽഹി ഹൈക്കോടതി സമൻസ് അയച്ചു. ശിവസേനയുടെ ഏകനാഥ് ഷിൻഡെ വിഭാഗം എംപി രാഹുൽ രമേഷ് ഷെവാലെ നൽകിയ ഹർജിയിലാണ് നടപടി. ശിവസേന നേതാവ് സഞ്ജയ് റാവുത്തിനും കോടതി സമൻസ് അയച്ചിട്ടുണ്ട്. കേസിൽ ഏപ്രിൽ 17ന് കോടതി വാദം കേൾക്കും.
ഷിൻഡെ വിഭാഗം നേതാവ് രാഹുൽ രമേഷ് ഷെവാലെയെ വിമർശിച്ചുകൊണ്ട് ശിവസേനയുടെ(ഉദ്ധവ് താക്കറെ) മുഖപത്രമായ ‘സാമ്‌ന’യിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഷിൻഡെയും അദ്ദേഹത്തിന്റെ സഹ നേതാക്കളും ശിവസേനയുടെ ‘അമ്പും വില്ലും’ ചിഹ്നം 2,000 കോടി രൂപയ്ക്ക് വാങ്ങിയെന്ന് റാവുത്തും താക്കറെ ക്യാമ്പിലെ മറ്റ് നേതാക്കളും അവകാശപ്പെട്ടിരുന്നത്.
ഈ ലേഖനം തൻ്റെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയെന്നും, ഭാവിയിൽ ഇത്തരം പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് താക്കറെ ക്യാമ്പ് നേതാക്കളെ തടയണമെന്നുമാണ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഷെവാലെ ആവശ്യപ്പെടുന്നത്. രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ പോലൊരു സ്ഥാപനത്തിനെതിരെയാണ് സഞ്ജയ് റാവത്ത് ഉൾപ്പെടെയുള്ളവർ ആരോപണം ഉന്നയിക്കുന്നതെന്ന് ഷെവാലെയുടെ അഭിഭാഷകൻ വാദത്തിനിടെ പറഞ്ഞു.
എന്നാൽ രാഷ്ട്രീയ വിഷയമായതിനാൽ എതിർകക്ഷിയുടെ വാദം കേൾക്കാതെ ഉത്തരവിടില്ലെന്ന് കോടതി അറിയിച്ചു. കൂടാതെ ഇത്തരം അവകാശവാദങ്ങളോട് പ്രതികരിക്കാൻ ഇസിഐക്ക് കഴിയുമെന്നും ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചു.
Story Highlights: Uddhav Thackeray, Sanjay Raut Get High Court Summons In Defamation Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here