ഐസിയുവിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയുവിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ശശീന്ദ്രന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. രണ്ടുദിവസത്തേക്കാണ് ഇയാളെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കഴിഞ്ഞ ദിവസം അന്വേഷണ സംഘം ഇയാളെ ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സംഭവദിവസം ഇയാൾ ഡ്യൂട്ടിയിലുണ്ടായിരുന്നതിൻറെ രേഖകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അന്ന് ഇയാൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ ഉൾപ്പെടെ പൊലീസ് കണ്ടെടുത്തു. (sexual harassment icu custody)
അതേസമയം, ഇന്ന് നഴ്സസ് കൂട്ടായ്മയുടെ പ്രതിഷേധം മെഡിക്കൽ കോളേജിൽ നടക്കും. നഴ്സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയ എൻജിഒ യൂണിയൻ നേതാവിനെതിരെ നടപടിയാവശ്യപ്പെട്ടാണ് മാർച്ച്. ഇരയ്ക്കൊപ്പം നിന്നതിന് എൻജിഒ യൂണിയൻ നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന നഴ്സിംഗ് ഓഫീസറുടെ പരാതി വ്യാജമാണെന്നും നഴ്സിംഗ് ഓഫീസർ അനിത പി ബി കോൺഗ്രസ് അനുകൂല സംഘടനാ നേതാവെന്ന് എൻജിഒ യൂണിയൻ ആരോപിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് മാർച്ച്.
Read Also: കോഴിക്കോട് ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു; ലോറിയിലുണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെട്ടു
ഇതിനിടെ, പീഡനത്തിനിരയായ യുവതിയുടെ പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതികളായ ജീവനക്കാർ ഇപ്പോഴും ഒളിവിലാണ്.
ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച അഞ്ചു ജീവനക്കാരെ സസ്പെൻന്റ് ചെയ്തിരുന്നു. ഒരാളെ പിരിച്ചുവിട്ടു. വിഷയം അന്വേഷിച്ച് കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. തുടർന്നാണ് അന്വേഷണം നടത്തി നടപടി സ്വീകരിച്ചത്.
തൈറോയ്ഡ് ശസ്ത്രക്രിയക്കു ശേഷം ഐ.സി.യു.വിലേക്ക് മാറ്റിയപ്പോൾ അറ്റൻഡർ ശശീന്ദ്രൻ (55) യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നാണ് പരാതി. പരാതി പിൻവലിക്കാൻ തനിക്കുമേൽ സമ്മർദമുണ്ടെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് യുവതി ആശുപത്രി സൂപ്രണ്ടിന് പരാതി നൽകുകയും ചെയ്തിരുന്നു.
യുവതിയുടെ വസ്ത്രങ്ങൾ സ്ഥാനം മാറിക്കിടക്കുന്നതുകണ്ട് അറ്റൻഡറോട് ചോദിച്ചിരുന്നെന്നും യൂറിൻബാഗ് ഉണ്ടോ എന്ന് നോക്കിയതാണെന്ന് പ്രതി മറുപടി നൽകിയെന്നും നഴ്സ് മൊഴിനൽകി. തൈറോയ്ഡ് രോഗിക്ക് യൂറിൻബാഗ് ആവശ്യമില്ലെന്ന് നിങ്ങൾക്ക് അറിയില്ലേയെന്ന് ചോദിച്ച് ശശീന്ദ്രനെ ശകാരിച്ചെന്നും മൊഴിയിലുണ്ട്.
സംഭവദിവസമുണ്ടായിരുന്ന കൂട്ടിരിപ്പുകാരുടെയും യുവതിയുടെ ഭർത്താവിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി ശശീന്ദ്രൻ മുൻപ് ഒരു നഴ്സിനുനേരെ അതിക്രമത്തിന് ശ്രമിച്ചിരുന്നു എന്ന വിവരവും പൊലീസിന് ലഭിച്ചിച്ചിരുന്നു.
Story Highlights: sexual harassment icu culprit custody