Advertisement

എല്ലാ കണ്ണുകളും കർണാടകത്തിലേക്ക്; ഈ തെരഞ്ഞെടുപ്പ് നിർണായകമാകുന്നത് 4 കാരണങ്ങൾ കൊണ്ട്

March 30, 2023
Google News 2 minutes Read
Karnataka Assembly elections 2023 importance

ഇനി എല്ലാ കണ്ണുകളും കർണാടകത്തിലേക്ക്. മെയ് 10ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ മെയ് 13നാണ് വോട്ടെണ്ണൽ. ഇത്തവണ ബിജെപിയും ജെഡിഎസ്-കോൺഗ്രസ് സഖ്യവും തമ്മിലാണ് സംസ്ഥാനത്ത് പോര് നടക്കുക. ( Karnataka Assembly elections 2023 importance )

കർണാടക തെരഞ്ഞെടുപ്പ് നിർണായകമാകാൻ നാല് കാരണങ്ങളുണ്ട് :

  1. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലുള്ള സ്വാധീനം

നിലവിലെ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ സർക്കാരിൽ ബിജെപിക്ക് 119 എംഎൽഎമാരാണ് ഉള്ളത്.

2008 ലാണ് ബിജെപി കർണാടകയിൽ അധികാരത്തിൽ വരുന്നത്. അന്ന് ബി.എസ് യെദ്യൂരപ്പയാണ് ബിജെപിയെ വിജയപദത്തിലെത്തിച്ചത്. തുടർന്ന് 2013 ലും 40 സീറ്റുകളുമായി ഏറ്റവും കൂടുതൽ സീറ്റ് നേടുന്ന ഒറ്റ പാർട്ടിയായി ബിജെപി മാറി. എന്നാൽ ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാൽ കോൺഗ്രസും-ജെഡിഎസും ചേർന്ന് കർണാടകയിൽ സർക്കാർ രൂപീകരിച്ചു.

2018 ലും ബിജെപി കൂടുതൽ സീറ്റുകൾ നേടിയ പാർട്ടിയായെങ്കിലും ഭൂരിപക്ഷം ലഭിക്കാതിരുന്നതുകൊണ്ട് സർക്കാർ രൂപീകരിക്കാൻ സാധിച്ചില്ല. എന്നാൽ ഒരു വർഷത്തിന് ശേഷം 2019 ൽ ജെഡിഎസ്-കോൺഗ്രസ് സഖ്യത്തിൽ വിള്ളൽ വന്ന് മന്ത്രിസഭ വീണപ്പോൾ ബിജെപി സർക്കാർ രൂപീകരിക്കുകയായിരുന്നു.

  1. ജിഡിപിയിലുള്ള സ്വാധീനം

കർണാടക സാമ്പത്തികപരമായി ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ്. കർണാടകയാണ് രാജ്യത്തിന്റെ ജിഡിപിയുടെ 8% പങ്ക് വഹിക്കുന്നത്. ബയോടെക്‌നോളജി, എയറോസ്‌പേസ്, ഐടി, പ്രതിരോധം പോലുള്ള നിർണായക മേഖലകളുടെ തന്ത്രപ്രധാന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നതും കർണാടകയിലാണ്.

Read Also: ഗുജറാത്തിൽ ഉപയോഗിച്ച ഇവിഎമ്മുകൾ ഉപയോഗിക്കരുത്; കർണാടകയിൽ പ്രതിഷേധവുമായി കോൺഗ്രസ്

കെട്ടിട നിർമാണ മേഖലയ്ക്ക് കർണാടകയിൽ വലിയ വ്യവസായ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പറഞ്ഞിരുന്നു. ഹുബ്ബലി, ധർവാഡ്, മൈസൂർ, മംഗലൂരു, സെൻട്രൽ കർണാടക എന്നിവിടങ്ങളിലും ബംഗളൂരുവിന് സമീപത്തുമായി പുതിയ ആറ് ഹൈ-ടെക്ക് നഗരങ്ങളാണ് കർണാടക സർക്കാർ പണി കഴിപ്പിക്കാനിരിക്കുന്നത്.

  1. ടിപ്പു വേഴ്‌സസ് ഹിന്ദുത്വ സിദ്ധാന്തങ്ങൾ

വർഗീയ ധ്രുവീകരണ പ്രചാരണങ്ങൾ എങ്ങനെ ഫലം കാണുന്നു എന്നതിലേക്കും കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വിരൽചൂണ്ടും. ഹിജാബ് വിവാദത്തിൽ മുസ്ലിം സമുദായത്തെ ഉന്നം വച്ചും, നിർബന്ധിത മതപരിവർത്തനത്തിന്റെ പേരിൽ ക്രൈസ്തവരെ പ്രതിക്കൂട്ടിൽ നിർത്തിയും ടിപ്പു സുൽത്താന്റെയും വി.ഡി സവർക്കറുടേയും വിവാദവുമെല്ലാം കർണാടകയിലെ സജീവ ചർച്ചകളാണ്.

കർണാടകയിലെ യഗ്ദിർ ജില്ലയിലെ ടിപ്പു സുൽത്താൻ സർക്കിളിന് സവർക്കറുടെ പേര് നൽകിയത് പ്രദേശത്ത് സംഘർഷങ്ങൾക്ക് വഴിവച്ചിരുന്നു. തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ടിപ്പു സുൽത്താൻ സർക്കിൾ എന്നത് അനൗദ്യോഗിക പേരാണെന്നും സവർക്കർ സർക്കിളെന്ന് പുനർനാമകിരണം ചെയ്യണമെന്നുമായിരുന്നു വലത് പക്ഷത്തിന്റെ ആവശ്യം.

2010 ലാണ് പ്രദേശത്തിന് ടിപ്പു സുൽത്താന്റെ പേര് നൽകിയതെന്നാണ് പ്രോ-ഹിന്ദു വിഭാഗമായ ശിവജി മഹാരാജ് സംഗതൻ പ്രവർത്തകർ പറയുന്നത്. അതുകൊണ്ച് തന്നെ ഈ പേര് മാറ്റി സവർക്കറുടെ പേര് നൽകണമെന്നാണ് ഇവരുടെ ആവശ്യം.

  1. കർണാടകയിലെ കോൺഗ്രസിന്റെ പ്രകടനം

കർണാടക തെരഞ്ഞെടുപ്പ് ഗോദയിൽ പ്രധാനിയാണ് കോൺഗ്രസ്. 1952 ൽ സംസ്ഥാനം ആദ്യമായി തെരഞ്ഞെടുപ്പ് നേരിട്ടപ്പോൾ അധികാരത്തിലേറിയ പാർട്ടിയാണ് കോൺഗ്രസ്.

വർഷങ്ങളായി അധികാരം പിടിച്ചുപോന്ന കോൺഗ്രസിന് എന്നാൽ 2008 ൽ അടിപതറി. 224 അസംബ്ലി സീറ്റുകളിൽ 80 സീറ്റ് മാത്രമേ കോൺഗ്രസിന് നേടാൻ സാധിച്ചുള്ളു. എന്നാൽ 2013 ൽ പൂർവാധികം ശക്തിയോടെ കോൺഗ്രസ് 122 സീറ്റുകളുമായി അധികാരം കൈയടക്കി. ജെഡിഎസുമായി ചേർന്നായിരുന്നു സർക്കാർ രൂപീകരണം. എന്നാൽ 2019 ൽ ഈ സഖ്യം തകർന്നു.

നിലവിലെ ചിത്രം

ദക്ഷിണേന്ത്യയിൽ കർണ്ണാടകം ബിജെപിക്കും കോൺഗ്രസിനും അഭിമാന വിഷയമാണ്. ആകെയുള്ള 224ൽ ബിജെപിക്ക് 118, കോൺഗ്രസിന്- 72, ജെഡിഎസിന്- 32 എന്നിങ്ങനെയാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ കക്ഷിനില. ജാതിസമുദായ സമവാക്യങ്ങൾ നിർണായകമായ സംസ്ഥാനം ഒറ്റഘട്ടമായി ഇത്തവണയും വിധിയെഴുതും. മെയ് 10നാണ് തെരഞ്ഞെടുപ്പ്.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക മാർച്ച് 25ന് പ്രഖ്യാപിച്ചു. പി സി അധ്യക്ഷൻ ഡി. കെ ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരടക്കം 124 സ്ഥാനാർത്ഥികളെയാണ് ആദ്യഘട്ടത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ചത്. ഡി.കെ ശിവകുമാർ കനകപുരയിലും,സിദ്ധരാമയ്യ വരുണയിലും മത്സരിക്കും. കർണാടക തെരഞ്ഞെടുപ്പിൽ ജെഡിഎസിനു വേണ്ടി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രചാരണത്തിന് എത്തും.

Story Highlights: Karnataka Assembly elections 2023 importance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here