കൊല്ലം ചടയമംഗലത്ത് 52 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

കൊല്ലം ചടയമംഗലത്ത് 52 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ. കാറിലെ വിവിധ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കൊല്ലം റൂറൽ പോലീസിന്റ ഡാൻസാഫ് ടീമും ചടയമംഗലം പോലീസും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്. ( chadayamangalam 52 kilogram ganja seized )
ഇന്നലെ രാത്രി 12 മണിയോടുകൂടി നിലമേൽ വെച്ചാണ് കാറിൽ കടത്തിക്കൊണ്ടുവന്ന 52 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിലാകുന്നത്.ചിതറ സ്വദേശി ഫെബിമോൻ,നെയ്യാറ്റിൻകര സ്വദേശി ഷൈൻ എന്നിവരാണ് പൊലീസ് പിടിയിലായത് .അറസ്റ്റിലായ ഫെബിമോൻ മുൻപ് 80 കിലോ കഞ്ചാവുമായി ചാത്തന്നൂർ പോലീസിന്റ പിടിയിലായിട്ടുണ്ട് . ഒറീസ്സയിൽ നിന്നുമാണ് കഞ്ചാവ് കടത്തി കൊണ്ടുവന്നതെന്നുള്ളപ്രാഥമിക നിഗമനത്തിലാണ് പോലീസ്. കഞ്ചാവ് കടത്തികൊണ്ടുവന്ന വാഹനത്തിൽ നിന്നും ഒറീസ്സയിലെയും ബംഗാളിലെയും വാഹനങ്ങളുടെ വ്യാജ നമ്പർ പ്ലേറ്റുകളും പോലീസ് കണ്ടെടുത്തു.
എംസി റോഡ് വഴി കാറിൽ കഞ്ചാവ് കടത്തി കൊണ്ടുവരുന്നതായിട്ടുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ ഡാൻസാഫ് ടീം തിരുവനന്തപുരം ജില്ലമുതൽ വാഹനത്തെ പിന്തുടർന്നു വന്ന് ചടയമംഗലം പോലീസിന്റെ സഹായത്താൽ നിലമേലിൽ വച്ചു പിടികൂടുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 52 കിലോ കഞ്ചാവ് കണ്ടെത്തുന്നത്. ചടയമംഗലം പോലീസ് പ്രതികളെ കസ്റ്റഡിയിൽ എടുത്തു .
Story Highlights: chadayamangalam 52 kilogram ganja seized
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here